പോലീസിന്റെ വീഴ്ചകൾ ഒരു വിഭാഗം പി. ശശിക്കെതിരെ ആയുധമാക്കുന്നു

തിരുവനന്തപുരം: എറണാകുളത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലെ സുപ്രധാന തീരുമാനം പരാജയപ്പെട്ടതോടെ സി.പി.എം. അങ്കലാപ്പില്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയെ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ നിയമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ ശേഷം പൊലീസ് നടപടികളെല്ലാം പാളി.

പോലീസിന്റെ നടപടികളെല്ലാം പോലീസിനും സർക്കാരിനും വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. കണ്ണൂരിലെ പാർട്ടി കോൺഗ്രസിന് ശേഷം പൂർണ അധികാരത്തോടെയാണ് ശശി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. പതിയെ ശശി പോലീസ് ഭരണം ഏറ്റെടുത്തു. എന്നാൽ, സുപ്രധാന നീക്കങ്ങളെല്ലാം പൊളിഞ്ഞു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് ശേഷം സ്വപ്നയുടെ ഫ്‌ളാറ്റില്‍ കയറി സരിത്തിനെ പൊക്കിയതും ആദ്യം തകർന്നു.

ഗൂഢാലോചന ആരോപിച്ച് ഒന്നിന് പിറകേ ഒന്നായി കേസുകളെടുത്തതും പോലീസിന്റെ വിശ്വാസ്യതയെ ബാധിച്ചു. വിദ്വേഷ പ്രസംഗക്കേസില്‍ പൂഞ്ഞാറില്‍ നിന്ന് പി.സി. ജോര്‍ജിനെ പിടിച്ച് കൊണ്ടുവന്നെങ്കിലും വൈകിട്ട് ജാമ്യം കിട്ടി. പി.സി. ജോര്‍ജ് ഈസിയായി ഇറങ്ങിപോയപ്പോള്‍ നാണം കെട്ടത് പോലീസ് മാത്രമല്ല സര്‍ക്കാരും മുന്നണിയുമാണ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഒരു ദിവസം ജോര്‍ജിനെ ജയിലില്‍ കിടത്താനായതാണ് ഏക ആശ്വാസം.

ഇന്നലത്തെ സംഭവങ്ങള്‍ ഏത് തരത്തില്‍ വ്യാഖ്യാനിച്ചാലും വന്‍തിരിച്ചടിയാണ്. ഉച്ചക്ക് 12 40ന് പരാതി വരുന്നു. 1.29ന് അറസ്റ്റുണ്ടാകുമെന്ന് പി.സി. ജോര്‍ജിനെ അറിയിക്കുന്നു. 2.50ന് പോലീസ് കസ്റ്റഡിയിലെടുക്കുന്നു. 3.50ന് അറസ്റ്റ് രേഖപ്പെടുത്തുന്നു. പക്ഷേ ശശിയുടെ തന്ത്രങ്ങള്‍ വഞ്ചിയൂര്‍ കോടതി വരെ മാത്രമേ നിലനിന്നുള്ളൂ. അധികാര കേന്ദ്രങ്ങളെ വെല്ലുവിളിച്ച് പുഷ്പം പോലെ പി.സി. ജോര്‍ജ് പൂഞ്ഞാറിലേക്ക് പോയി.

സർക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാൽ അറസ്റ്റും തുടർനടപടിയും നേരിടേണ്ടിവരുമെന്ന പി ശശിയുടെ സിദ്ധാന്തം കോടതി തള്ളിക്കളഞ്ഞു. എന്താണ് സംഭവിച്ചതെന്ന വിലയിരുത്തൽ പാർട്ടിയിലും മുന്നണിയിലും രൂക്ഷ വിമർശനമായി വളരുകയാണ്. സർക്കാരിന്റെ പ്രതിച്ഛായ കെട്ടിപ്പടുക്കാൻ നടത്തുന്ന എല്ലാ കാര്യങ്ങളും യഥാർത്ഥത്തിൽ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിലാണ് ശശിക്കെതിരെ സംസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള സംഘം രൂപപ്പെടുന്നതെന്ന ചില റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News