തെളിവ് നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസിലെന്ന് ക്രൈംബ്രാഞ്ച്; നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ നടന്‍ ദിലീപിന്റെ ഫോണിലെ രേഖകള്‍ നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസില്‍വച്ചെന്ന് കണ്ടെത്തല്‍. തിരുവനന്തപുരത്ത് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ച് ഫോണ്‍ രേഖകള്‍ മായിച്ചത് കണ്ടെത്തിയത്. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ചും കൊച്ചിയിലെ ഹോട്ടലില്‍വച്ചുമാണ് രേഖകള്‍ നശിപ്പിച്ചത്. ഇവിടങ്ങളിലെ വൈ ഫൈയാണ് ഇതിനായി ഉപയോഗിച്ചത്. സ്വകാര്യ ഫോറന്‍സിക് വിദഗ്ധനായ സായിശങ്കറെ വിളിച്ചുവരുത്തിയാണ് ഫോണ്‍ രേഖകള്‍ മായിച്ചത്. സായിശങ്കര്‍ പ്രതികളെ സഹായിച്ചതായി വെളിപ്പെട്ടതോടെ ഇയാളെ പ്രതിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇയാളെ അടുത്ത ദിവസം ചോദ്യം ചെയ്യും.

ഇതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. പ്രതികളുടെ ഫോണ്‍ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വാദം നടക്കുമ്പോള്‍ രേഖകള്‍ മായിക്കുന്ന തിരക്കിലായിരുന്നു അഭിഭാഷക സംഘമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ദിലീപിന്റെ അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അതിജീവിത ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു. അഭിഭാഷകന്‍ രാമന്‍പിള്ള കേസിലെ സാക്ഷികളെ നേരിട്ട് വിളിച്ചു. ഓഫീസില്‍വച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു. 20 സാക്ഷികള്‍ കൂറുമാറിയതിനു പിന്നില്‍ അഭിഭാഷക സംഘമാണെന്നും അതിജീവിത ആരോപിക്കുന്നു.

അതേസമയം, വധഗൂഢാലോചനക്കേസില്‍ തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് ഹൈക്കോടതിയില്‍ പറഞ്ഞു. സ്വകാര്യ സംഭാഷണങ്ങളാണ് നീക്കം ചെയ്തതെന്ന് ദിലീപ് ഹൈക്കോടതിയില്‍ അറിയിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ടടക്കം ഹാജരാക്കിക്കൊണ്ട് ദിലീപും കൂട്ടുപ്രതികളും അഭിഭാഷകരും ചേര്‍ന്ന് ഈ കേസിലെ നിര്‍ണായകമായ തെളിവുകള്‍ നശിപ്പിച്ചുവെന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ ദിലീപ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ നിര്‍ണായക നീക്കം. കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും നശിപ്പിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഒന്നും തന്നെ നിലനില്‍ക്കുന്നതല്ലെന്നും ദിലീപ് കോടതിയില്‍
ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ദിലീപിന്റെ വീട്ടിലെ കാര്യസ്ഥനായിരുന്ന ദാസന്റെ മൊഴി വസ്തുതാവിരുദ്ധമാണെന്നും മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News