തിരുവനന്തപുരം: തലസ്ഥാനത്തെ ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോ ഹൈദരാബാദിലെ രമോജി റാവു ഫിലിം സിറ്റി മാതൃകയിൽ വികസിപ്പിച്ച്, ചലച്ചിത്ര പ്രവർത്തനങ്ങളിലൂടെയും ടൂറിസം സാധ്യതയിലൂടെയും കോടികളുടെ വരുമാനമുണ്ടാക്കാവുന്ന തരത്തിൽ പദ്ധതികൾ ആവിഷ്ക്കരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.
മലയാള ചലച്ചിത്രത്തിന്റെ പിതാവായ ജെ.സി. ഡാനിയേലിന്റെ പേരിൽ 100 കോടി മുടക്കി എറണാകുളത്ത് പുതിയ ഫിലിം സിറ്റി സ്ഥാപിക്കാനുള്ള പദ്ധതി സ്വാഗതാർഹമാണ്. എന്നാൽ നിലവിലെ ചിത്രജ്ഞലി സ്റ്റുഡിയോയെ അവഗണിക്കുന്നതാവരുത് ആ തീരുമാനം. തലസ്ഥാന നഗരിയിൽ 80 ഏക്കറോളം വരുന്ന പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ചിത്രാഞ്ജലി സ്റ്റുഡിയോ, ‘രമോജി റാവു ഫിലിം സിറ്റി’ മാതൃകയിൽ വികസിപ്പിക്കാവുന്നതാണ്. തലസ്ഥാനനഗരി എന്നതോടൊപ്പം റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, തുറമുഖം എന്നിവയുടെ സാമീപ്യവും ചിത്രാഞ്ജലിക്ക് കൂടുതൽ ഗുണകരമാവും. ചലച്ചിത്രവുമായി ബന്ധപ്പെട്ട ഫിലിം സെൻസർ ബോർഡ്, ചലച്ചിത്ര വികസന കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി, കലാകാര ക്ഷേമനിധി എന്നീ പ്രമുഖ സ്ഥാപനങ്ങളും തലസ്ഥാനത്തുണ്ട്.
ചിത്രാഞ്ജലിയെ ലോകോത്തര നിലവാരത്തിൽ വികസിപ്പിച്ച്, അതിന്റെ വിവിധ പദ്ധതികൾ മണ്മറഞ്ഞ പ്രമുഖ കലാകാരന്മാരുടെ പേരിൽ സ്മാരകമായി അവതരിപ്പിക്കാവുന്നതാണ്. ചലച്ചിത്ര സമൂഹത്തിനും വ്യവസായത്തിനും ചലച്ചിത്ര ഗവേഷകർക്കും അത് ഏറെ ഗുണകരവും ആവും.
മലയാള ചലച്ചിത്രത്തെ മദിരാശിയിൽ നിന്നും കേരളത്തിൽ എത്തിക്കുന്നതിനായി 1975 ൽ രൂപീകൃതമായ ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ, 1980 ൽ പ്രവർത്തനം ആരംഭിച്ച ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോ, ലോക പ്രശസ്തങ്ങളായ നിരവധി ചലച്ചിത്രങ്ങളെയും ചലച്ചിത്രകാരന്മാരെയും സംഭാവന ചെയ്ത പ്രസ്ഥാനമാണ്. ഇന്ത്യയിൽത്തന്നെ ചലച്ചിത്രത്തിന്റെ നിരവധി ആധുനിക സാങ്കേതിക വിദ്യകൾ ആദ്യമായി പരിചയപ്പെടുത്തിയതും ചിത്രാഞ്ജലി ആണ്. ചിത്രാഞ്ജലിയെ കേരളത്തിന്റെ ചലച്ചിത്ര മുഖം ആക്കുന്നതിനുള്ള ഊർജ്ജസ്വലമായ പദ്ധതികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ചലച്ചിത്ര സമൂഹം പ്രതീക്ഷിക്കുന്നു: ദീർഘകാലം ഫിലിം സെൻസർ ബോർഡ് അംഗം കൂടി ആയിരുന്ന ആനന്ദകുമാർ പറഞ്ഞു.
