മൂന്നു ക്ഷേത്രങ്ങളിലെ തിരുവാഭരണം കവര്‍ന്ന പൂജാരി അറസ്റ്റില്‍

കൊച്ചി: മൂന്നു ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ കവര്‍ന്ന ക്ഷേത്ര പൂജാരി അറസ്റ്റില്‍. കണ്ണൂര്‍ അഴീക്കോട് തേനായി അശ്വന്ത് (32) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. വെണ്ണല മാതാരത് ദേവി ക്ഷേത്രം, ഉദയംപേരൂര്‍ നരസിംഗ് സ്വാമി ക്ഷേത്രം, തുതിയൂര്‍ മാരിയമ്മന്‍ കോവില്‍ ക്ഷേത്രം എന്നിവിടങ്ങളിലെ തിരുവാഭരണങ്ങള്‍ മോഷ്ടിച്ചശേഷം ഇയാള്‍ മുക്കുപണ്ടം പകരം വയ്ക്കുകയായിരുന്നു.

വെണ്ണല മാതാരത് ദേവി ക്ഷേത്രത്തില്‍നിന്ന് 25 ഗ്രാം വരുന്ന തിരുവാഭരണമാണ് കവര്‍ന്നത്. പൂജകള്‍ക്കിടെ തിരുവാഭരണത്തിന് ചെമ്പുനിറം ഉണ്ടല്ലോയെന്ന് പുതിയ പൂജാരിക്ക് സംശയം തോന്നുകയും ഇക്കാര്യം ക്ഷേത്രം ഭാരവാഹികളെ അറിയിക്കുകയുമായിരുന്നു. പോലീസ് തിരുവാഭരണത്തിന്റെ മാറ്റ് പരിശോധിച്ചപ്പോള്‍ കളവ് പുറത്തായി. കഴിഞ്ഞവര്‍ഷം അശ്വന്ത് ഈ ക്ഷേത്രത്തില്‍നിന്ന് പിരിഞ്ഞുപോയിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പാലാരിവട്ടത്തെ ധനകാര്യ സ്ഥാപനത്തില്‍ തിരുവാഭരണം പണയം വച്ചെന്ന് സമ്മതിച്ചു. ഇവിടെനിന്ന് ആഭരണം കണ്ടെടുക്കുകയും ചെയ്തു.

വെണ്ണലയില്‍നിന്ന് അശ്വന്ത് ഉദയംപേരൂരിലെ ക്ഷേത്രത്തിലേക്കാണ് പോയിരുന്നത്. അവിടത്തെ തിരുവാഭരണം പരിശോധിച്ചപ്പോള്‍ അതും ചെന്പാണെന്നു കണ്ടെത്തി. വിഗ്രഹത്തിലെ മുല്ലമൊട്ട് മാലയില്‍ മൊട്ടുകള്‍ കൂടുതലായിരുന്നു. ഈ മാലയും ബാങ്കില്‍ പണയപ്പെടുത്തിയിരിക്കുകയായിരുന്നു. തുതിയൂര്‍ മാരിയമ്മല്‍ കോവില്‍ ക്ഷേത്രത്തിലും സമാനരീതിയിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

 

 

 

 

Print Friendly, PDF & Email

Leave a Comment

More News