വാകീഗൻ, ഇല്ലിനോയ്: വാകീഗനിലെയും സമീപ പ്രദേശങ്ങളിലെയും രോഗികൾ ആശ്രയിക്കുന്ന വിസ്ത മെഡിക്കൽ സെന്റർ ഈസ്റ്റ് അടച്ചുപൂട്ടൽ ഭീഷണിയിൽ. വാകീഗനിലെ ഏക ആശുപത്രിയായ വിസ്തയുടെ മെഡികെയർ കരാർ ഡിസംബർ 1 മുതൽ അവസാനിപ്പിക്കുമെന്ന് ഫെഡറൽ അധികൃതർ അറിയിച്ചു. ഇതിനിടെ, ആശുപത്രിയുടെ പ്രവർത്തനം തുടരാൻ ആവശ്യപ്പെട്ട 45 ലക്ഷം ഡോളറിന്റെ അടിയന്തര ധനസഹായം ഗവർണർ ജെ.ബി. പ്രിറ്റ്സ്കറിന്റെ ഭരണകൂടം നിരസിച്ചു. അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ അവധിക്കാലത്തിനു മുമ്പുതന്നെ ആശുപത്രി അടച്ചുപൂട്ടേണ്ടിവരുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. പ്രതിസന്ധി അടച്ചുപൂട്ടലിലേക്ക് നയിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
ആശുപത്രി ഭരണസംവിധാനം, അനസ്തീഷ്യ സേവനങ്ങൾ, അത്യാഹിത സേവനങ്ങൾ, കെട്ടിടവും മറ്റു ഭൗതിക സൗകര്യങ്ങളും എന്നിവയുമായി ബന്ധപ്പെട്ട നാല് ഫെഡറൽ മാനദണ്ഡങ്ങൾ വിസ്ത പാലിക്കുന്നില്ലെന്ന് സെന്റേഴ്സ് ഫോർ മെഡികെയർ ആൻഡ് മെഡിക്കെയ്ഡ് സർവീസസ് (CMS) നവംബർ 16-ലെ അറിയിപ്പിൽ വ്യക്തമാക്കി. ഡിസംബർ ഒന്നിനോ അതിനുശേഷമോ പ്രവേശിപ്പിക്കുന്ന രോഗികളുടെ കിടത്തിച്ചികിത്സയ്ക്ക് മെഡികെയർ പണം നൽകില്ല. അതിനു മുമ്പ് പ്രവേശിപ്പിച്ചവരുടെ പരിരക്ഷയുള്ള സേവനങ്ങൾക്ക് ഡിസംബർ ഒന്നുമുതൽ പരമാവധി 30 ദിവസം വരെ പണം ലഭിച്ചേക്കാം. 2025 സാമ്പത്തിക വർഷത്തിൽ വിസ്തയ്ക്ക് മെഡികെയറിൽ നിന്ന് ഏകദേശം 1.28 കോടി ഡോളർ ലഭിച്ചതായി എൻബിസി ഷിക്കാഗോ റിപ്പോർട്ട് ചെയ്തു.
വിസ്തയ്ക്കും ഇതേ ഉടമസ്ഥതയിലുള്ള ഗ്രാനൈറ്റ് സിറ്റിയിലെ ഗേറ്റ്വേ റീജണൽ മെഡിക്കൽ സെന്ററിനും 45 ലക്ഷം ഡോളർ വീതമാണ് ഡോക്ടർമാർ ആവശ്യപ്പെട്ടത്. രണ്ടു ആശുപത്രികളുടെയും നടത്തിപ്പും സാമ്പത്തിക നിയന്ത്രണവും സ്വതന്ത്ര നേതൃത്വത്തിനു കൈമാറാനായിരുന്നു നിർദേശം. എന്നാൽ നിർദേശിക്കപ്പെട്ട രണ്ട് നേതാക്കളിൽ ഒരാൾ നിലവിലെ ഉടമയായ അമേരിക്കൻ ഹെൽത്ത്കെയർ സിസ്റ്റംസിന്റെ നിയമോപദേഷ്ടാവാണെന്നും ഉടമസ്ഥ നിയന്ത്രണത്തിൽ യഥാർഥ മാറ്റം ഉറപ്പാക്കുന്നില്ലെന്നും ഡെപ്യൂട്ടി ഗവർണർ ഗ്രേസ് ബി. ഹൗ ഉൾപ്പെടെയുള്ള സംസ്ഥാന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വിശ്വസനീയമായ ദീർഘകാല പരിഹാരം പരിഗണിക്കാൻ തയ്യാറാണെന്നും സംസ്ഥാനം അറിയിച്ചു.
പ്രതിസന്ധി അടിയന്തര ചികിത്സ തേടുന്നവരെ ഇതിനകം ബാധിച്ചിട്ടുണ്ട്. ഒക്ടോബറിൽ ആശുപത്രിയുടെ ലെവൽ II ട്രോമ സെന്റർ പദവി നഷ്ടപ്പെട്ടു. ജീവനക്കാരുടെ ശമ്പളം നൽകുന്നതിൽ വീണ്ടും വീഴ്ച വന്നതിനു പിന്നാലെ നവംബർ 7 മുതൽ ആംബുലൻസുകൾ വിസ്തയിലേക്ക് രോഗികളെ കൊണ്ടുപോകുന്നത് നിർത്തി. പകരം ലേക്ക് ഫോറസ്റ്റിലെയും ലിബർട്ടിവില്ലിലെയും ആശുപത്രികളിലേക്കാണ് പലരെയും കൊണ്ടുപോകുന്നത്. മുമ്പ് ഏകദേശം അഞ്ച് മിനിറ്റെടുത്തിരുന്ന യാത്രയ്ക്ക് ഇപ്പോൾ 20 മുതൽ 25 മിനിറ്റ് വരെ വേണ്ടിവരാമെന്ന് വാകീഗൻ ഫയർ ചീഫ് മാത്യു ബർലിസൺ പറഞ്ഞു. അതേസമയം, നേരിട്ട് എത്തുന്ന രോഗികളെ അത്യാഹിത വിഭാഗത്തിൽ സ്വീകരിക്കുമെന്ന് സംസ്ഥാനത്തിന്റെ നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു.
ആശുപത്രി ഏറ്റെടുത്ത് നടത്താൻ യോഗ്യമായ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനത്തെ കണ്ടെത്തണമെന്ന് വാകീഗൻ മേയർ സാം കണ്ണിങ്ഹാം ആവശ്യപ്പെട്ടു. മെഡികെയർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും അടച്ചുപൂട്ടലിനെക്കുറിച്ച് ഇപ്പോൾ നിഗമനത്തിലെത്തുന്നത് നേരത്തെയാകുമെന്നും ആശുപത്രിയുടെ ഉടമ പ്രതികരിച്ചു.
