ദിലീപിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് 2015ലെ ഹണി ട്രാപ്പ് കേസിലെ പ്രതി

കൊച്ചി: ദിലീപിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത സായ് ശങ്കര്‍ 2015-ലെ ഹണി ട്രാപ്പ് കേസില്‍ പ്രതിയായ അതേ വ്യക്തി തന്നെയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. നാർക്കോട്ടിക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഹണി ട്രാപ്പിലൂടെ പണം തട്ടിയെടുത്ത കേസിൽ ഇയാൾക്കെതിരെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പോളാണ് അന്ന് സായ് ശങ്കര്‍ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്. അന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലെ സിഐ ആയിരുന്നു ബൈജു പോള്‍. സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ സാങ്കേതിക പരിജ്ഞാനം ഉപയോഗിച്ചാണ് പ്രതികൾ അന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തത്.

അഞ്ച് പ്രതികളുണ്ടായിരുന്ന തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായിരുന്നു സായ് ശങ്കര്‍. ആ കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഇയാള്‍ക്കെതിരെ പുതിയ കേസ്. എന്നാല്‍ തനിക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച കേസില്‍ ക്രൈബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കില്ലനാണ് സായ് ശങ്കര്‍ അറിയിച്ചിരിക്കുന്നത്. ദിലീപിന്റെ ഫോണിലെ ഡാറ്റകള്‍ വീണ്ടെടുക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമം തുടങ്ങിയട്ടുണ്ട്. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ടു ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഇതിനായി ഇയാള്‍ കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത്, പനമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലുകളില്‍ ഇയാള്‍ മുറിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. തെളിവുകള്‍ നശിപ്പിച്ചതിന് സായ് ശങ്കറെയും കേസില്‍ പ്രതിയാക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കോഴിക്കോട്ടെ ഇയാളുടെ ഫ്ലാറ്റുകളിൽ പൊലീസ് റെയ്ഡ് നടത്തി. ദിലീപ് പോലീസിന് കൈമാറിയിട്ടില്ലാത്ത തെളിവുകള്‍ സായ് ശങ്കറിന്റെ പക്കൽ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. അതിനിടെ, ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിച്ച ഐമാക് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News