കേരളത്തിൽ കോൺഗ്രസിൽ ശശി തരൂർ ഒറ്റപ്പെട്ടു; ഖാർഗെയ്‌ക്കൊപ്പം നിൽക്കുന്നതായി നേതാക്കൾ

തിരുവനന്തപുരം: എഐസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ കേരളത്തിൽ തീർത്തും ഒറ്റപ്പെട്ടു. ശശി തരൂരിനെ പിന്തുണയ്ക്കാനോ കാണാനോ പോലും തയ്യാറല്ലെന്ന നിലപാടാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കള്‍ സ്വീകരിച്ചത്.

ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്ന് എഐസിസി നേതൃത്വം പറയുന്നുണ്ടെങ്കിലും മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പമാണെന്ന സന്ദേശമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം നൽകുന്നത്. സ്ഥാനങ്ങളിലുള്ള നേതാക്കൾ ഈ നിലപാട് താഴെയുള്ളവരോട് വ്യക്തമായി അറിയിച്ചിട്ടുണ്ട്.

തരൂരിനെ കാണാനോ ഒരു സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനോ കോണ്‍ഗ്രസിലെ ആരും ഇല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിലും ശശി തരൂരുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുത്തില്ല. തരൂര്‍ കെപിസിസിയില്‍ എത്തിയപ്പോള്‍ ഒരു നേതാവ് പോലും സ്വീകരിക്കാനില്ലാത്ത സ്ഥിതിയാണ് ഉണ്ടായത്.

മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും കെ. മുരളീധരനും തങ്ങൾ ഖാർഗെക്കൊപ്പമാണെന്ന് പരസ്യമാക്കി. നിലവിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം പൂർണമായും ശശി തരൂരിനെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

Print Friendly, PDF & Email

One Thought to “കേരളത്തിൽ കോൺഗ്രസിൽ ശശി തരൂർ ഒറ്റപ്പെട്ടു; ഖാർഗെയ്‌ക്കൊപ്പം നിൽക്കുന്നതായി നേതാക്കൾ”

  1. ഡോ.ശശിധരൻ

    വളരെ കാലങ്ങളായി കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി ജീവിച്ചു പാർട്ടിയെന്ന പ്രസ്ഥാനത്തിന് വേണ്ടി എണ്ണയൊഴിച്ചു ഒരിക്കലും കെടാതെ തിരി കത്തിച്ച ഒരുപാട് പേർ വിളക്കുമായി നടക്കുമ്പോൾ, ഏതാനും വർഷങ്ങൾക്കുമുൻപ് പാർട്ടിയിൽ ചേക്കേറിയ ശശി തരൂരിനെ പാർട്ടി അണികൾക്ക് അംഗീകരിക്കാൻ അങ്ങേയറ്റത്തെ വിഷമമാണ്.
    (ഡോ.ശശിധരൻ)

Leave a Comment

More News