സാരിയുടുത്ത് 10 കിലോമീറ്റർ ഓട്ടം; ദുബായ് റണ്ണിൽ താരമായി മലയാളി പ്രവാസി കാഞ്ചന നായർ

യുഎഇ ദേശീയ പതാകയുടെ നിറങ്ങളിൽ വേഷമണിഞ്ഞ് വേറിട്ട പ്രകടനം; കായികരംഗത്തും കലാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച് മലയാളി വനിത

ദുബായ്: ഇന്ത്യൻ പാരമ്പര്യവും കായിക ആവേശവും സമന്വയിപ്പിച്ച് ദുബായ് റൺ 2026ൽ ശ്രദ്ധേയയായി മലയാളി പ്രവാസി കാഞ്ചന നായർ. നവംബർ 22 ഞായറാഴ്ച നടന്ന ദുബായ് റണ്ണിൽ പരമ്പരാഗത ഇന്ത്യൻ വേഷമായ സാരി ധരിച്ച് 10 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയാണ് കാഞ്ചന ശ്രദ്ധ നേടിയത്.    യുഎഇ ദേശീയ പതാകയുടെ നിറങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചുവന്ന സാരിയും പച്ച ബ്ലൗസും ധരിച്ചെത്തിയ അവർ മുടിയിൽ മുല്ലപ്പൂവും ചൂടിയിരുന്നു.

കഴിഞ്ഞ 14 വർഷമായി ദുബായിൽ താമസിക്കുന്ന കാഞ്ചനയുടെ അഞ്ചാമത്തെ ദുബായ് റൺ പങ്കാളിത്തമായിരുന്നു ഇത്തവണത്തേത്. സ്വന്തം സാംസ്കാരിക വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം കൂടി പ്രകടമാക്കുന്നതായിരുന്നു അവരുടെ വേറിട്ട പങ്കാളിത്തം. മകൾ ധീരയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമെന്ന് കാഞ്ചന പറയുന്നു. സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാനും സ്വതന്ത്രമായി കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും കഴിയുന്ന നഗരമാണ് ദുബായിയെന്നും രാത്രി സമയങ്ങളിൽ പോലും ഭയമില്ലാതെ ഓടാൻ കഴിയുന്ന സാഹചര്യം ഏറെ വിലമതിക്കുന്നതായും അവർ വ്യക്തമാക്കി.

അജ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സബാഹ് അൽ അറബ് റിയൽ എസ്റ്റേറ്റ് എൽഎൽസിയുടെ മാനേജിംഗ് ഡയറക്ടറായ കാഞ്ചന അഭിനേത്രി കൂടിയാണ്. 2020 മുതൽ മകളെ ഒറ്റയ്ക്ക് വളർത്തുന്ന അവർ കുടുംബ ഉത്തരവാദിത്തങ്ങൾക്കൊപ്പം തൊഴിൽപരമായ സ്വപ്നങ്ങളും സാക്ഷാത്കരിക്കുകയാണ്.

ഷാർജയിൽ കോർപ്പറേറ്റ് മേഖലയിൽ പ്രവർത്തിച്ചിരുന്ന കാഞ്ചന രണ്ട് വർഷം മുമ്പാണ് സ്വന്തമായി റിയൽ എസ്റ്റേറ്റ് സ്ഥാപനം ആരംഭിച്ച് സംരംഭകത്വ രംഗത്തേക്ക് കടന്നത്. വ്യക്തിജീവിതത്തിലും തൊഴിൽ രംഗത്തും മുന്നേറുന്നതോടൊപ്പം കലാ-കായിക പ്രവർത്തനങ്ങൾക്കായും അവർ സമയം കണ്ടെത്തുന്നു.

