ഡല്‍ഹി മോഡല്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ നിന്ന് ആരെയും അയച്ചിട്ടില്ല: മന്ത്രി വി ശിവന്‍‌കുട്ടി

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഏതാനും വിദ്യാഭ്യാസ വിചക്ഷണർ ഡൽഹിയിലെ സ്‌കൂൾ സന്ദർശിച്ചതിനെച്ചൊല്ലി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഡൽഹിയിലെ ആം ആദ്മി പാർട്ടി എംഎൽഎ അതിഷിയും ട്വിറ്ററിൽ രൂക്ഷ വിമർശനവുമായി രംഗത്ത്. ശനിയാഴ്ച ഒരു ട്വീറ്റിൽ, AAP MLA തന്റെ മണ്ഡലമായ കൽക്കാജിയിലെ ഒരു സ്‌കൂളിലേക്ക് കേരളത്തിൽ നിന്നുള്ള ‘ഉദ്യോഗസ്ഥർ’ നടത്തിയ സന്ദർശനത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. നമ്മുടെ (ഡൽഹി) വിദ്യാഭ്യാസ മാതൃക മനസ്സിലാക്കാനും അത് കേരളത്തില്‍ നടപ്പിലാക്കാനും ഉദ്യോഗസ്ഥർക്ക് താൽപ്പര്യമുണ്ടെന്ന് അവർ പറഞ്ഞതായി അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. സഹകരണത്തിലൂടെയുള്ള വികസനം എന്നതിന്റെ ഉദാഹരണമായി അതിഷി ഈ സന്ദർശനത്തെ ഉദ്ധരിച്ചു. എന്നാല്‍, ഡൽഹി മോഡലിനെക്കുറിച്ച് പഠിക്കാൻ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ആരെയും അയച്ചിട്ടില്ലെന്ന് ശിവൻകുട്ടി ഞായറാഴ്ച ട്വിറ്ററിൽ കുറിച്ചു. ‘കേരള മോഡൽ’ പഠിക്കാൻ ഡൽഹിയിൽ നിന്ന് സംസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥർക്ക് കേരളം എല്ലാ സഹായവും നൽകിയിട്ടുണ്ടെന്ന് മന്ത്രി അതിഷിയെ…

പ്രണയനൈരാശ്യം: യുവാവും പെണ്‍കുട്ടിയും ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

പാലക്കാട്: പ്രണയനൈരാശ്യം യുവാവിന്റേയും പെണ്‍കുട്ടിയുടേയും ജീവനെടുത്തു. പാലക്കാട് കൊല്ലങ്കോട് ഈസ്റ്റ് വില്ലേജിലാണ് ദാരുണമായ സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഇന്ന് രാവിലെയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പതിനാറുകാരിയെ യുവാവ് വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തിയത്. ഇരുവർക്കും 95 ശതമാനം പൊള്ളലേറ്റു. കൊല്ലങ്കോട് ഈസ്റ്റ് വില്ലേജിലെ ധന്യ, ബാലസുബ്രഹ്മണ്യൻ (23) എന്നിവരാണ് മരിച്ചത്. പിറന്നാളാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ബാലസുബ്രഹ്മണ്യൻ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ബാലസുബ്രഹ്മണ്യത്തിന്റെ അമ്മയും അനുജത്തിയും വീട്ടിലുണ്ടായിരുന്ന സമയത്താണ് അത്യാഹിതം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ധന്യയും ബാലസുബ്രഹ്മണ്യനും നിലവിളിച്ച് മുറിക്ക് പുറത്തേക്കുവരുന്നതുകണ്ട അമ്മയും സഹോദരിയുമാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയത്. ഇരുവരേയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാലസുബ്രഹ്മണ്യനും ധന്യയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് വിവരം. ധന്യയ്ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് ബാലസുബ്രഹ്മണ്യന് വീട്ടുകാര്‍ വാക്കു നല്‍കിയിരുന്നതായി പറയപ്പെടുന്നു. ഇരുവരും ചേര്‍ന്ന് ആത്മഹത്യ ചെയ്തതാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

