അമ്മക്കൈനീട്ടം: വിഷു പുലരിയിൽ 101 അമ്മമാർക്ക് 1000 രൂപ വീതം പെൻഷൻ

ഹ്യൂസ്റ്റൺ: ഈ വിഷു പുലരിയിൽ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന അറുപതു കഴിഞ്ഞ 101 അമ്മമാർക്ക് മാസം ആയിരം രൂപവീതം ഒരുവർഷത്തേക്കു പെൻഷൻ നൽകി കേരളാ ഹുന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ എച് എൻ എ). കെ എച് എൻ എ പ്രസിഡണ്ട് ശ്രീ ജി കെ പിള്ളയാണ് വിപ്ലവകരമായ ഈ തീരുമാനം അറിയിച്ചത്. അടുത്ത മാസങ്ങളിൽ ഇത് ആയിരത്തോളം അമ്മമാരിലേക്കു എത്തിക്കാനാണ് തങ്ങളുടെ ശ്രമം എന്നും അടുത്ത രണ്ടു മാസത്തിനകം ഈ ലക്‌ഷ്യം നിറവേറ്റാൻ കഴിയുമെന്നാണ് വിശ്വാസം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് അമേരിക്കൻ മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംരംഭം നടക്കുന്നത്. കേരളത്തിലെ നിർധനരായ അമ്മമാരേ അവരുടെ ഇല്ലായ്മയിൽ ചേർത്തുപിടിക്കാൻ കഴിയുന്നത് ഒരു അനുഗ്രഹമായി തങ്ങൾ കരുതുന്നതായും ഈ പുണ്യകർമം സ്പോണ്സർഷിപ്പിലൂടെ പിന്തുണക്കാൻ കൂടുതൽ മലയാളികൾ മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സന്മനസ്സുള്ളവർ ഒരുമിച്ചു ചേർന്നാൽ ഏതു സർക്കാരുകളും ചെയ്യുന്നതിലുപരി അമേരിക്കൻ മലയാളികൾക്ക് ചെയ്യാൻ കഴിയും എന്നും അദ്ദേഹം പ്രത്യാശിച്ചു.

കേരളത്തിലെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 101 അമ്മമാരിൽ വയനാട്ടിലെ ആദിവാസി ഊരുകളിൽ നിന്നുള്ള അമ്മാരും ഉൾപ്പെടും. വിശ്വസ്തരായ പഞ്ചായത്തു മെമ്പർമാർ, സാമൂഹ്യ സംഘടനകൾ, ക്ഷേത്രഭാരവാഹികൾ എന്നിവരാണ് ആദ്യത്തെ തിരഞ്ഞെടുപ്പ് നടത്തിയത് എന്നും സാമ്പത്തികമായി പരാധീനത അനുഭവിക്കുന്നവരും അറുപതു വയസ്സിനു മുകളിൽ ഉള്ളവരും എന്ന നിബന്ധന കർശനമായും പാലിച്ചാണ് അമ്മമാരെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നും കൺവൻഷൻ ചെയർമാൻ രഞ്ജിത്ത് പിള്ള പറഞ്ഞു. കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ബാങ്കുകൾ വഴിയാണ് എല്ലാമാസവും ഒന്നാം തീയതി ഈ അമ്മമാരുടെ അക്കൗണ്ടുകളിലേക്ക് തുക എത്തിക്കുക. ഈ ചരിത്ര പദ്ധതി സുതാര്യമായി ആവിഷ്കരിച്ചു നടപ്പാക്കാൻ ബാങ്കിൻറെ ഉന്നതോദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി പണം എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ചെയ്തു കഴിഞ്ഞു എന്നും രഞ്ജിത്ത് പറഞ്ഞു.

പെട്ടെന്ന് ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതി ആയതു കാരണം കൂടുതൽ അമ്മമാരെ ഉൾപ്പെടുത്താൻ സാധിച്ചില്ല എന്നാൽ വരും മാസങ്ങളിൽ കൂടുതൽ പേരെ ചേർത്ത് അഞ്ഞൂറോ ആയിരമോ ആക്കി വർധിപ്പിക്കുമെന്ന് ‘അമ്മക്കൈനീട്ട൦’ കോർഡിനേറ്റർമാരായ ഗണേഷ് നായർ(അരിസോണ), ഗോപൻ നായർ(ഫ്ലോറിഡ) മുരളീ കേശവൻ (ഹ്യൂസ്റ്റൺ), മോഹൻ പനങ്കാവിൽ (ഡിട്രോയിറ്റ്), സരിത (സാൻ അന്റോണിയോ) എന്നിവർ പറഞ്ഞു.

പെൻഷൻ പദ്ധതിക്കുവേണ്ട മുഴുവൻ തുകയും സ്പോൺസർമാരിൽനിന്നാണ് കണ്ടെത്തിയതെന്നും ഈ പുണ്യ പ്രവർത്തിയിൽ പങ്കാളികളാകാൻ ധാരാളം പേർ മുന്നോട്ടു വരുന്നുണ്ട് എന്നതും വളരെ ചാരിതാർഥ്യ ജനകമാണെന്നും അവർ പറഞ്ഞു. ഒരു അമ്മക്ക് പന്ത്രെണ്ട്‌ ആയിരം രൂപ ഒരു വര്ഷം എന്നത് അമേരിക്കൻ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വലിയ തുകയല്ലാത്തതിനാൽ വരും വർഷങ്ങളിൽ വരുന്ന പുതിയ കമ്മറ്റികൾക്കും ഈ പദ്ധതി തുടർന്ന് കൊണ്ടുപോകാൻ കഴിയുമെന്നും ജി കെ പിള്ള പറഞ്ഞു.

കേരളത്തിലെ പതിന്നാലു ജില്ലകളിൽ വിവിധ സ്ഥലങ്ങളിലായി വിഷു ദിനത്തിൽ കെ എച് എൻ എ പ്രവർത്തകരുടെ മേൽനോട്ടത്തിൽ പെൻഷൻ വിതരണം നടക്കും. തിരുവനന്തപുരത്തു ചേങ്കോട്ടുകോണം ആശ്രമത്തിൽ തിരുവനന്തപുരം ജില്ലയിൽനിന്നുള്ള അമ്മമാർക്ക് ആദ്യകൈനീട്ടം നൽകി ആശ്രമാചാര്യൻ ശ്രീശക്തി ശാന്താനന്ദ മഹർഷി ഈ പുണ്യകർമ്മം ഉത്ഘാടനം ചെയ്യും.

Print Friendly, PDF & Email

Leave a Comment

More News