യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് ചരിത്രനേട്ടം; കോൺഗ്രസിലേക്ക് കുറഞ്ഞത് ഏഴ് മുസ്ലീം പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടു

വാഷിംഗ്ടൺ: അമേരിക്കയിൽ ചൊവ്വാഴ്ച നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ മുസ്ലീം അമേരിക്കൻ സമൂഹത്തിന് ചരിത്രപരമായ നേട്ടം. യുഎസ് കോൺഗ്രസിന്റെ ഇരുസഭകളിലുമായി കുറഞ്ഞത് ഏഴ് മുസ്ലീം സ്ഥാനാർത്ഥികൾ വിജയിച്ചതായാണ് റിപ്പോർട്ടുകൾ. സെനറ്റിലേക്കുള്ള ആദ്യ മുസ്ലീം പ്രതിനിധിയുടെ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ മുസ്ലീം അംഗങ്ങളുടെ വിജയവും അമേരിക്കൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ മാറ്റങ്ങളായി വിലയിരുത്തപ്പെടുന്നു.

പൗരാവകാശ സംരക്ഷണം, എല്ലാവർക്കും ആരോഗ്യപരിരക്ഷ, കുടിയേറ്റ പരിഷ്കരണം, സാമ്പത്തിക നീതി, വിദേശനയത്തിലെ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗാസയിലെ യുദ്ധവും പലസ്തീൻ ജനതയുടെ അവകാശങ്ങളും ഇസ്രായേലിനുള്ള അമേരിക്കൻ സൈനിക സഹായവും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന ചർച്ചാവിഷയങ്ങളായി.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് ലഭിച്ച നേട്ടങ്ങൾ വാഷിംഗ്ടണിലെ രാഷ്ട്രീയ അധികാരസന്തുലിതാവസ്ഥയിലും നിർണായക സ്വാധീനം ചെലുത്തുന്നതാണ്.

അബ്ദുല്‍ റഹ്‌മാന്‍ മുഹമ്മദ് സയ്യിദ് – മിഷിഗൺ

മിഷിഗണിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ കോൺഗ്രസ് അംഗവുമായ മൈക്ക് റോജേഴ്‌സിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി  അബ്ദുള്‍ എല്‍-സയ്യിദ് എന്നറിയപ്പെടുന്ന അബ്ദുല്‍‌റഹ്‌മാന്‍ മുഹമ്മദ് സയ്യിദ് ചരിത്രവിജയം നേടി.  ഇതോടെ യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലീം എന്ന നേട്ടമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

42 വയസ്സുകാരനായ അബ്ദുള്‍ എല്‍-സയ്യിദ് ഡോക്ടറും പൊതുജനാരോഗ്യരംഗത്തെ മുൻ ഉന്നത ഉദ്യോഗസ്ഥനുമാണ്. വിരമിക്കുന്ന ഡെമോക്രാറ്റിക് സെനറ്റർ ഗാരി പീറ്റേഴ്‌സ് ഒഴിയുന്ന സീറ്റിലേക്കായിരുന്നു മത്സരം.

ഇസ്രായേലിന് അമേരിക്ക ഉപാധികളില്ലാതെ ആയുധങ്ങൾ നൽകുന്നതിനെ ശക്തമായി വിമർശിച്ച എൽ-സയ്യിദ്, ഗാസയിലെ ഇസ്രായേൽ സൈനിക നടപടികളെ വംശഹത്യയായി വിശേഷിപ്പിച്ചിരുന്നു. ആരോഗ്യപരിരക്ഷാ പരിഷ്കരണവും സാമ്പത്തിക അസമത്വം കുറയ്ക്കുന്നതും അദ്ദേഹത്തിന്റെ പ്രചാരണത്തിലെ പ്രധാന വിഷയങ്ങളായിരുന്നു.

റിപ്പബ്ലിക്കൻ നേതൃത്വത്തിന്റെയും പ്രസിഡന്റ് ട്രംപിന്റെയും രൂക്ഷമായ വിമർശനങ്ങൾ നേരിട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിലാണ് വിജയം. ഡെമോക്രാറ്റിക് പ്രൈമറിയിലെ മുൻ എതിരാളിയായ ഹാലി സ്റ്റീവൻസ് പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റോജേഴ്‌സിനെ പിന്തുണച്ചതും വിവാദമായി.

