ഷിക്കാഗോ: 2027ലെ നഗര ബജറ്റിനെച്ചൊല്ലി മേയറും സിറ്റി കൗൺസിലും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ഷിക്കാഗോ നഗരത്തിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആഷ്ലി ഗാബ്രിഷ് വെള്ളിയാഴ്ച രാജി വെച്ചു. മേയർ ബ്രാൻഡൻ ജോൺസൺ ഓഗസ്റ്റിൽ നിയമിച്ച ഗാബ്രിഷ് മൂന്നുമാസം മാത്രമാണ് പദവിയിൽ തുടർന്നത്.
രാജി സ്വീകരിച്ചതായി അറിയിച്ച മേയറുടെ ഓഫീസ് ഗാബ്രിഷിനെതിരെ ആരോപണങ്ങളും ഉന്നയിച്ചു. 17.6 ബില്യൺ ഡോളറിന്റെ ബജറ്റ് തയ്യാറാക്കുന്ന നിർണായക ഘട്ടങ്ങളിൽ അവർ വേണ്ടത്ര പങ്കെടുത്തില്ലെന്നും ആവശ്യമായ നിയമാധികാരമോ നടപടിക്രമങ്ങളോ പാലിക്കാതെ 75 മില്യൺ ഡോളർ നൽകാൻ നഗര ട്രഷറർക്ക് നിർദേശം നൽകിയെന്നും മേയറുടെ ഓഫീസ് ആരോപിച്ചു. വിഷയം സ്വതന്ത്ര പരിശോധനയ്ക്കായി നഗരത്തിന്റെ ഇൻസ്പെക്ടർ ജനറലിന് കൈമാറുമെന്നും ഓഫീസ് അറിയിച്ചു. ആരോപണങ്ങൾക്ക് പിന്നാലെ, രാജിക്കത്തിൽ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഗാബ്രിഷ് പ്രതികരിച്ചു.
പാർക്കിങ് മീറ്റർ സംവിധാനത്തിന്റെ പുതിയ ഉടമകളിൽ നിന്ന് നഗരത്തിന് ലഭിച്ച 75 മില്യൺ ഡോളറാണ് തർക്കത്തിന്റെ കേന്ദ്രം. ഈ തുക നഗരത്തിന്റെ പെൻഷൻ ഫണ്ടുകളിലേക്ക് അധിക വിഹിതമായി നൽകാൻ നവംബർ രണ്ടിന് സിറ്റി കൗൺസിൽ 44–6 വോട്ടിന് തീരുമാനിച്ചിരുന്നു. എന്നാൽ ഗാബ്രിഷ് പണം നൽകാൻ നിർദേശിച്ച സമയത്ത് ആ തീരുമാനം പ്രാബല്യത്തിൽ വന്നിരുന്നില്ല. അതേസമയം, മേയറുടെ ബജറ്റ് നിർദേശത്തെ നിലവിലെ രൂപത്തിൽ പിന്തുണയ്ക്കില്ലെന്ന് കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും ഈ ആഴ്ച അറിയിച്ചിരുന്നു.
