ഭക്ഷണത്തിനൊപ്പം അല്പം ചട്ണി കൂടി ചേർത്താൽ സാധാരണ വിഭവങ്ങൾക്കുപോലും പ്രത്യേക രുചിയും മണവും ലഭിക്കും. ഇന്ന് വിപണിയിൽ പലതരത്തിലുള്ള സോസുകളും റെഡിമെയ്ഡ് ചട്ണികളും ലഭ്യമാണെങ്കിലും മുത്തശ്ശിമാരുടെ കൈപ്പുണ്യത്തിൽ തയ്യാറാക്കിയിരുന്ന നാടൻ ചട്ണികളുടെ രുചിക്ക് ഇന്നും ആരാധകരേറെയാണ്. പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ തയ്യാറാക്കിയിരുന്ന ഇത്തരം ചട്ണികൾ ഇന്ത്യൻ ഭക്ഷണസംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു.പണ്ടുകാലത്ത് വീട്ടുവളപ്പിൽനിന്ന് ലഭിക്കുന്ന പച്ചിലകൾ, സുഗന്ധവ്യഞ്ജനങ്ങൾ, വെളുത്തുള്ളി, മുളക്, കാലാവസ്ഥാനുസൃതമായി ലഭിക്കുന്ന പഴങ്ങൾ എന്നിവ ഉപയോഗിച്ചാണ് ചട്ണികൾ തയ്യാറാക്കിയിരുന്നത്. വലിയ അളവിൽ ചേരുവകളോ പ്രത്യേക പാചകോപകരണങ്ങളോ ആവശ്യമില്ലെന്നതായിരുന്നു ഇവയുടെ പ്രത്യേകത. അമ്മിക്കല്ലിൽ അരച്ചെടുത്ത ചേരുവകളും പുതുതായി ശേഖരിച്ച ഇലകളും സുഗന്ധവ്യഞ്ജനങ്ങളും ചേർന്നപ്പോൾ ചട്ണികൾക്ക് തനതായ രുചിയും മണവും ലഭിച്ചിരുന്നു. ഓരോ പ്രദേശത്തിനും കുടുംബത്തിനും അവരുടേതായ ചട്ണി തയ്യാറാക്കൽ രീതികളും ഉണ്ടായിരുന്നു.
ഇന്നും ഇന്ത്യൻ ഭക്ഷണരീതിയിൽ ഈ പരമ്പരാഗത ചട്ണികൾക്ക് പ്രത്യേക സ്ഥാനമുണ്ട്. സാധാരണ ഭക്ഷണത്തെപ്പോലും രുചികരമാക്കാൻ സഹായിക്കുന്ന ഏഴ് നാടൻ ചട്ണികളെ പരിചയപ്പെടാം.
മല്ലിയിലയും പുതിനയും ചേർത്ത പച്ച ചട്ണി
ഇന്ത്യൻ വീടുകളിൽ ഏറെ പ്രചാരമുള്ള ചട്ണികളിലൊന്നാണ് മല്ലിയിലയും പുതിനയും ചേർത്ത പച്ച ചട്ണി. മല്ലിയില, പുതിനയില, പച്ചമുളക്, ഇഞ്ചി, നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി അരച്ചാണ് ഇത് തയ്യാറാക്കുന്നത്. കൂടുതൽ സുഗന്ധവും രുചിയും ലഭിക്കാൻ അല്പം വറുത്ത ജീരകവും ചേർക്കാം. സമോസ, പക്കോഡ, പരോട്ട, പരിപ്പുകറി, ചോറ് എന്നിവയ്ക്കൊപ്പം കഴിക്കാൻ ഈ ചട്ണി ഏറെ അനുയോജ്യമാണ്.
വെളുത്തുള്ളിയും ചുവന്ന മുളകും ചേർത്ത എരിവുള്ള ചട്ണി
എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയപ്പെട്ടതാണ് വെളുത്തുള്ളി-ചുവന്ന മുളക് ചട്ണി. വെളുത്തുള്ളി അല്ലികൾ, ഉണക്കമുളക്, ഉപ്പ്, അല്പം ജീരകം എന്നിവ നന്നായി അരച്ചെടുത്തശേഷം കുറച്ച് എണ്ണ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. രാജസ്ഥാൻ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ഈ ചട്ണി വ്യത്യസ്ത രീതികളിൽ തയ്യാറാക്കാറുണ്ട്. വെളുത്തുള്ളിയുടെ പ്രത്യേക മണവും ഉണക്കമുളകിന്റെ എരിവും ചേർന്ന ഈ ചട്ണി ഭക്ഷണത്തിന് വേറിട്ട രുചി നൽകുന്നു.
മധുരവും പുളിയും നിറഞ്ഞ നാടൻ തക്കാളി ചട്ണി
തക്കാളിയുടെ സ്വാഭാവിക പുളിയും മധുരവും ഒരുമിക്കുന്ന നാടൻ തക്കാളി ചട്ണിയും ഏറെ രുചികരമാണ്. തക്കാളി ചെറുതായി വറുത്തോ വേവിച്ചോ എടുത്തശേഷം പച്ചമുളക്, വെളുത്തുള്ളി, ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് അരച്ചെടുക്കുന്നു. ആവശ്യാനുസരണം അല്പം കടുകെണ്ണ ചൂടാക്കി ചേർക്കുന്നതോടെ ചട്ണിയുടെ മണവും രുചിയും വർധിക്കും. റൊട്ടി, പരോട്ട തുടങ്ങിയ വിഭവങ്ങൾക്കൊപ്പം കഴിക്കാൻ ഇത് മികച്ചതാണ്.
