ഫോമ വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റായി ഡോ. പ്രിന്‍സ് നെച്ചിക്കാട്ടിനെയും, ജാസ്മിന്‍ പരോളിനെ നാഷണല്‍ കമ്മറ്റിയിലേക്കും മങ്ക നാമനിര്‍ദ്ദേശം ചെയ്തു

ഫോമയുടെ നിലവിലുള്ള വനിതാപ്രതിനിധിയും വിമന്‍സ് ഫോറം ട്രഷററുമായ ജാസ്മിന്‍ പരോളിനെ മങ്ക(മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ) 2022-24 ലെ ഫോമയുടെ ദേശീയ കമ്മറ്റിയിലേക്ക് വെസ്റ്റേണ്‍ റീജിയനില്‍ നിന്നുള്ള അംഗമായും, ഡോ.പ്രിന്‍സ് നെച്ചിക്കാട്ടിനെ വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റായും നാമനിര്‍ദ്ദേശം ചെയ്തു.

ഡോ.നെച്ചിക്കാട്ട് 1990 മുതല്‍ മങ്കയില്‍ സജ്ജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ഫോമയുടെ നാഷ്ണല്‍ കമ്മറ്റി മെമ്പര്‍, ഫോമ ബൈ-ലോ കമ്മറ്റി നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ എന്നീ നിലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ബിസിനസ് മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടിയ നെച്ചിക്കാട് ബിസിനസ് രംഗത്തിനപ്പുറം പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തുന്നുണ്ട്. കമ്പ്യൂട്ടര്‍ സാങ്കേതിക രംഗത്തെ സംരഭകനായി ഡോ.നെച്ചിക്കാട് 1995 മുതല്‍ സിലിക്കോണ്‍ വാലിയില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ പ്രിന്‍സ് റിയാലിറ്റി& ഫിനാന്‍സിന്റെ പ്രസിഡന്റും സി.ഇ.ഓ.യുമാണ്.

ഫോമ വനിതാ പ്രതിനിധിയായി ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് വിമന്‍സ് ഫോറവുമായി സഹകരിച്ച് ഈ കമ്മറ്റി കാലയളവില്‍ ജാസ്മിന്‍ നടത്തുന്നത്. മയൂഖം, സഞ്ചയിനി-വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി സ്ത്രീ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിലൂടെയും, അംഗങ്ങളെ ഒരേ മനസ്സോടെ ഒരു സംഘമായി പ്രവര്‍ത്തിപ്പിക്കുന്നതിലൂടെയും അര്‍പ്പണബോധമുള്ള കഠിനാദ്ധ്വാനിയായ, സ്വീകാര്യയായ വ്യക്തിത്വത്തിനുടമയാണെന്ന് ജാസ്മിന്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഫോമയുടെ വരും കാല പ്രവര്‍ത്തനങ്ങള്‍ക്ക് ജാസ്മിനെപോലെ ഊര്‍ജ്ജസ്വലരായ വ്യക്തികള്‍ എന്നും ഒരു മുതല്‍കൂട്ടായിരിക്കും.

കൊളറാഡോ മലയാളി അസോസിയേഷന്‍, ലോസ് ഏഞ്ചല്‍സ് കലാകേരള അസ്സോസിയേഷന്‍ തുടങ്ങിയ സംഘടനകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചിട്ടുള്ള ജാസ്മിന്‍ ഇപ്പോള്‍ മങ്കയുടെ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചു വരികയാണ്. സ്വന്തമായി പ്രീസ്‌ക്കൂള്‍ നടത്തുന്ന ജാസ്മിന് എലിസ്ടാ മീഡിയ എന്ന വാണിജ്യ സംരംഭത്തിന്റെ പ്രവര്‍ത്തന പങ്കാളിയുമാണ്.

ഫോമയുടെയും ഫോമ വെസ്റ്റേണ്‍ റീജിയന്റേയും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ രണ്ടുപേര്‍ക്കും സംഘടനയുടെ യശസ്സുയര്‍ത്തുന്നതിനും, ഫോമയുടെ കൂടുതല്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കാലിഫോര്‍ണിയ വേദിയാക്കുവാനും കഴിയും. സംഘടനാപ്രവര്‍ത്തനങ്ങളില്‍ പരിചയവും കഴിവും തെളിയിച്ച ഡോ. പ്രിന്‍സ് നെച്ചിക്കാടിനും ജാസ്മിന്‍ പരോളിനും വിജയാശംസകള്‍!

Print Friendly, PDF & Email

Leave a Comment

More News