ശ്രദ്ധ കൊലക്കേസ്: ശ്രദ്ധയുടെ ശരീരഭാഗങ്ങൾ വീട്ടിൽ സൂക്ഷിച്ചിരുന്നില്ലെന്ന് അഫ്താബിന്റെ പുതിയ പെണ്‍സുഹൃത്ത്

ന്യൂഡൽഹി: ശ്രദ്ധ കൊലക്കേസിലെ മറ്റൊരു സംഭവവികാസത്തിൽ, അഫ്താബിന്റെ പുതിയ പെണ്‍സുഹൃത്തിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. താന്‍ അഫ്താബിന്റെ ഛത്തർപൂരിലെ വസതിയിൽ രണ്ട് തവണ സന്ദർശിച്ചപ്പോൾ മനുഷ്യ ശരീരഭാഗങ്ങൾ അവിടെ സൂക്ഷിച്ചിരുന്നതായി തനിക്ക് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും അയാളുടെ ഭയാനകമായ പ്രവൃത്തിയെക്കുറിച്ച് കേട്ട് ഞെട്ടിപ്പോയെന്നും യുവതി പറഞ്ഞു.

അഫ്താബ് തനിക്ക് ഒരു മോതിരം സമ്മാനിച്ചതായും യുവതി പറഞ്ഞു. ഒക്‌ടോബർ 12-നായിരുന്നു അത്. എന്നാല്‍, സ്രോതസ്സുകൾ പ്രകാരം ഈ മോതിരം ശ്രദ്ധയുടേതായിരുന്നു. അഫ്താബിന്റെ പുതിയ പങ്കാളിയിൽ നിന്ന് മോതിരം പോലീസ് കണ്ടെടുക്കുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, അഫ്താബിന്റെ പുതിയ പങ്കാളി തൊഴിൽപരമായി ഒരു സൈക്യാട്രിസ്റ്റാണ്.

ഒക്ടോബറിൽ രണ്ടുതവണ അഫ്താബിന്റെ ഫ്‌ളാറ്റിൽ എത്തിയിരുന്നെന്നും എന്നാൽ ശ്രദ്ധയുടെ കൊലപാതകത്തെക്കുറിച്ചോ വീട്ടിൽ മനുഷ്യ ശരീരഭാഗങ്ങൾ ഉണ്ടായിരുന്നതിനെക്കുറിച്ചോ തനിക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്നും ഈ സുഹൃത്ത് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അഫ്താബ് ഒരിക്കലും ഭയപ്പെട്ടതായി കണ്ടില്ലെന്നും അവര്‍ പറഞ്ഞു.

തന്റെ മുംബൈയിലെ വീടിനെ കുറിച്ച് അവൻ പലപ്പോഴും തന്നോട് പറയാറുണ്ടായിരുന്നു എന്നും യുവതി പറഞ്ഞു. ഒരു ഓൺലൈൻ ഡേറ്റിംഗ് ആപ്പ് വഴിയാണ് അഫ്താബും യുവതിയുമായി ബന്ധപ്പെടുന്നത്. വിവിധ ഡേറ്റിംഗ് സൈറ്റുകളിലൂടെ 15 മുതൽ 20 വരെ പെൺകുട്ടികളുമായി അഫ്താബ് ബന്ധപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. അന്വേഷണത്തിനിടയിൽ, പോലീസ് ഇയാളുടെ ബംബിൾ ആപ്പ് റെക്കോർഡ് കണ്ടെത്തി, ശ്രദ്ധ കൊല്ലപ്പെട്ട് ഏകദേശം 12 ദിവസത്തിന് ശേഷം മെയ് 30 ന് ആപ്പ് വഴി അഫ്താബുമായി സമ്പർക്കം പുലർത്തിയ മറ്റൊരു പെൺകുട്ടിയെയും കണ്ടെത്തി.

“അവന്റെ പെരുമാറ്റം സാധാരണമായിട്ടാണ് തോന്നിയത്. അവന്റെ മാനസികാവസ്ഥ ശരിയല്ലെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. വിവിധ തരത്തിലുള്ള ഡിയോഡറന്റുകളുടെയും പെർഫ്യൂമുകളുടെയും ശേഖരം അഫ്താബിന് ഉണ്ട്. പലപ്പോഴും പെർഫ്യൂമുകൾ സമ്മാനമായി നൽകാറുമുണ്ട്,” അഫ്താബിന്റെ പുതിയ സുഹൃത്ത് (കാമുകി) പറഞ്ഞു.

അഫ്താബ് ധാരാളം സിഗരറ്റ് വലിക്കുകയും സിഗരറ്റ് സ്വയം ചുരുട്ടുകയും ചെയ്യുമായിരുന്നു. എന്നാൽ, പലപ്പോഴും പുകവലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. അഫ്താബിന് വ്യത്യസ്ത തരം ഭക്ഷണങ്ങൾ വളരെ ഇഷ്ടമായിരുന്നുവെന്നും പലപ്പോഴും വിവിധ റെസ്റ്റോറന്റുകളിൽ നിന്ന് നോൺ-വെജിറ്റേറിയൻ ഇനങ്ങൾ ഓർഡർ ചെയ്യാറുണ്ടായിരുന്നുവെന്നും ഷെഫുകൾ റെസ്റ്റോറന്റിലെ ഭക്ഷണം എങ്ങനെ അലങ്കരിക്കുന്നുവെന്നതിനെക്കുറിച്ചുള്ള തന്റെ ഹോബി വെളിപ്പെടുത്തിയതായും യുവതി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News