കോൺഗ്രസ് പാർട്ടി സാധാരണക്കാരിൽ നിന്ന് അകലുന്നതായി പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുധാകരൻ

കോട്ടയം: കോൺഗ്രസ് പാർട്ടി സാധാരണക്കാരിൽ നിന്ന് അകലുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പാർട്ടി ഏറ്റെടുക്കുന്നില്ലെന്നും പാർട്ടി ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിലേക്ക് തിരിച്ചുവരവ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ നേതൃയോഗത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. കോട്ടയം ജില്ലയിലാണ് ഏറ്റവും മോശം പ്രവര്‍ത്തനം നടക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുകയാണ്. പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് വ്യാപകമാകുന്നുണ്ട്. സാമൂഹിക സംഘടനകള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശക്തികേന്ദ്രങ്ങള്‍ ആയിരുന്നിടങ്ങളില്‍ പോലും നിലവില്‍ പ്രവര്‍ത്തനം ഇല്ലാത്ത അവസ്ഥയാണ്. പ്രശ്നങ്ങളുമായെത്തുന്ന ജനങ്ങളെ സഹായിക്കണം. അല്ലാതെ വാചക കസര്‍ത്ത് മാത്രം നടത്തിയിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. യോഗത്തില്‍ ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷും പങ്കെടുത്തിരുന്നു.

ചികിത്സയ്ക്കായി പിണറായി വിജയന്‍ അമേരിക്കയിലേക്ക്

തിരുവനന്തപുരം: മിനസോട്ടയിലെ മയോ ക്ലിനിക്കിൽ തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പോയി. ഞായറാഴ്ച പുലർച്ചെ 4.30ന് തിരുവനന്തപുരത്ത് നിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ ദുബായ് വഴി ന്യൂയോർക്കിലേക്ക് പുറപ്പെട്ടു. മേയ് 15ന് തിരിച്ചെത്തും. ഭാര്യ കമലയും പേഴ്‌സണൽ അസിസ്റ്റന്റ് വി എം സുനീഷും ഒപ്പമുണ്ട്. എന്നാല്‍, തന്റെ യുഎസ് യാത്രയിൽ അദ്ദേഹം ആർക്കും ചുമതല നൽകിയിട്ടില്ല. 2018ലും അടുത്തിടെ ഈ വർഷം ജനുവരിയിലും അദ്ദേഹം മയോ ക്ലിനിക്ക് സന്ദർശിച്ചു. ഏപ്രിൽ 27ന് നടക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിൽ ഓൺലൈൻ വഴി അദ്ദേഹം പങ്കെടുക്കും.

മങ്കട പഞ്ചായത്തിൽ അന്‍പതോളം പേർ വെൽഫെയർ പാർട്ടിയിലേക്ക്

മങ്കട: മങ്കട പഞ്ചായത്തിൽ നിന്നും വെൽഫെയർ പാർട്ടിയിലേക്ക് പുതുതായി കടന്നുവന്ന അന്‍പതോളം പേർ പാർട്ടി അംഗത്വം സ്വീകരിച്ചു. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുമുള്ള അനവധിയാളുകളാണ് ഈയിടെ പാർട്ടിയുടെ ഭാഗമായിക്കൊണ്ടിരിക്കുന്നത്. മങ്കട മണ്ഡലത്തിൽ 550 ഓളം പേരാണ് ഇതുവരെ അംഗത്വം സ്വീകരിച്ചത്. ക്ഷേമ രാഷ്ട്രം ഉയർത്തിപ്പിടിച്ച്, ജനപക്ഷത്ത് നിലയുറപ്പിക്കുന്നതിനാലാണ് മണ്ഡലത്തിൽ വെൽഫെയർ പാർട്ടിയിലേക്ക് ജനങ്ങൾ ആകൃഷ്ടരാവുന്നതെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ ഖാദർ അങ്ങാടിപ്പുറം പറഞ്ഞു. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി കെ. പി ഫാറൂഖ്, വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി മാസ്റ്റർ, സെക്രട്ടറി ഷാക്കിർ, ജമാൽ കൂട്ടിൽ, ഹബീബ് പി.പി എന്നിവർ സംബന്ധിച്ചു.

