നന്ദിപൂർവം (കവിത): ജയൻ വർഗീസ്

ആപേക്ഷികത്തിന്റെ
നൂലിഴയിൽ നി –
രാപേക്ഷികത്തിന്റെ
നേർ വരയിൽ
ആയിരം കോടി
യുഗങ്ങൾ കൊരു –
ത്തനായാസം ചരിക്കും
പ്രപഞ്ച ശിൽപ്പീ,

ആകാശ നീലിമ –
ക്കപ്പുറത്തായിര –
മാകാശ ഗംഗകൾ –
ക്കപ്പുറത്തും
ആദിയുമെന്തവു –
മൊന്നു ചേരുന്നിട –
ത്താരു നീ എത്രയോ
ഭാവോജ്ജ്വലൻ !

ആദിത്യനിൽ നി –
ന്നടർന്നു യുഗങ്ങളി –
ലാറിത്തണുത്തൊരീ
ഭൂസരസ്സിൽ
ആയിരം മോഹവു-
മായി വിടരുമോ –
രാമ്പൽപ്പൂ മൊട്ടു ഞാൻ
നിന്റെ മുന്നിൽ !

Leave a Comment

More News