യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം 9.0: ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂളിന് സംസ്ഥാനതലത്തിൽ ഇരട്ട അംഗീകാരം

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ വിഭാഗത്തിൽ സ്റ്റേറ്റ് ചാമ്പ്യൻ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡും മികച്ച ഫെസിലിറ്റേറ്റർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി

ബാലുശ്ശേരി: കേരള സർക്കാരിന്റെ കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ (യിപ്പ് 9.0) ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ സംസ്ഥാനതലത്തിൽ ഇരട്ട അംഗീകാരങ്ങൾ കരസ്ഥമാക്കി. സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളുടെ വിഭാഗത്തിൽ സ്റ്റേറ്റ് ചാമ്പ്യൻ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡും സ്റ്റേറ്റ് ചാമ്പ്യൻ ഫെസിലിറ്റേറ്റർ പുരസ്കാരവുമാണ് സ്കൂളിന് ലഭിച്ചത്.

എറണാകുളം കളമശ്ശേരിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പുരസ്കാരങ്ങൾ സമ്മാനിച്ചു. മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.എം. റഷീദ് സഖാഫി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

ചടങ്ങിൽ മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് അക്കാദമിക് ഡയറക്ടർ മുഹമ്മദ് ഷാഫി, ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ അബ്ദു റസാഖ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അസ്‌ലം അഹ്സനി, മെന്റർ എൽഡോ ഭാസ്കർ എന്നിവർ സംബന്ധിച്ചു. യിപ്പ് ഡയറക്ടർമാർ, ഗവേഷകർ, അക്കാദമിക വിദഗ്ധർ, സ്റ്റാർട്ടപ്പ് സംരംഭകർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിദ്യാർത്ഥികളിലെ നൂതന ആശയങ്ങൾ കണ്ടെത്തി പരിപോഷിപ്പിക്കുക, സർഗാത്മകവും വിമർശനാത്മകവുമായ ചിന്തകൾ വളർത്തുക, പ്രശ്നപരിഹാര ശേഷിയും സംരംഭക മനോഭാവവും വികസിപ്പിക്കുക, ആശയങ്ങളെ പ്രായോഗിക മാതൃകകളാക്കി മാറ്റാൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ മേഖലകളിൽ സ്കൂൾ നടത്തുന്ന നിരന്തര പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ ഇരട്ട നേട്ടം.

അക്കാദമിക മികവിനൊപ്പം ഗവേഷണം, നവീകരണം, പ്രായോഗിക പഠനം എന്നിവയ്ക്ക് പ്രാധാന്യം നൽകി വിദ്യാർഥികളെ ഭാവിയിലെ ഉത്തരവാദിത്തമുള്ള പൗരരാക്കി വളർത്തിയെടുക്കാനുള്ള മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ വിദ്യാഭ്യാസ ദർശനത്തിന് ഈ സംസ്ഥാനതല അംഗീകാരം കൂടുതൽ കരുത്തേകും. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികൾ, സ്കൂൾ മേധാവികൾ, അധ്യാപക-അനധ്യാപക ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവരെ മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഡയറക്ടറേറ്റ് അഭിനന്ദിച്ചു.

ഫോട്ടോ: കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂളിന് ലഭിച്ച പുരസ്കാരങ്ങൾ മന്ത്രി റോജി എം. ജോണിൽ നിന്ന് മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി.ഇ.ഒ. വി.എം. റഷീദ് സഖാഫി ഏറ്റുവാങ്ങുന്നു.

Leave a Comment

More News