കൊച്ചി: പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു. പറവൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. കുട്ടിയെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ഇടതുകൈയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്‌കൂളില്‍ മടങ്ങിയെത്തിയ കുട്ടി പരീക്ഷയെഴുതി. പിന്നീട് കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും പ്രതിരോധ വാക്സിനെടുത്തു.
Category: KERALA
നെഞ്ചുവേദന: നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി
അങ്കമാലി: നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം കഴിയുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മാര്‍ച്ച് 30ന് നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. തുടര്‍ന്ന് മാര്‍ച്ച് 31നു ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി.
ബിവറേജസ് ഔട്‌ലറ്റിന് മുന്നില്‍ അപകടം; കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി 50-കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: പാലോട് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിന് മുന്നില്‍ കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി 50-കാരന് ദാരുണാന്ത്യം. പങ്ങോട് തേക്കുംമൂട് മൂന്ന് സെന്റ് കോളനിയിലെ സുന്ദരന്‍ ആണ് മരിച്ചത്. കാര്‍ പുറകിലേക്ക് എടുത്തപ്പോള്‍ നിലത്ത് കിടന്നിരുന്ന സുന്ദരന്റെ മുകളിലൂടെ കാറിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കാറിലെ യാത്രക്കാര്‍ ബിവറേജസില്‍നിന്ന് മദ്യം വാങ്ങാന്‍ എത്തിയവരായിരുന്നു. ഔട്ട്ലെറ്റിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്താണ് ഇവര്‍ മദ്യം വാങ്ങാന്‍ പോയത്. തിരികെവന്ന് കാര്‍ പുറകിലേക്ക് എടുത്തപ്പോഴാണ് നിലത്തുകിടന്നിരുന്ന സുന്ദരന്റെ ദേഹത്തുകൂടെ കയറിയിറങ്ങിയത്. ഉടന്‍തന്നെ നാട്ടുകാര്‍ സുന്ദരനെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ വാഹനവും കസ്റ്റഡിയിലെടുത്തിരുന്നു.
നെന്മാറ വേലയ്ക്ക് ബസിന് മുകളില്‍കയറിയുള്ള യാത്ര; പാലക്കാട് നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
പാലക്കാട്: നെന്മാറ വേലയ്ക്ക് ബസിനുമുകളില്‍ യാത്രചെയ്ത സംഭവത്തില്‍ നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. എസ്.ആര്‍.ടി, കിങ്സ് ഓഫ് കൊല്ലംകോട് ബസുകളിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സുകളാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നെന്മാറ വല്ലങ്കി വേലയുടെ വെടിക്കെട്ട് കഴിഞ്ഞ് മടങ്ങിപ്പോകുന്ന യാത്രക്കാരാണ് ബസുകള്‍ക്ക് മുകളില്‍ കയറിയത്. ബസിനുമുകളില്‍ കയറി യാത്രക്കാര്‍ക്ക് കണ്ടക്ടര്‍ ടിക്കറ്റ് നല്‍കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. രണ്ട് ബസിന്റെ ഉടമകള്‍ക്കും നോട്ടീസ് അയക്കാനും ആര്‍ടി.ഒ തീരുമാനിച്ചിട്ടുണ്ട്. വേറെയും ബസുകളുടെ സമാനമായ വീഡിയോകള്‍ ആര്‍.ടി.ഒയ്ക്ക് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടി ഉണ്ടാവും. വലിയ ജനക്കൂട്ടമായിരുന്നു ഇത്തവണ നെന്മാറ വേല വെടിക്കെട്ട് കാണാനായി എത്തിയിരുന്നത്. എല്ലാ വര്‍ഷവും ആളുകള്‍ വെടിക്കെട്ട് കഴിഞ്ഞ് ഇത്തരത്തില്‍ യാത്ര ചെയ്യാറുണ്ടെങ്കിലും ഇത്തവണ വീഡിയോ പ്രചരിച്ചതാണ് നടപടിയിലേക്ക് എത്തിച്ചത്.
നെഞ്ചുവേദന: നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍
കൊച്ചി: നടന്‍ ശ്രീനിവാസനെ നെഞ്ചുവേദനയെ തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 30-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലുള്ള ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില ഭദ്രമാണെന്നും അധികൃതര്‍ അറിയിച്ചു. നാലാം തീയതി തിങ്കളാഴ്ച ശ്രീനിവാസന്റെ 66-ാം ജന്മദിനമായിരുന്നു.
