ദുബായ്: വിമാനയാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി ദുബായ് വിമാനത്താവളം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ‘നിങ്ങൾ പോകുന്നതിന് മുമ്പ് അറിയുക’ (Know Before You Go) എന്ന പ്രോട്ടോക്കോളിന്റെ ഭാഗമായാണ് ബാഗേജ്, സുരക്ഷാ പരിശോധന, കസ്റ്റംസ് നടപടികൾ എന്നിവ സംബന്ധിച്ച നിർദേശങ്ങൾ നൽകിയത്. യാത്രയ്ക്കിടെ അനാവശ്യ തടസ്സങ്ങളും കാലതാമസവും ഒഴിവാക്കുകയാണ് ലക്ഷ്യം.
ചെക്ക്-ഇൻ ബാഗേജുകളുടെ ആകൃതിയിലും വലുപ്പത്തിലും പ്രത്യേക നിയന്ത്രണങ്ങളുണ്ട്. ബാഗുകൾക്ക് കുറഞ്ഞത് ഒരു പരന്ന പ്രതലമെങ്കിലും ഉണ്ടായിരിക്കണം. പൂർണമായും വൃത്താകൃതിയിലുള്ളതോ അസാധാരണ ആകൃതിയിലുള്ളതോ ആയ ബാഗുകൾ സ്വീകരിക്കില്ല. 90 സെന്റീമീറ്ററിൽ കൂടുതൽ നീളമോ 75 സെന്റീമീറ്ററിൽ കൂടുതൽ ഉയരമോ 60 സെന്റീമീറ്ററിൽ കൂടുതൽ വീതിയോ ഉള്ള ബാഗുകൾ സാധാരണ ചെക്ക്-ഇൻ കൗണ്ടറിന് പകരം വലിയ ബാഗേജുകൾക്കായുള്ള പ്രത്യേക കൗണ്ടറിൽ ഏൽപ്പിക്കണം.
ഹാൻഡ് ബാഗേജിൽ ദ്രാവകങ്ങൾ കൊണ്ടുപോകുന്നതിനും കർശന നിബന്ധനകളുണ്ട്. ഓരോ കണ്ടെയ്നറിലും പരമാവധി 100 മില്ലിലിറ്റർ ദ്രാവകം മാത്രമേ അനുവദിക്കൂ. ഇവയെല്ലാം കൂടി ഒരു ലിറ്ററിൽ കവിയാത്ത ശേഷിയുള്ള സുതാര്യവും വീണ്ടും അടയ്ക്കാവുന്നതുമായ പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കണം. എന്നാൽ ശിശുക്കൾക്കുള്ള ഭക്ഷണം, പാൽ, ആവശ്യമായ മരുന്നുകൾ, പ്രത്യേക ഭക്ഷണസാധനങ്ങൾ എന്നിവയ്ക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തിലും യാത്രക്കാർ കൂടുതൽ ശ്രദ്ധ പുലർത്തണം. പവർ ബാങ്കുകളും അധിക ലിഥിയം ബാറ്ററികളും ചെക്ക്-ഇൻ ബാഗേജിൽ അനുവദിക്കില്ല. ഇവ ഹാൻഡ് ബാഗേജിൽ മാത്രമേ കൊണ്ടുപോകാവൂ. ഷോർട്ട് സർക്യൂട്ട് ഒഴിവാക്കുന്നതിനായി ബാറ്ററികൾ സുരക്ഷിതമായി പൊതിഞ്ഞിരിക്കണം. 100 വാട്ട് അവറിൽ താഴെ ശേഷിയുള്ള അധിക ബാറ്ററികൾ അനുവദനീയമാണെങ്കിലും 100 മുതൽ 160 വാട്ട് അവർ വരെ ശേഷിയുള്ളവയ്ക്ക് വിമാനക്കമ്പനിയുടെ മുൻകൂർ അനുമതി ആവശ്യമായി വന്നേക്കാം. സുരക്ഷാ പരിശോധനയ്ക്കിടെ ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും എളുപ്പത്തിൽ പുറത്തെടുക്കാൻ കഴിയുന്ന വിധത്തിൽ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.
കസ്റ്റംസ് പരിശോധനയുമായി ബന്ധപ്പെട്ടും യാത്രക്കാർ പാലിക്കേണ്ട പ്രധാന വ്യവസ്ഥകളുണ്ട്. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ കൈവശം കൊണ്ടുപോകുന്ന പണം, ചെക്കുകൾ, വിലപിടിപ്പുള്ള കല്ലുകൾ, ലോഹങ്ങൾ എന്നിവയുടെ ആകെ മൂല്യം 60,000 ദിർഹം കവിയുന്നുണ്ടെങ്കിൽ നിർബന്ധമായും പ്രഖ്യാപിക്കണം. വ്യക്തിഗത സമ്മാനങ്ങൾക്ക് 3,000 ദിർഹം വരെ കസ്റ്റംസ് തീരുവയിൽ ഇളവുണ്ട്. ഇത്തരം വിവരങ്ങൾ മുൻകൂട്ടി സമർപ്പിക്കുന്നതിന് ദുബായ് കസ്റ്റംസിന്റെ ‘iDeclare’ ആപ്ലിക്കേഷൻ ഉപയോഗിക്കാം.
മയക്കുമരുന്നുകൾ, വ്യാജ ഉൽപ്പന്നങ്ങൾ, ചൂതാട്ട ഉപകരണങ്ങൾ തുടങ്ങിയവ കൊണ്ടുവരുന്നതിന് കർശന വിലക്കുണ്ട്. ഡ്രോണുകൾ, സസ്യങ്ങൾ, ചില പ്രത്യേക മരുന്നുകൾ എന്നിവ കൊണ്ടുപോകുന്നതിന് അധിക അനുമതികളും നിയന്ത്രണങ്ങളും ബാധകമായിരിക്കും.
അതേസമയം, ബാഗേജുകളുടെ അനുവദനീയമായ ഭാരവും വലുപ്പവും വിമാനക്കമ്പനികൾക്കനുസരിച്ച് വ്യത്യാസപ്പെടാമെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനിയുടെ നിബന്ധനകൾ പരിശോധിക്കണം.
യുഎഇയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിൽ യാത്ര ചെയ്യുന്നവർ വിമാന സർവീസുകളുടെ സമയക്രമവും നിലവിലെ സ്റ്റാറ്റസും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. വിമാന സമയങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. യാത്രക്കാർക്ക് ഏറ്റവും പുതിയ വിവരങ്ങളും ഔദ്യോഗിക നിർദേശങ്ങളും ദുബായ് വിമാനത്താവളത്തിന്റെ വെബ്സൈറ്റിലൂടെയും ദുബായ് കസ്റ്റംസ് പോർട്ടലിലൂടെയും പരിശോധിക്കാവുന്നതാണ്.
