ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസ്; അറസ്റ്റിലായ ഡിസിസി അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ഉടമയായ ഡോക്ടറെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. കെപിസിസിയുടെ  നിർദ്ദേശത്തെ തുടർന്ന് തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷൻ എൻ. ശക്തനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സുഹൈൽ ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പാർട്ടി നേതൃത്വം നടപടി പ്രഖ്യാപിച്ചത്.

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വന്ധ്യതാ ചികിത്സാ കേന്ദ്രത്തിന്റെ ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന പരാതിയിലാണ് സുഹൈൽ ഷാജഹാനെ അറസ്റ്റ് ചെയ്തത്. ആശുപത്രിക്കെതിരെ അപകീർത്തികരമായ വാർത്തകളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. ഡോക്ടറിൽ നിന്ന് പണം കൈപ്പറ്റുന്നതായി പറയപ്പെടുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം വലിയ വിവാദമായത്.

‘ചങ്ങാതിക്കൂട്ടം’ എന്ന സോഷ്യൽ മീഡിയ പേജിലൂടെ സുഹൈൽ ഷാജഹാൻ നേരത്തെ തിരുവനന്തപുരത്തെ ഇൻഫെർട്ടിലിറ്റി ക്ലിനിക്കിനെതിരെ ഒരു വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. ആശുപത്രിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉൾപ്പെടുത്തിയായിരുന്നു വീഡിയോ. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിനായി ആശുപത്രി ഉടമയോട് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്.

എന്നാൽ, ഇത്രയും വലിയ തുക നൽകാൻ ആശുപത്രി ഉടമ തയ്യാറായില്ല. ഇതോടെ ആശുപത്രിക്കെതിരെ കൂടുതൽ വീഡിയോകൾ പുറത്തു വിടുമെന്നും വിവിധ മാധ്യമങ്ങളിലൂടെ വാർത്തകൾ പ്രസിദ്ധീകരിച്ച് സ്ഥാപനത്തിന്റെ പ്രതിച്ഛായ തകർക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ ആരോപിക്കുന്നു. ആശുപത്രിയുടെ വിശ്വാസ്യതയെയും പ്രവർത്തനങ്ങളെയും ബാധിക്കുന്ന തരത്തിൽ പ്രചാരണം നടത്തുമെന്ന മുന്നറിയിപ്പും നൽകിയതായാണ് വിവരം.

തുടർച്ചയായ ഭീഷണികളെ തുടർന്ന് ആശുപത്രി ഉടമ തിരുവനന്തപുരം പേട്ട പൊലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടാനുള്ള നീക്കം നടത്തിയത്. പൊലീസിന്റെ നിർദ്ദേശപ്രകാരം ആവശ്യപ്പെട്ട പണം നൽകാൻ തയ്യാറാണെന്ന് ആശുപത്രി ഉടമ സുഹൈൽ ഷാജഹാനെ അറിയിച്ചു. പണം കൈപ്പറ്റുന്നതിനായി ആശുപത്രിയിലെത്താനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് രാവിലെ പതിനൊന്ന് മണിയോടെ ആശുപത്രിയിലെത്തിയ സുഹൈൽ ഷാജഹാനെ അവിടെ കാത്തുനിന്ന പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പണം കൈമാറുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവുകളിലൊന്നായി പരിഗണിക്കപ്പെടുമെന്നാണ് സൂചന. പരാതിക്കാരന്റെ മൊഴിയും സംഭവവുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും അടിസ്ഥാനമാക്കിയാണ് പോലീസ് അന്വേഷണം നടത്തുന്നത്.

അതേസമയം, ഡിസിസി അംഗമായ ഒരാൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത് കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി. സംഭവം വിവാദമായതോടെ പാർട്ടി നേതൃത്വം അടിയന്തരമായി ഇടപെടുകയായിരുന്നു. കെപിസിസിയുടെ നിർദ്ദേശപ്രകാരം സുഹൈൽ ഷാജഹാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തിരുവനന്തപുരം ഡിസിസി തീരുമാനിച്ചു. പാർട്ടിയുടെ ഔദ്യോഗിക പദവി വഹിക്കുന്ന ഒരാൾക്കെതിരെ ഇത്തരത്തിലുള്ള ഗുരുതരമായ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം തുടരുകയാണ്.

ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കുക: Read this news in English

Leave a Comment

More News