കേരളത്തില്‍ 361 പേര്‍ക്ക് കോവിഡ്; ആകെ മരണം 68,228
കേരളത്തില്‍ 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15, ആലപ്പുഴ 15, ഇടുക്കി 11, കണ്ണൂര്‍ 9, മലപ്പുറം 8, വയനാട് 8, പാലക്കാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 29 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,228 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 369 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 45, കൊല്ലം…
വീണ്ടും ചക്രവാതച്ചുഴി ന്യൂനമര്‍ദമാകുന്നു, ഏപ്രില്‍ ഒന്‍പതു വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കു സാധ്യത
തിരുവനന്തപുരം: ഏപ്രില്‍ ഒന്‍പതു വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് മുകളിലായി ഇന്നു ചക്രവാതച്ചുഴി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ഇതു ന്യൂനമര്‍ദമായി മാറും. ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്കു സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം. അതേസമയം, സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്തേക്കും. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.
മൂവാറ്റുപുഴ ജപ്തിയില്‍ വീഴ്ച; ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് മന്ത്രിയുടെ നിര്‍ദേശം; ബാങ്ക് സിഇഒ രാജിവച്ചു
കൊച്ചി: മൂവാറ്റുപുഴയില്‍ മാതാപിക്കള്‍ വീട്ടിലില്ലാതിരുന്ന സമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇറക്കി വിട്ട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ അര്‍ബാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് സഹകരണമന്ത്രി വി.എന്‍ വാസവന്റെ നിര്‍ദേശം. ജപ്തി നടപടിയില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദേശം നല്‍കി. കുട്ടികള്‍ക്കു പകരം താമസ സൗകര്യം ഒരുക്കാതെ നടപടി സ്വീകരിച്ചതു സര്‍ക്കാര്‍ നയത്തിനു ചേര്‍ന്നതല്ലെന്നാണ് വിലയിരുത്തല്‍. ജപ്തിക്ക് നിര്‍ദേശം നല്‍കിയത് ഒരു ഉദ്യോഗസ്ഥനാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഗൃഹനാഥന്‍ അജേഷ് ഹൃദ്‌രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന സമയത്താണ് അര്‍ബന്‍ ബാങ്ക് അധികൃതര്‍ പെണ്‍കുട്ടികള്‍ അടക്കം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വീട്ടില്‍ നിന്നും ഇറക്കിവിട്ട് ജപ്തി നടപടി പൂര്‍ത്തിയാക്കിയത്. സംഭവ സമയം കുട്ടികളുടെ അമ്മയും ആശുപത്രിയിലായിരുന്നു. സംഭവമറിഞ്ഞെത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് പൂട്ട് തകര്‍ത്തു…
മീഡിയവണ്‍ വിലക്ക്: മറുപടിസത്യവാങ്മൂലത്തിന് സമയംവേണ കേന്ദ്രം
ന്യൂഡല്‍ഹി: മീഡിയ വണ്‍ സംപ്രേക്ഷണ വിലക്ക് ചോദ്യംചെയ്തുള്ള ഹര്‍ജികളുടെ മറുപടി സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം തീരുമാനിക്കേണ്ടത് ഉന്നതങ്ങളിലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിന് സമയം ആവശ്യമാണെന്നും അതിനാല്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതിന് നാല് ആഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിക്ക് കത്ത് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനായ അമരീഷ് കുമാറാണ് സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്. സംപ്രേഷണ വിലക്ക് ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസുമാരായ ഡി. വൈ ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കത്ത് നല്‍കിയതെന്നാണ് സൂചന. സംപ്രേഷണ വിലക്കിനെതിരെ മീഡിയവണ്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
വയനാട് ആര്‍.ടി ഓഫീസ് ജീവനക്കാരി ജീവനൊടുക്കിയ സംഭവം: സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി കുടുംബം
വയനാട്: മാനന്തവാടി ആര്‍.ടി ഓഫീസില്‍ ഭിന്നശേഷിക്കാരിയായ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി കുടുംബം കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്ത സിന്ധുവിനെ സഹപ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തിയിരുന്നു. ഒറ്റപ്പെടുത്തുന്ന കാര്യം സിന്ധു പറഞ്ഞിരുന്നു. ജോലി നഷ്ടപ്പെടുമോ എന്ന് സിന്ധു ഭയപ്പെട്ടിരുന്നതായും സഹോദരന്‍ പറഞ്ഞു. സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം ചൂണ്ടിക്കാട്ടി സഹോദരന്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓഫീസില്‍ തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ജോയിന്റ് ആര്‍.ടി.ഒ പറഞ്ഞു. ഇന്നു രാവിലെയാണ് മാനന്തവാടി സബ ആര്‍.ടി ഓഫീസിലെ ക്ലര്‍ക്കായ സിന്ധു (42)നെ വീട്ടിലെ ജനാല അഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പത് വര്‍ഷമായി ആര്‍.ടി ഓഫീസില്‍ ജീവനക്കാരിയാണ് സിന്ധു. മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ കാരണം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.
