തലവടി: ദൈവാലയത്തെ സ്വന്തം ഭവനം പോലെ സ്നേഹിച്ച, വിശ്വാസത്തെ ജീവിതത്തിന്റെ വഴികാട്ടിയാക്കിയ, ദൈവത്തിന്റെ ആലയത്തിനും സമൂഹത്തിനും വേണ്ടി നിസ്വാർത്ഥമായി സമയം മാറ്റിവെച്ച തലവടി ആനപ്രമ്പാൽ തെക്ക് കടിയന്ത്രയിൽ ജോർജ്ജ് തോമസ്സിന്റെ (ജോർജ്ജുകുട്ടി 72 ) ഭൗതിക ശരീരം ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിന്റെ കവാടത്തിൽ എത്തിച്ചപ്പോൾ വീണ്ടും ദൈവാലയത്തിന്റെ മണിനാദം മുഴങ്ങി. മൂന്ന് പതിറ്റാണ്ടായി ദൈവാലയത്തിന്റെ കൈക്കാരനായിരുന്നു ജോർജ്ജ് തോമസ്.
ദൈവാലയത്തിന്റെ മണിനാദവും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ദൈവാലയത്തോടുള്ള സ്നേഹവും വിശ്വാസത്തോടുള്ള സമർപ്പണവും എന്നും വരും തലമുറയ്ക്ക് ഒരു മാതൃകയാണ്. ഇനി ദൈവാലയ മുറ്റത്ത് ജോർജ്ജ് തോമസ്സിന്റെ സാന്നിധ്യമുണ്ടാകില്ല, പരിചിതമായ ആ പുഞ്ചിരി കാണാനാകി ല്ല, സ്നേഹത്തോടെ വിളിക്കുന്ന ആ ശബ്ദം കേൾക്കാനാകില്ല… എങ്കിലും, അദ്ദേഹം പകർന്ന സ്നേഹവും നന്മയും വിശ്വാസവും എന്നും ഹൃദയങ്ങളിൽ ജീവിക്കും. സ്നേഹത്തിന്റെ അടയാളങ്ങൾ ഇവിടെ എന്നും നിലനിൽക്കും.
ജോർജ്ജ് തോമസ്സിന്റെ മൃതദേഹം രാവിലെ 8ന് ഭവനത്തിലെത്തിച്ചപ്പോൾ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വ്യക്തികളാണ് ഒരു നോക്ക് കാണാൻ കാത്ത് നിന്നത്. സഭാ വിഭാഗ വ്യത്യാസമില്ലാതെ വൈദികരും ശുശ്രൂഷകരും ഭവന ത്തിലെത്തി അനുശോചനമറിയിച്ചു.
ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ഇടവക വികാരി റവ സോജി വർഗ്ഗീസ് ജോൺ, മുൻ വികാരി റവ മാത്യൂ പി. ജോർജ്ജ് എന്നിവർ നേതൃത്വം നല്കി. ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിലെ സംസ്ക്കാര ശുശ്രൂഷകള്‍ക്ക് സി.എസ്.ഐ സഭാ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നേതൃത്വം നല്കി. തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഇടവക വികാരി റവ സിജോ വർഗ്ഗീസ് ജോൺ, ഇടവക മുൻ വികാരി അലക്സ് പി ഉമ്മൻ, ശുശ്രൂഷകൻ സിജി മാത്യു എന്നിവര്‍ സഹകാർമ്മികത്വം വഹിച്ചു.
വിലാപ യാത്രയായി മൃതദേഹം സെമിത്തേരിയില്‍ എത്തിച്ച് ഉയർപ്പിന്റെ പൊൻപുലരിയിൽ വീണ്ടും കാണാം എന്നുള്ള പ്രത്യാശയോടെ യാത്രയാക്കി.