ആദം ഹമാവി — ന്യൂജേഴ്‌സി

ന്യൂജേഴ്‌സിയിലെ 12-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്രെഗ് മെലെയെ പരാജയപ്പെടുത്തി ഡെമോക്രാറ്റ് ആദം ഹമാവി വിജയിച്ചു.  ഇതോടെ ന്യൂജേഴ്‌സിയിൽനിന്ന് യുഎസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലീം പ്രതിനിധിയെന്ന ചരിത്രനേട്ടമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

56 വയസ്സുകാരനായ ഹമാവി പ്ലാസ്റ്റിക് സർജനാണ്. അമേരിക്കൻ സൈന്യത്തിൽ യുദ്ധമേഖലയിലെ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനിക ഉദ്യോഗസ്ഥനുമാണ്. 2024-ൽ ഗാസയിലെ യൂറോപ്യൻ ആശുപത്രിയിൽ സന്നദ്ധ ഡോക്ടറായി പ്രവർത്തിച്ച അനുഭവം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിച്ചിട്ടുണ്ട്.

എല്ലാവർക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന മെഡികെയർ സംവിധാനം, ചികിത്സാ-വിദ്യാഭ്യാസ കടബാധ്യതകളിൽ ഇളവ്, കുടിയേറ്റ നിയമപരിഷ്കരണം, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഏജൻസി (ICE) പിരിച്ചുവിടൽ, ഇസ്രായേലിനുള്ള അമേരിക്കൻ സൈനിക സഹായം അവസാനിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രചാരണം.

ഡാരിയലിസ അവില ഷെവലിയർ — ന്യൂയോർക്ക്

ന്യൂയോർക്കിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഡാരിയലിസ അവില ഷെവലിയർ പ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജൂണിൽ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ ദീർഘകാല കോൺഗ്രസ് അംഗമായ അഡ്രിയാനോ എസ്പൈലറ്റിനെ പരാജയപ്പെടുത്തിയതോടെയാണ് ഷെവലിയർ ദേശീയ ശ്രദ്ധ നേടിയത്. പൊതുതിരഞ്ഞെടുപ്പിൽ 85 ശതമാനത്തിലധികം വോട്ടുകൾ നേടി.

പൗരാവകാശ അന്വേഷണരംഗത്ത് പ്രവർത്തിച്ചിട്ടുള്ള ഷെവലിയർ ഡോക്ടറൽ ഗവേഷകയും ഇസ്ലാം മതം സ്വീകരിച്ച വ്യക്തിയുമാണ്. സാമൂഹിക നീതി, പലസ്തീൻ ജനതയുടെ അവകാശങ്ങൾ, പ്രാദേശിക സമൂഹങ്ങളുടെ ശാക്തീകരണം എന്നിവയ്ക്ക് മുൻഗണന നൽകിയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം.

പുതിയ സ്ഥാനാർത്ഥികളുടെ വിജയത്തിനൊപ്പം പ്രതിനിധിസഭയിലെ നാല് മുസ്ലീം അംഗങ്ങളും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ അമേരിക്കൻ കോൺഗ്രസിൽ മുസ്ലീം സമൂഹത്തിന്റെ പ്രാതിനിധ്യം കൂടുതൽ ശക്തമാകുകയാണ്.

റാഷിദ ത്ലൈബ് — മിഷിഗൺ

മിഷിഗണിലെ 12-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജെയിംസ് ഹൂപ്പറിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് അംഗം റാഷിദ ത്ലൈബ് അഞ്ചാം തവണയും വിജയിച്ചു. പലസ്തീൻ വംശജയായ അമേരിക്കൻ രാഷ്ട്രീയ നേതാവായ ത്ലൈബ്, കോൺഗ്രസിലെ പലസ്തീൻ-അമേരിക്കൻ സമൂഹത്തിന്റെ പ്രധാന ശബ്ദമാണ്.

ഗാസയിലെ സാധാരണക്കാരുടെ സംരക്ഷണം, പലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശം, ഇസ്രായേലിനുള്ള അമേരിക്കൻ ആയുധവിതരണത്തിൽ നിയന്ത്രണം എന്നിവയ്ക്കുവേണ്ടി അവർ ശക്തമായി നിലകൊണ്ടിട്ടുണ്ട്.

ഇൽഹാൻ ഒമർ — മിനസോട്ട

മിനസോട്ടയിലെ അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ ഡെമോക്രാറ്റിക് അംഗം ഇൽഹാൻ ഒമർ അഞ്ചാം തവണയും വിജയിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ നാഗലിനെയും സ്വതന്ത്ര സ്ഥാനാർത്ഥി ഡെവെല്ലെ ജാക്‌സണെയും പരാജയപ്പെടുത്തിയാണ് വിജയം. സൊമാലിയയിൽ ജനിച്ച ഒമർ പന്ത്രണ്ടാം വയസ്സിലാണ് അമേരിക്കയിലെത്തിയത്. 2019-ൽ കോൺഗ്രസ് അംഗമായി അധികാരമേറ്റ അവർ രാജ്യത്തെ ആദ്യ സൊമാലി-അമേരിക്കൻ ഫെഡറൽ നിയമനിർമ്മാതാവെന്ന ചരിത്രം സൃഷ്ടിച്ചു.

