വിദ്വേഷ പ്രസംഗം: മുൻ എംഎൽഎ പിസി ജോർജിനെ കര്‍ശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു

തിരുവനന്തപുരം: അനന്തപുരി ഹിന്ദു സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് കേരള ജനപക്ഷം നേതാവും മുൻ എം.എൽ.എയുമായ പി.സി ജോർജിനെ ഞായറാഴ്ച രാവിലെ ഫോർട്ട് പോലീസ് ഈരാറ്റുപേട്ടയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ജോര്‍ജിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

സാക്ഷികളെ സ്വാധീനിക്കുകയോ വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയോ ചെയ്യരുതെന്ന ഉപാധികളോടെയാണ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചതെന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിച്ച ജോർജ്ജ് പറഞ്ഞു. വിവാദ പ്രസംഗത്തിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുൻ എംഎൽഎ പറഞ്ഞു.

താന്‍ പറഞ്ഞ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും എന്നാല്‍, എം.എ. യൂസഫലിക്കെതിരെ പറഞ്ഞതില്‍ തിരുത്തുണ്ടെന്നും അദ്ദേഹത്തിനെതിരെ പറഞ്ഞത് പിന്‍വലിക്കുന്നതായും ജോര്‍ജ് പറഞ്ഞു.

മനസിലുണ്ടായിരുന്ന ആശയങ്ങള്‍ പുറത്ത് പറഞ്ഞപ്പോള്‍ മറ്റൊന്നായിപ്പോയി. ചെറുകിട വ്യാപാരികള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചത്. സംസ്ഥാനത്ത് തീവ്രവാദികള്‍ക്ക് വേണ്ടി എല്‍ഡിഎഫും യുഡിഎഫും ഒറ്റകെട്ടാണെന്നും ഇവര്‍ മുസ്ലീം വോട്ട് ലക്ഷ്യമിട്ട് എടുത്ത കേസാണിതെന്നും ജോര്‍ജ് ആരോപിച്ചു.

153 എ, 295 എ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് സ്വമേധയാ കേസെടുത്ത പോലീസ് 14 ദിവസത്തേക്ക് ജോര്‍ജിനെ റിമാന്‍ഡില്‍ ആവശ്യപ്പെട്ടു. എന്നാല്‍, വഞ്ചിയൂര്‍ കോടതി പോലീസ് വാദങ്ങളെ നിരാകരിച്ച് പി.സി. ജോര്‍ജിന് ജാമ്യം അനുവദിക്കുകയായിരുന്നു.

ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് 153 എ പ്രകാരമാണ് കുറ്റം ചുമത്തിയത്. ഇത് രണ്ട് ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്ന പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ടതാണ്. മൂന്ന് വർഷം വരെ തടവും പിഴയുമാണ് ഈ ജാമ്യമില്ലാ കുറ്റത്തിന് നിർദിഷ്ട ശിക്ഷ.

തിരുവനന്തപുരത്ത് എത്തിയപ്പോൾ, സെക്ഷൻ 295 എ പ്രകാരം ഒരു അധിക ചാർജും അദ്ദേഹത്തിനുമേൽ ചുമത്തി (മനഃപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തിക്ക്, അവരുടെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് ഏതെങ്കിലും വർഗത്തിന്റെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്). ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് പിസിക്കെതിരെ കേസെടുത്തത്. അവധി ദിനമായതിനാല്‍ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ജോര്‍ജിനെ ഹാജരാക്കിയത്.

എആര്‍ ക്യാമ്പില്‍ വച്ചായിരുന്നു വൈദ്യ പരിശോധന നടത്തിയത്. 14 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. മുന്‍ എംഎല്‍എ ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ പി.സി. ജോര്‍ജ് പ്രവര്‍ത്തിച്ചു. ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണം തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് മജിസ്ട്രേറ്റ് ജോര്‍ജിന് ജാമ്യം അനുവദിച്ചത്.

Print Friendly, PDF & Email

Leave a Comment

More News