പി.സി ജോർജിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി ജോർജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ രാവിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂർ അകലെയുള്ള പോലീസ് സ്റ്റേഷനിലെത്തിച്ചത് പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് സമീപനമാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

മുസ്ലിം മതമൗലികവാദികൾ വർഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരിൻ്റെ ഇരട്ടത്താപ്പാണ് പി സി ജോർജിനെ കസ്റ്റഡിയിൽ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്ലാമിക വർഗീയ ശക്തികൾക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാൽ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി വിജയൻ പറയുന്നത്. അത് അംഗീകരിച്ചു തരാൻ ബിജെപി തയ്യാറല്ല.

ജിഹാദികൾക്ക് മുമ്പിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. അറസ്റ്റിലായ പി സി ജോർജ്ജിനെ കാണാൻ എ ആർ ക്യാമ്പിലെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനും മാധ്യമ പ്രവർത്തകരെ കണ്ട ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സംസ്ഥാന സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു.

അതേസമയം, പി സി ജോർജ്ജിന്റെ പ്രസം​ഗവും തുടർന്നുണ്ടായ അറസ്റ്റും രാഷ്ട്രീയമായി തങ്ങൾക്ക് ​ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം. പ്രസം​ഗത്തിൽ കടന്നുവന്ന വിദ്വേഷ പരാമർശങ്ങൾക്കും അപ്പുറം ഹിന്ദു ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് സർക്കാർ വിട്ടുകൊടുക്കണമെന്നും, ലവ് ജിഹാദ് ഇപ്പോഴുമുണ്ട്, ശബരിമല വിഷയം അടക്കമുള്ള പരാമർശങ്ങളാണ് പി സിയുടെ അറസ്റ്റിലേക്ക് നയിച്ചത് എന്ന നിലയിൽ വലിയ പ്രചാരണം നടത്താനാണ് ബിജെപി ക്യാമ്പ് തയ്യാറെടുക്കുന്നത്.

അതേസമയം, റംസാൻ വ്രതാനുഷ്ഠാനം അവസാനിക്കാൻ ഒരു ദിവസം മാത്രം അവശേഷിക്കെ പി സി ജോർജ്ജിനെ മതസ്പർധയുടെ പേരിൽ അറസ്റ്റ് ചെയ്തതിൽ സിപിഎമ്മിനുള്ളിലും അമർഷമുണ്ട് എന്നാണ് സൂചന. ഇത് ഹിന്ദു വിരുദ്ധ സർക്കാരാണെന്നും, മുസ്ലീം ലീ​ഗ് ഉൾപ്പെടെയുള്ള മുസ്ലീം സംഘടനകളെ സുഖിപ്പിക്കാനുള്ള നടപടിയായി വ്യാഖ്യാനിക്കപ്പെടുമെന്നും ചില നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു.

പിസി ജോർജിനെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 153 A , 295 A വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. അതേസമയം മത വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പി സി ജോർജിനെ കാണാൻ വി മുരളീധരൻ എആർ ക്യാമ്പിലെത്തിയെങ്കിലും പിസിയെ കാണാൻ പൊലീസ് അദ്ദേഹത്തിന് അനുമതി നിഷേധിച്ചു. അതേസമയം വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞു. തിരുവനന്തപുരത്തെ വട്ടപ്പാറക്ക് സമീപം വേറ്റിനാട് മണ്ഡപത്ത് വെച്ചാണ് ബിജെപി പ്രവർത്തകർ പി സി ജോർജിൻറെ വാഹനം അതടഞ്ഞത്. പി സി ജോർജിന് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ടും കസ്റ്റഡിയിൽ പ്രതിഷേധിച്ചുമാണ് ബിജെപി പ്രവർത്തകർ വാഹനത്തിന് മുന്നിൽ തടിച്ചു കൂടിയത്. പിന്തുണ അറിയിച്ച ബിജെപി പ്രവർത്തകർക്ക് പി സി ജോർജ് നന്ദി പറഞ്ഞു. അതേസമയം, പട്ടത്ത് പി സി ജോർജിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി.

Print Friendly, PDF & Email

Leave a Comment

More News