ന്യൂയോര്‍ക്ക് നഗരത്തില്‍ ഏഷ്യന്‍ വനിതകള്‍ ആക്രമിക്കപ്പെട്ട സംഭവം; അക്രമി അറസ്റ്റില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ കഴിഞ്ഞ വാരാന്ത്യം ഒരു ദിവസം രണ്ടു മണിക്കൂറിനുള്ളില്‍ ഏഴ് ഏഷ്യന്‍ അമേരിക്കന്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്ന നഗരത്തിലെ താമസക്കാരന്‍ സ്റ്റീവന്‍ സജോനിക്കിനെ (28) പോലീസ് അറസ്‌റ് ചെയ്തു.

മാര്‍ച്ച് 2 ബുധനാഴ്ച വൈകീട്ട് മിഡ് ടൗണിലുള്ള പബ്ലിക് ലൈബ്രറിക്ക് പുറത്ത് വച്ചാണ് സ്റ്റീവനെ പോലീസ് പിടികൂടിയത്. ഏഴു അഗ്രവേറ്റഡ് ഹരാസ്മെന്റിന് കേസ്സെടുത്തു .

അക്രമിക്കപ്പെടുകയോ, വംശീയ അധിക്ഷേപത്തിന് വിധേയരാകുകയോ ചെയ്ത ഏഴു സ്ത്രീകളുമായി സ്റ്റീവന് പ്രത്യേക ബന്ധമൊന്നും ഇല്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഏഷ്യന്‍ വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളില്‍ ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ ഭയവിഹ്വലരാണ്.

മാഡിസണ്‍ അവന്യുവില്‍ ഞായറാഴ്ച വൈകീട്ട് ആറു മണിക്കാണ് ആദ്യ ആക്രമണം . 57 വയസ്സുള്ള സ്ത്രീയെ യാതൊരു പ്രകോപനവും ഇല്ലാതെ മുഖത്തടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പത്ത് മിനിറ്റിന് ശേഷം ഒരു ബ്ലോക്ക് അകലെ 25 കാരി ആക്രമിക്കപ്പെട്ടു. തുടര്‍ന്ന് 4 പേര്‍ കൂടെ അടുത്തടുത്ത സ്ഥാനങ്ങളില്‍ വച്ച് ആക്രമിക്കപ്പെട്ടു.

അവസാനമായി രാത്രി 8.40 ന് ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റി 8 സ്ട്രീറ്റ് ബ്രോഡ്‌വേയില്‍ വച്ച് 20 വയസ്സുളള വനിതയായിരുന്നു ആക്രമിക്കപ്പെട്ടത്. ഇതില്‍ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സമീപത്ത് സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് ഇയാളുടെ ചിത്രം പതിഞ്ഞത്. പാന്‍ഡമിക്കിന്റെ സാഹചര്യത്തില്‍ 2021 ല്‍ മാത്രം ഏഷ്യന്‍ വംശജര്‍ക്കെതിരെ ന്യുയോര്‍ക്കില്‍ 131 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2020 ല്‍ 28 ഉം 2019 ല്‍ 3 ഉം ഉണ്ടായിരുന്ന സ്ഥാനത്താണ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു 131 ല്‍ എത്തിയിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News