ദുബായ് റണ്ണിന് മുമ്പ് ദുബായ് റൈഡിലും പരമ്പരാഗത വേഷത്തിലൂടെ കാഞ്ചന ശ്രദ്ധ നേടിയിരുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഷെയ്ഖ് സായിദ് റോഡിൽ സംഘടിപ്പിച്ച ദുബായ് റൈഡിൽ കേരള സാരിയുടുത്ത് പിങ്ക് നിറത്തിലുള്ള സൈക്കിൾ ഓടിച്ചാണ് അവർ പങ്കെടുത്തത്. സാരി ധരിച്ച് സൈക്കിൾ ഓടിക്കുന്നതിനിടെ യാതൊരു അസ്വസ്ഥതയും അനുഭവപ്പെട്ടില്ലെന്നും തന്റെ വ്യത്യസ്തമായ വേഷവിധാനം സഹയാത്രികരുടെ ശ്രദ്ധ ആകർഷിച്ചതായും കാഞ്ചന പറഞ്ഞു. പരമ്പരാഗത വസ്ത്രധാരണം കായിക പ്രവർത്തനങ്ങൾക്ക് തടസ്സമല്ലെന്ന് സ്വന്തം അനുഭവത്തിലൂടെ തെളിയിക്കുകയാണ് അവർ.

ചെറുപ്പം മുതൽ കായിക പ്രവർത്തനങ്ങളോട് വലിയ താൽപര്യം പുലർത്തിയിരുന്ന കാഞ്ചന എൻസിസി എയർ വിംഗ് കേഡറ്റുമായിരുന്നു. 2004ൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനുള്ള അവസരവും അവർക്ക് ലഭിച്ചിരുന്നു.

ജീവിതത്തിൽ അച്ചടക്കവും ആത്മവിശ്വാസവും സ്ഥിരോത്സാഹവും വളർത്തിയെടുക്കുന്നതിൽ എൻസിസി പരിശീലനം നിർണായക പങ്കുവഹിച്ചതായി കാഞ്ചന ഓർക്കുന്നു.

2024ൽ ഇൻഫ്ലുവൻസ ബാധയിൽനിന്ന് സുഖം പ്രാപിച്ച ശേഷവും ‘സഞ്ചാരി യുഎഇ’ റണ്ണിംഗ് ഗ്രൂപ്പിന്റെ ഭാഗമായി 30×30 ഫിറ്റ്നസ് ചലഞ്ച് അവർ വിജയകരമായി പൂർത്തിയാക്കിയിരുന്നു. തുടർച്ചയായി 30 ദിവസം പ്രതിദിനം 30 മിനിറ്റ് ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ചലഞ്ച്.

സംരംഭകയും കായിക പ്രേമിയും എന്നതിനപ്പുറം ബഹുമുഖ പ്രതിഭ കൂടിയാണ് കാഞ്ചന നായർ. ക്ലാസിക്കൽ നർത്തകി, നീന്തൽ താരം, ക്രിക്കറ്റ് താരം, നാടക കലാകാരി എന്നീ നിലകളിലും അവർ സജീവമാണ്. മലയാള സിനിമയിലും സാന്നിധ്യമറിയിച്ച കാഞ്ചന, സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ എന്നിവർക്കൊപ്പം ‘ബോംബെ ടെയ്‌ലേഴ്‌സ്’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ദുബായിൽ ചിത്രീകരിച്ച ‘പഴം ചക്ക’, ‘മോഹ’ എന്നീ രണ്ട് മലയാള സിനിമകളിലും നിലവിൽ പ്രവർത്തിച്ചുവരികയാണ് അവർ.

തന്റെ വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയിൽ ദുബായിലെ പ്രവാസ ജീവിതത്തിന് വലിയ പങ്കുണ്ടെന്ന് കാഞ്ചന പറയുന്നു. വിവിധ മേഖലകളിൽ കഴിവുകൾ പ്രകടിപ്പിക്കാനും പുതിയ അവസരങ്ങൾ കണ്ടെത്താനും ദുബായ് ഒരുക്കിയ സാഹചര്യം ഏറെ വിലപ്പെട്ടതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ സാംസ്കാരിക പൈതൃകത്തോടുള്ള അഭിമാനവും പോറ്റുനാടായ യുഎഇയോടുള്ള ആദരവും ഒരുപോലെ പ്രകടിപ്പിച്ച കാഞ്ചനയുടെ ദുബായ് റൺ പങ്കാളിത്തം പ്രവാസി സമൂഹത്തിനും വനിതകൾക്കും പ്രചോദനമാകുകയാണ്. പരമ്പരാഗത വേഷവിധാനം കൈവിടാതെ ആധുനിക ജീവിതശൈലിയും കായികക്ഷമതയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്ന സന്ദേശം കൂടിയാണ് ഈ മലയാളി വനിത പകരുന്നത്.

Leave a Comment

More News