നോർത്ത് കരോലിനയിലെ റാലിയിൽ 15 വയസുകാരൻ നടത്തിയ വെടിവെയ്പില്‍ 5 പേർ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്ക്

റാലി: നോർത്ത് കരോലിനയുടെ തലസ്ഥാന നഗരിയിൽ വ്യാഴാഴ്ച ഒരു 15 വയസ്സുകാരന്‍ നടത്തിയ കൂട്ട വെടിവെയ്പില്‍ ഒരു ഓഫ് ഡ്യൂട്ടി പോലീസ് ഓഫീസര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടി വെച്ചെന്ന് പോലീസ് ആരോപിക്കുന്ന കൗമാരക്കാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ നിയുസ് നദി (Neuse River) ഗ്രീൻ‌വേയിൽ ഒന്നിലധികം ആളുകൾക്ക് വെടിയേറ്റതായും ഒരു ഓഫ് ഡ്യൂട്ടി പോലീസ് ഓഫീസറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്നും റാലി മേയർ മേരി-ആൻ ബാൾഡ്‌വിൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേരെയെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും മേയര്‍ പറഞ്ഞു. നിരവധി പോലീസ് ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തുകയും റോഡുകൾ അടച്ച് തോക്കുധാരിയെ തിരയുന്നതിനിടയിൽ ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

കൊലയാളിയെന്ന് സംശയിക്കുന്ന കൗമാരക്കാരനെ ഒടുവിൽ ഒരു വീടിനടുത്ത് കണ്ടെത്തുകയും രാത്രി രാത്രി 10 മണിയോടെ അറസ്റ്റു ചെയ്യുകയും ചെയ്തു. അയാളുടെ വ്യക്തിഗത വിവരങ്ങളോ വെടിവെയ്ക്കാനുള്ള കാരണമോ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു; നിക്കോൾ കോണേഴ്‌സ് (52), സൂസൻ കർനാറ്റ്‌സ് (49), മേരി മാർഷൽ (35), റാലി പോലീസ് ഓഫീസർ ഗബ്രിയേൽ ടോറസ് (29), 16 വയസ്സുള്ള ഒരു ആണ്‍കുട്ടി എന്നിവരാണ് വെടിവെപ്പിൽ മരിച്ചത്.

വെടിവെപ്പിൽ പരിക്കേറ്റ ഒരു ഉദ്യോഗസ്ഥന് പ്രാഥമിക ചികിത്സ നൽകി ആശുപത്രിയില്‍ നിന്ന് വിടുതല്‍ നല്‍കി. പരിക്കേറ്റ മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

അമേരിക്കയിലെ ഈ ബുദ്ധിശൂന്യമായ അക്രമം നമ്മൾ അവസാനിപ്പിക്കണമെന്നും, തോക്ക് അക്രമത്തെ നമ്മൾ കൈകാര്യം ചെയ്യണമെന്നും മേയർ പറഞ്ഞു.

“നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്, ഇന്ന് രാത്രി നമുക്ക് വിലപിക്കാൻ ഒരുപാട് ഉണ്ട്.” ഗ്രീൻവേയുടെ അയൽപക്കത്ത് താമസിക്കുന്ന ബ്രൂക്ക് മദീന വൈകുന്നേരം 5:15 ന് വീട്ടിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടെ പറഞ്ഞു. അടയാളപ്പെടുത്തിയതും അടയാളപ്പെടുത്താത്തതുമായ രണ്ട് ഡസനോളം പോലീസ് കാറുകൾ റാലി ഡൗണ്‍‌ടൗണില്‍ നിന്ന് 9 മൈൽ (14 കിലോമീറ്റർ) അകലെയുള്ള റെസിഡൻഷ്യൽ ഏരിയയില്‍ വിന്യസിച്ചിരുന്നു.

സംഭവം നടന്ന ഹെഡിംഗ്‌ഹാം വിശാലമായ, ഇടതൂർന്ന, മരങ്ങൾ നിറഞ്ഞ ഒരു പ്രദേശമാണ്. അത് റാലി ഏരിയയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ മിതമായ വിലയുള്ള ഒറ്റ കുടുംബ വീടുകളും ഡ്യൂപ്ലെക്സുകളും ടൗൺഹോമുകളും നിറഞ്ഞതാണ്.

പകൽ സമയത്ത് ഗ്രീൻവേയിലൂടെ തന്റെ കുട്ടികളെ ബൈക്ക് സവാരിക്ക് കൊണ്ടുപോകാറുണ്ടെങ്കിലും സാധാരണഗതിയിൽ പെപ്പർ സ്പ്രേ കൊണ്ടുവരാറുണ്ടെന്ന് മദീന പറഞ്ഞു. “ഒരാൾക്ക് അപ്രത്യക്ഷമാകാൻ കഴിയുന്ന ധാരാളം സ്ഥലങ്ങളുണ്ട്,” അവര്‍ പറഞ്ഞു. രാജ്യത്തുടനീളം അക്രമാസക്തമായ ആഴ്‌ചയിലെ ഏറ്റവും ഒടുവിലത്തേതാണ് റാലി വെടിവയ്‌പ്പ്. സൗത്ത് കരോലിനയിലെ ഇൻമാനിലുള്ള ഒരു വീട്ടിൽ ഞായറാഴ്ച നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.

ബുധനാഴ്ച രാത്രി കണക്റ്റിക്കട്ടിൽ ഗാർഹിക പീഡനത്തിന് സാധ്യതയുണ്ടെന്ന അടിയന്തര ഫോണ്‍ കോളിന് പ്രതികരിച്ച രണ്ട് പോലീസ് ഓഫീസര്‍മാരെ പതിയിരുന്ന് ആക്രമണം നടത്തി കൊലപ്പെടുത്തിയിരുന്നു. ഈ ആഴ്ച ഗ്രീൻവില്ലെ, മിസിസിപ്പി, ഡെക്കാറ്റൂർ, ഇല്ലിനോയിസ്, ഫിലാഡൽഫിയ, ലാസ് വെഗാസ്, സെൻട്രൽ ഫ്ലോറിഡ എന്നിവിടങ്ങളില്‍ നടന്ന വെടിവെയ്പില്‍ രണ്ട് പോലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റി മാസ് കില്ലിംഗ്‌സ് ഡാറ്റാബേസ് പ്രകാരം 2022-ലെ 25-ാമത്തെ കൂട്ടക്കൊലയാണ് വ്യാഴാഴ്ച നടന്നത്.

Print Friendly, PDF & Email

Leave a Comment

More News