ജനത്തിരക്കുള്ള കേന്ദ്രങ്ങളിലേക്ക് ‘സപ്ലൈകോ ഗോ’; ആദ്യ കൺവീനിയൻസ് സ്റ്റോർ വൈറ്റില ഹബ്ബിൽ തുറന്നു

  • എറണാകുളം നഗരത്തിൽ ആറോളം സ്റ്റോറുകൾ; വിമാനത്താവളത്തിലും ഇൻഫോപാർക്കിലും പുതിയ കേന്ദ്രങ്ങൾ
  • കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ശൃംഖല വ്യാപിപ്പിക്കും; യാത്രക്കാർക്ക് ഭക്ഷ്യവസ്തുക്കൾ മുതൽ ദൈനംദിന ആവശ്യസാധനങ്ങൾ വരെ ഒരിടത്ത്

കൊച്ചി: ജനത്തിരക്കേറിയ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും അവശ്യസാധനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സപ്ലൈകോ ആരംഭിക്കുന്ന പുതിയ കൺവീനിയൻസ് സ്റ്റോർ ശൃംഖലയായ ‘സപ്ലൈകോ ഗോ’ പ്രവർത്തനമാരംഭിച്ചു. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സ്റ്റോർ വൈറ്റില മൊബിലിറ്റി ഹബ്ബിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു.

മാറുന്ന ഉപഭോക്തൃ ശീലങ്ങളും ജീവിതരീതികളും പരിഗണിച്ച് സപ്ലൈകോയുടെ ചില്ലറ വ്യാപാര സംവിധാനത്തെ കൂടുതൽ ആധുനികവും ഉപഭോക്തൃസൗഹൃദവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ‘സപ്ലൈകോ ഗോ’യെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗത വിൽപ്പനശാലകൾക്കൊപ്പം ജനങ്ങൾ കൂടുതലായി എത്തുന്ന യാത്രാ-തൊഴിൽ കേന്ദ്രങ്ങളിൽ ചെറിയതും സൗകര്യപ്രദവുമായ കൺവീനിയൻസ് സ്റ്റോറുകൾ സ്ഥാപിക്കുന്ന പുതിയ മാതൃകയാണ് സപ്ലൈകോ സ്വീകരിക്കുന്നത്.

ഒറ്റപ്പെട്ട സ്റ്റോറുകളെന്നതിലുപരി ക്ലസ്റ്റർ മാതൃകയിലാണ് ‘സപ്ലൈകോ ഗോ’ പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ എറണാകുളം നഗരത്തിലെ പ്രധാന ജനത്തിരക്കുള്ള മേഖലകളിൽ ആറോളം സപ്ലൈകോ ഗോ സ്റ്റോറുകൾ ആരംഭിക്കാനാണ് പദ്ധതി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഇൻഫോപാർക്ക് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലും ഇത്തരം സ്റ്റോറുകൾ തുറക്കാൻ നടപടിയെടുക്കും. തുടർന്ന് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ഉത്സവകാലങ്ങളിൽ മാത്രം വിപണിയിൽ ഇടപെടുന്ന സ്ഥാപനമെന്ന നിലയിൽ സപ്ലൈകോയുടെ പ്രവർത്തനം പരിമിതപ്പെടുന്നില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമായി ഭക്ഷ്യവകുപ്പും സപ്ലൈകോയും നിരന്തര ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ സൗകര്യപ്രദമായി ലഭ്യമാക്കുന്നതിനൊപ്പം വിപണിയിൽ സർക്കാരിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുകയെന്നതും പുതിയ പദ്ധതിയുടെ ലക്ഷ്യമാണ്.

സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൈറ്റിലയിലെ ആദ്യ ‘സപ്ലൈകോ ഗോ’ സ്റ്റോർ യാഥാർഥ്യമാക്കിയത്. വൈറ്റില മൊബിലിറ്റി ഹബ്ബിലെ ബസ് ബേയ്ക്ക് സമീപമാണ് സ്റ്റോർ പ്രവർത്തിക്കുന്നത്. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന ഹബ്ബിൽ അവരുടെ അടിയന്തര ആവശ്യങ്ങൾ മുൻനിർത്തിയാണ് ഉത്പന്നങ്ങളുടെ ശ്രേണി ക്രമീകരിച്ചിരിക്കുന്നത്.

യാത്രയ്ക്കിടെ ആവശ്യമായി വരുന്ന വിവിധ ഭക്ഷ്യോത്പന്നങ്ങൾ, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, വ്യക്തിഗത ഉപയോഗത്തിനുള്ള അവശ്യവസ്തുക്കൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാകും. വലിയ സൂപ്പർമാർക്കറ്റുകളിലേക്ക് പോകാതെ തന്നെ യാത്രക്കാർക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും ആവശ്യമായ സാധനങ്ങൾ വേഗത്തിൽ വാങ്ങാൻ കഴിയുന്ന രീതിയിലാണ് സ്റ്റോർ സജ്ജീകരിച്ചിരിക്കുന്നത്.

ഉദ്ഘാടനച്ചടങ്ങിൽ ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷനായി. പൊതുവിപണിയിലെ വിലക്കയറ്റത്തിനെതിരെ സർക്കാർ നടത്തുന്ന ഇടപെടലുകളിൽ സപ്ലൈകോ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വിപണന മാതൃകകൾ സ്വീകരിക്കുന്നതിലൂടെ സപ്ലൈകോയുടെ സേവനം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സപ്ലൈകോ മാനേജിങ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, ജനറൽ മാനേജർ എം.യു. ബിജു, നഗരസഭ കൗൺസിലർ വി.പി. ചന്ദ്രൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ഹംസ മൂലയിൽ, ഇ.എം. മൈക്കിൾ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

ജനത്തിരക്കേറിയ യാത്രാ കേന്ദ്രങ്ങൾ, തൊഴിൽ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് ‘സപ്ലൈകോ ഗോ’ ശൃംഖല വ്യാപിപ്പിക്കുന്നതോടെ സപ്ലൈകോയുടെ ചില്ലറവ്യാപാര രംഗത്ത് പുതിയൊരു മാതൃകയ്ക്കാണ് തുടക്കമാകുന്നത്.

Leave a Comment

More News