കുടിയേറ്റക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾക്കൊപ്പം ഗാസയിലെ മാനുഷിക പ്രതിസന്ധിയിലും അവർ ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. ഇസ്രായേലിനുള്ള അമേരിക്കൻ ആയുധവിതരണത്തിൽ കൂടുതൽ മേൽനോട്ടവും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്ന ആവശ്യവും ഉയർത്തിയിട്ടുണ്ട്.

ആൻഡ്രെ കാർസൺ — ഇന്ത്യാന

ഇന്ത്യാനയിലെ ഏഴാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ ഡെമോക്രാറ്റിക് അംഗം ആൻഡ്രെ കാർസൺ വീണ്ടും വിജയിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി പാട്രിക് മക്ഓലിയെയും ലിബർട്ടേറിയൻ സ്ഥാനാർത്ഥി ജെയിംസ് സ്കീനിയാക്കിനെയും പരാജയപ്പെടുത്തിയാണ് സീറ്റ് നിലനിർത്തിയത്. 2008 മുതൽ പ്രതിനിധിസഭയിൽ സേവനമനുഷ്ഠിക്കുന്ന കാർസൺ, കോൺഗ്രസിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച മുസ്ലീം അംഗമാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ സംരക്ഷണം, മനുഷ്യാവകാശങ്ങൾ, മതസൗഹാർദം, മാനുഷിക സഹായം തുടങ്ങിയ വിഷയങ്ങൾക്ക് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.

ലത്തീഫ സൈമൺ — കാലിഫോർണിയ

കാലിഫോർണിയയിലെ ഈസ്റ്റ് ബേ മേഖലയിലുള്ള 12-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ ഡെമോക്രാറ്റിക് അംഗം ലത്തീഫ സൈമൺ വീണ്ടും വിജയിച്ചു. സഹ ഡെമോക്രാറ്റായ ജാമി ജോയ്‌സിനെ പരാജയപ്പെടുത്തിയാണ് വിജയം. സാമൂഹിക നീതിക്കും പൗരാവകാശങ്ങൾക്കും വേണ്ടി ദീർഘകാലമായി പ്രവർത്തിക്കുന്ന സൈമൺ, അമേരിക്കയുടെ ആക്രമണാത്മക ആയുധവിതരണ നയങ്ങളെ വിമർശിച്ചിട്ടുണ്ട്.

കാലിഫോർണിയയിൽ ഐഷ വഹാബിനും മുന്നേറ്റം

അതേസമയം, കാലിഫോർണിയയിലെ പ്രത്യേക കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മുസ്ലീം സ്ഥാനാർത്ഥിയായ ഐഷ വഹാബ് ആദ്യഘട്ട വോട്ടെണ്ണലിൽ മുന്നിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. അന്തിമഫലം പുറത്തുവരുന്നതോടെ മുസ്ലീം പ്രതിനിധികളുടെ എണ്ണത്തിൽ കൂടുതൽ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

മുസ്ലീം അമേരിക്കൻ സമൂഹത്തിന്റെ രാഷ്ട്രീയ പങ്കാളിത്തത്തിൽ നിർണായക മുന്നേറ്റമായാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തപ്പെടുന്നത്. ആരോഗ്യപരിരക്ഷയും സാമ്പത്തിക നീതിയും മുതൽ കുടിയേറ്റാവകാശങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രശ്നങ്ങളും വരെ നിരവധി വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് സ്ഥാനാർത്ഥികൾ വോട്ടർമാരുടെ പിന്തുണ തേടിയത്.

പ്രത്യേകിച്ച് ഗാസയിലെ സംഘർഷവും ഇസ്രായേലിനുള്ള അമേരിക്കൻ സൈനിക സഹായവും സംബന്ധിച്ച നിലപാടുകൾ പുതിയ തലമുറയിലെ രാഷ്ട്രീയ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധേയമായി.

യുഎസ് കോൺഗ്രസിൽ മുസ്ലീം അംഗങ്ങളുടെ പ്രാതിനിധ്യം വർധിക്കുന്നത് അമേരിക്കൻ രാഷ്ട്രീയത്തിലെ സാമൂഹിക വൈവിധ്യത്തിന്റെയും ന്യൂനപക്ഷ സമൂഹങ്ങളുടെ ഉയർന്നുവരുന്ന രാഷ്ട്രീയ സ്വാധീനത്തിന്റെയും സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Comment

More News