ടെന്നസിയിൽ ഒട്ടകത്തിന്‍റെ അക്രമണം; രണ്ടു പേര്‍ മരിച്ചു

ടെന്നസി: ടെന്നസി മൃഗശാലയിൽനിന്നും രക്ഷപെട്ട ഒട്ടകത്തിന്‍റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചതായി ഒബിയൺ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

മാർച്ച് 10 നു ഷെർലി ഫാംസിനടുത്തായിരുന്നു സംഭവം. ഒട്ടകത്തിന്‍റെ ആക്രമണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെതുടർന്നു സ്ഥലത്ത് എത്തിചേർന്ന പോലീസിനു കാണാൻ കഴിഞ്ഞത് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്നിരുന്ന രണ്ടു പേരെയാണ്.

ബോബി മേതനി (42), ടോമിഗൺ (67) എന്നിവരെ പോലീസ് പരിശോധിക്കുന്നതിനിടയിൽ ഒട്ടകം പോലീസിനു നേരെ നടന്നടുത്തു. പോലീസ് വാഹനത്തേയും അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ ശുശ്രൂഷിച്ചിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനേയും ആക്രമിക്കാൻ അടുത്തുവന്ന ഒട്ടകത്തിനുനേരെ കൂടുതൽ ആക്രമണവും അപകടവും ഒഴിവാക്കുന്നതിനായി ഷെറിഫ് വെടിയുതിർക്കുകയായിരുന്നു. ഒട്ടകം സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു.

ഒട്ടകത്തിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു കിടന്നിരുന്ന രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒട്ടകം മൃഗശാലയിൽനിന്നും എങ്ങനെ രക്ഷപെട്ടുവെന്നും കൊല്ലപെട്ട ഇരുവരേയും ആക്രമിക്കുന്നതിനുള്ള കാരണം എന്തായിരുന്നുവെന്നും അന്വേഷിച്ചുവരുന്നതായി കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. ഇതൊരു അസാധാരണ സംഭവമാണെന്നും ഷെറിഫ് കൂട്ടിചേർത്തു.

Print Friendly, PDF & Email

Leave a Comment

More News