ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല ഇനി ഇന്‍ഡസ്ട്രീയല്‍ സെക്യൂരിറ്റി ഫോഴ്സിന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പിലും പ്രതിഷേധ പ്രകടനങ്ങള്‍ എത്തിയതോടെ ക്ലിഫ് ഹൗസിലെ സുരക്ഷാ ചുമതല ഇനി സംസ്ഥാന വ്യവസായ സുരക്ഷാ സേന കൈകാര്യം ചെയ്യും. സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസിന്റെ ദ്രുതകര്‍മ്മ സേനയെ മാറ്റാനും ക്ലിഫ് ഹൗസിന്റെ സുരക്ഷ എസ്‌ഐഎസ്‌എഫിന് കൈമാറാനും തീരുമാനിച്ചു.

പോലീസ് വലയം മറികടന്ന് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം വരെ എത്തിയതോടെയാണ് സെക്രട്ടറിയേറ്റിന്റെ സുരക്ഷ പൂര്‍ണമായും സംസ്ഥാന വ്യവസായ സുരക്ഷ സേനയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്. പ്രതിഷേധക്കാര്‍ എത്തിയ സംഭവം പരിഗണിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ അവലോകനം ചെയ്യാന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.

ഈ സമിതിയുടെ ശുപാര്‍ശയിലാണ് ക്ലിഫ്‌ഹൌസിന്റെ സുരക്ഷയും സര്‍ക്കാര്‍ എസ്‌ഐഎസ്എഫിനെ ഏല്‍പ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വ്യവസായ സുരക്ഷാ സേനയുടെ 20 അംഗങ്ങള്‍ ക്ലിഫ്ഹൗസിലെത്തും. സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നീക്കം. എന്നാല്‍ വ്യവസായ സുരക്ഷാ സേന എത്തിയാലും പോലീസിന് കീഴിലുള്ള ദ്രുത കര്‍മ്മ സേന ക്ലിഫ് ഹൗസില്‍ തന്നെ തുടരും.

ദ്രുതകർമസേനയെ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് തീരുമാനം. ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരം ക്ലിഫ് ഹൗസിന്റെ സുരക്ഷ എസ്ഐഎസ്എഫ് ഏറ്റെടുക്കും. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ കറുത്ത കാറിലേക്ക് മുഖ്യമന്ത്രി മാറിയിരുന്നു. അകമ്പടി വാഹനങ്ങളും ഉടൻ കറുപ്പുനിറമാകും.

Print Friendly, PDF & Email

Leave a Comment

More News