കുവൈത്തിൽ നായ്ക്കളെ വളർത്തുന്നവർക്ക് പുതിയ കർശന നിയമങ്ങൾ; ലംഘിച്ചാൽ തടവും പിഴയും

കുവൈത്ത്: കുവൈത്തിൽ നായ്ക്കളെ വളർത്തുന്നവർക്ക് പുതിയ കർശന നിയമങ്ങൾ ഏർപ്പെടുത്തി. പൊതുസുരക്ഷയും ശുചിത്വവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നായ്ക്കളെ വളർത്തുന്നതും പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ചാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

ജനവാസ മേഖലകളിലും പൊതുസ്ഥലങ്ങളിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മൃഗങ്ങളുടെ ക്ഷേമം സംരക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ കുവൈത്തിൽ നായ്ക്കളെ വളർത്തുന്നവർ നിർബന്ധമായും ചില കർശന നിബന്ധനകൾ പാലിക്കേണ്ടിവരും.

പുതിയ നിയമങ്ങൾ അനുസരിച്ച്, നായ്ക്കളെ വളർത്തുന്ന ഓരോ വ്യക്തിക്കും ഔദ്യോഗിക ഉടമസ്ഥാവകാശ ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ, ഓരോ നായയുടെയും കഴുത്തിൽ പ്രത്യേക തിരിച്ചറിയൽ നമ്പർ (ഐഡി നമ്പർ) രേഖപ്പെടുത്തിയ ലോഹ ടാഗോടുകൂടിയ കോളർ ധരിപ്പിക്കണം. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിലും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ നായ്ക്കളെയും അംഗീകൃത വെറ്ററിനറി കേന്ദ്രങ്ങളിൽ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കണം. പേവിഷബാധ തടയുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പും വർഷംതോറുമുള്ള ബൂസ്റ്റർ ഡോസും നിർബന്ധമായും നൽകണം.

പൊതുസുരക്ഷ മുൻനിർത്തി നായ്ക്കളെ റോഡുകളിലൂടെയോ നടപ്പാതകളിലൂടെയോ കൊണ്ടുപോകുമ്പോൾ നിർബന്ധമായും കെട്ടുകയറും വായ്മൂടിയും ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ഏതെങ്കിലും നായയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻതന്നെ വെറ്ററിനറി കേന്ദ്രത്തെ വിവരം അറിയിക്കണം. ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങൾ, പ്രത്യേകിച്ച് പേവിഷബാധയേറ്റ നായ്ക്കളുടെ ജഡങ്ങൾ, അനുചിതമായ രീതിയിൽ സംസ്കരിക്കുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്.

പുതിയ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമങ്ങൾ പാലിക്കാത്ത നായ ഉടമകൾക്ക് ഒരു മാസം വരെ തടവോ 30 കുവൈത്ത് ദിനാറിൽ കൂടുതലുള്ള പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിച്ചേക്കാം. വളർത്തുമൃഗങ്ങളുടെ ഉടമകൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഭരണപരവും വെറ്ററിനറി സംബന്ധവുമായ എല്ലാ നിബന്ധനകളും കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

Leave a Comment

More News