നെല്ലിക്ക ഉപയോഗിച്ചുള്ള പരമ്പരാഗത ചട്ണി
ശൈത്യകാലത്ത് ധാരാളമായി ലഭിക്കുന്ന നെല്ലിക്ക ഉപയോഗിച്ചും രുചികരമായ ചട്ണി തയ്യാറാക്കാം. നെല്ലിക്ക വെള്ളത്തിൽ തിളപ്പിച്ചോ ആവിയിൽ വേവിച്ചോ എടുത്തശേഷം കുരു നീക്കം ചെയ്യണം. തുടർന്ന് പച്ചമുളക്, മല്ലിയില, ജീരകം, കറുത്ത ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം. നെല്ലിക്കയുടെ സ്വാഭാവിക പുളിയും മറ്റ് ചേരുവകളുടെ എരിവും ചേർന്ന ഈ ചട്ണി പരിപ്പുകറി, ചോറ്, പരോട്ട എന്നിവയ്ക്കൊപ്പം കഴിക്കാൻ അനുയോജ്യമാണ്.
നിലക്കടല ചട്ണി
വ്യത്യസ്തമായ രുചിയും കട്ടിയുള്ള ഘടനയുമാണ് നിലക്കടല ചട്ണിയുടെ പ്രത്യേകത. നിലക്കടല ചെറുതായി വറുത്തശേഷം വെളുത്തുള്ളി, ഉണക്കമുളക്, ഉപ്പ്, അല്പം പുളിവെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുന്നു. ആവശ്യത്തിന് വെള്ളം ചേർത്ത് ചട്ണിയുടെ കട്ടി ക്രമീകരിക്കാം. ദോശ, ഇഡ്ഡലി, റൊട്ടി, പരോട്ട തുടങ്ങിയ വിഭവങ്ങൾക്കൊപ്പം വിളമ്പാൻ അനുയോജ്യമായ ഈ ചട്ണി ദക്ഷിണേന്ത്യൻ ഭക്ഷണരീതിയിലും ഏറെ പ്രചാരമുള്ളതാണ്.
പച്ചമാങ്ങ ചട്ണി
വേനൽക്കാലത്ത് ഭക്ഷണത്തിന് പുളിയും എരിവും കലർന്ന പ്രത്യേക രുചി നൽകുന്ന ഒന്നാണ് പച്ചമാങ്ങ ചട്ണി. പച്ചമാങ്ങയ്ക്കൊപ്പം പച്ചമുളക്, പുതിനയില, മല്ലിയില, ഉപ്പ്, അല്പം ശർക്കര എന്നിവ ചേർത്ത് അരച്ചാണ് ഇത് തയ്യാറാക്കുന്നത്. പച്ചമാങ്ങയുടെ പുളിയും ശർക്കരയുടെ മധുരവും മുളകിന്റെ എരിവും ഒരുമിക്കുന്നതോടെ ചട്ണിക്ക് സവിശേഷമായ രുചി ലഭിക്കുന്നു. പ്രത്യേകിച്ച് വേനൽക്കാല ഭക്ഷണങ്ങൾക്കൊപ്പം കഴിക്കാൻ ഇത് ഏറെ അനുയോജ്യമാണ്.
ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ട തേങ്ങാ ചട്ണി
ദക്ഷിണേന്ത്യൻ പാചകരീതിയിലെ ഏറ്റവും ജനപ്രിയമായ വിഭവങ്ങളിലൊന്നാണ് തേങ്ങാ ചട്ണി. ഇന്ത്യയ്ക്ക് പുറത്തും ഈ ചട്ണിക്ക് നിരവധി ആരാധകരുണ്ട്. തേങ്ങാക്കൊത്ത്, പച്ചമുളക്, ഇഞ്ചി, വറുത്ത കടല എന്നിവ ചേർത്ത് നന്നായി അരച്ചാണ് ചട്ണി തയ്യാറാക്കുന്നത്. തുടർന്ന് കടുക്, കറിവേപ്പില, ഉണക്കമുളക് എന്നിവ എണ്ണയിൽ താളിച്ച് ചേർക്കുന്നതോടെ ചട്ണിക്ക് കൂടുതൽ മണവും രുചിയും ലഭിക്കുന്നു. ഇഡ്ഡലി, ദോശ, ഉത്തപ്പം തുടങ്ങിയ ദക്ഷിണേന്ത്യൻ പ്രഭാതഭക്ഷണങ്ങൾക്കൊപ്പം തേങ്ങാ ചട്ണി ഒഴിച്ചുകൂടാനാവാത്ത രുചിക്കൂട്ടാണ്.
വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാമെന്നതാണ് ഈ ഏഴ് പരമ്പരാഗത ചട്ണികളുടെയും പ്രധാന സവിശേഷത. ഓരോന്നിനും വ്യത്യസ്തമായ രുചിയും മണവും തയ്യാറാക്കൽ രീതിയുമുണ്ട്. പഴമയുടെ രുചി നിലനിർത്തിക്കൊണ്ട് ദൈനംദിന ഭക്ഷണത്തിന് വൈവിധ്യം നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഈ നാടൻ ചട്ണികൾ മികച്ച തിരഞ്ഞെടുപ്പായിരിക്കും.