നവീകരിച്ച വടക്കാങ്ങര കിഴക്കേകുളമ്പ് വടക്കേകുളമ്പ് റോഡ് ഉദ്ഘാടനം ചെയ്തു

വടക്കാങ്ങര: മങ്കട നിയോജകമണ്ഡലം എം.എൽ.എയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിച്ച ആറ് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച വടക്കാങ്ങര കിഴക്കേകുളമ്പ് വടക്കേകുളമ്പ് റോഡ് മങ്കട മണ്ഡലം എം.എൽ.എ മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്തു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കാവുങ്ങൽ, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനീസ് മഠത്തിൽ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രമുഖർ, പ്രദേശവാസികൾ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു. വടക്കാങ്ങരയുടെ നീറുന്ന പ്രശ്നമായ കിഴക്കേകുളമ്പ് അങ്ങാടിയിലെ മഴക്കാലത്തെ റോഡിലൂടെയുള്ള വെള്ളമൊഴുക്കിന്റെ പ്രശ്നം എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തുകയും പരിഹാരം കാണാമെന്ന് എം.എൽ.എ ഉറപ്പു നൽകുകയും ചെയ്തു.

എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സമഗ്രമാറ്റങ്ങള്‍; കാത്തലിക് എഞ്ചിനീയറിംഗ് അസോസിയേഷന്‍ ഉന്നത വിദ്യാഭ്യാസ വെബിനാര്‍ 25ന്

കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ ആഗോള സാധ്യതകളും പ്രതീക്ഷകളും ആനുകാലിക മാറ്റങ്ങളും പങ്കുവെയ്ക്കുന്ന സംസ്ഥാനതല വെബിനാര്‍ ഏപ്രില്‍ 25 തിങ്കളാഴ്ച 3 മണിക്ക് നടക്കും. കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ കേരള സാങ്കേതിക വിദ്യാഭ്യാസ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം എസ് രാജശ്രീ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റവ. ഡോ. മാത്യു പായിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസം-സാധ്യതകള്‍ പ്രതിസന്ധികള്‍ ഭാവിപ്രതീക്ഷകള്‍ ആഗോള കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ മുഖ്യപ്രബന്ധം അവതരിപ്പിക്കുന്നതുമാണ്. സിന്‍ഡിക്കേറ്റ് അംഗം ഡോ.പി.കെ.ബിജു എക്‌സ് എം.പി. മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷന്‍ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത്, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും. വിവിധ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളെ പ്രതിനിധീകരിച്ച് എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധരും പ്രഗത്ഭരുമായ ഡോ. നിക്‌സണ്‍ കുരുവിള, ഡോ. കെ. കെ. രാജന്‍,…

ബില്‍ അടക്കാത്തതിന് വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബി ജീവനക്കാരന് വീട്ടുടമയുടെ മര്‍ദനം

കോഴിക്കോട്: പുതുപ്പാടിയില്‍ കെഎസ്ഇബി ജീവനക്കാരനെ ഓഫിസില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ചതിന്റെ പേരിലാണ് വീട്ടുടമ മര്‍ദ്ദിച്ചതെന്ന് ജീവനക്കാരന്‍ രമേശന്‍ പറയുന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്തപ്പോള്‍ ഉദ്യോഗസ്ഥരും ജീവനക്കാരും അപമാനിച്ചെന്നാണ് വീട്ടുടമയായ എലോക്കര സ്വദേശി നഹാസിന്റെ പരാതി. ബില്ലടക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ ഓണ്‍ലൈന്‍ വഴി പണം നല്‍കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതും തര്‍ക്കത്തിന് കാരണമായി. സൂപ്രണ്ടും ജീവനക്കാരും ചേര്‍ന്ന് ആക്രമിച്ചെന്നാണ് നഹാസിന്റെ പരാതി. നഹാസും ജീവനക്കാരനായ രമേശനും താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ഓപറേഷന്‍ മല്‍സ്യ; ആരോഗ്യവകുപ്പ് പിടികൂടിയത് 2000 കിലോ പഴകിയ മീന്‍

തിരുവനന്തപുരം : മീനിലെ മായം കണ്ടെത്താന്‍ നടപടി കര്‍ശനമാക്കി ആരോഗ്യവകുപ്പ്. ഓപ്പറേഷന്‍ മത്സ്യയിലൂടെ രണ്ടായിരം കിലോയോളം പഴകിയ മത്സ്യം പിടിച്ചു. പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ നമ്പറുകളും പ്രസിദ്ധപ്പെടുത്തി. മീനില്‍ മായം കലര്‍ന്നിട്ടുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നുമുളള പരാതികള്‍ വ്യാപകമാ യതോടെയാണ് റെയ്ഡ് ശക്തമാക്കിയത്. മൂന്നു ദിവസത്തിനിടെ 1925 കിലോ പഴകിയ മത്സ്യം നശിപ്പിച്ചു. ഭക്ഷ്യ വസ്തുക്കള്‍ തരംതിരിച്ചായിരിക്കും പരിശോധന. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ജില്ലകളിലെ മൊബൈല്‍ ലാബുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കില്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. അതത് ജില്ലകളില്‍ ബന്ധപ്പെടേണ്ട നമ്പരുകളും പ്രസിദ്ധപ്പെടുത്തി. ഓപ്പറേഷന്‍ മത്സ്യ എന്നു പേരിട്ടിരിക്കുന്ന റെയ്ഡ് വരും ദിവസങ്ങളിലും തുടരും.

സമ്മാനമില്ലെന്ന് കരുതി ലോട്ടറി ടിക്കറ്റുകള്‍ ചവറ്റുകുട്ടയിലെറിഞ്ഞു, കടയുടമ പരിശോധിച്ചപ്പോള്‍ കിട്ടിയത് 40,000 രൂപ

തളിപ്പറമ്പ്: സമ്മാനമില്ലെന്ന് കരുതി അജയകുമാര്‍ ഒരു കടയിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചതായിരുന്നു ലോട്ടറി ടിക്കറ്റുകള്‍. എന്നാല്‍, കടയുടമ വൈകീട്ട് ചവറ്റുകൊട്ടയിലെ ലോട്ടറികള്‍ വെറുതെയെടുത്ത് പരിശോധിച്ചപ്പോള്‍ 40,000 രൂപ അടിച്ചിരിക്കുന്നതായി കണ്ടെത്തി. കാക്കത്തോട്ടിലെ ഓട്ടോ ഇലക്ട്രീഷ്യനായ പൂമംഗലത്തെ പി.പി. രഞ്ജുവിന്റെ സത്യസന്ധതയില്‍ അജയകുമാറിന് ലോട്ടറികള്‍ തിരികെ ലഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് കട അടിച്ചുവാരി വൃത്തിയാക്കുമ്പോഴാണ് രഞ്ജുവിന് ചവറ്റുകൊട്ടയില്‍നിന്ന് ലോട്ടറി ടിക്കറ്റുകള്‍ കിട്ടിയത്. രഞ്ജു ഫലം നോക്കിയപ്പോള്‍ ഒരു ടിക്കറ്റിന് 5000 രൂപവെച്ച് എട്ട് ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിച്ചതായി മനസ്സിലാക്കി. വൈകീട്ട് കടയില്‍ എത്തിയ രഞ്ജുവിന്റെ സുഹൃത്തുക്കളായ പൂമംഗലത്തെ എ. ഷൈജുവിനോടും കെ.വി. മനോജിനോടും ഇക്കാര്യം പറഞ്ഞു. ഉടന്‍തന്നെ മൂന്നുപേരും ചേര്‍ന്ന് ഉടമസ്ഥനെ അന്വേഷിച്ചു. ഉച്ചയ്ക്ക് വര്‍ക്ക് ഷോപ്പില്‍ വാഹനം അറ്റകുറ്റപ്പണി നടത്താന്‍ വന്ന തിരുവട്ടൂരിലെ ചെങ്കല്‍ കയറ്റുതൊഴിലാളി അജയകുമാറാണ് ലോട്ടറിയുടെ അവകാശിയെന്ന് കണ്ടെത്തി. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.…