അനുമതിയില്ലാതെ സുഹൃത്ത് കാര്‍ എടുത്തുകൊണ്ടുപോയി ട്രാഫിക് നിയമം ലംഘിച്ചു; 62,300 ദിര്‍ഹം പിഴയീടാക്കി അധികൃതര്‍; പരാതിയുമായി വാഹന ഉടമ കോടതിയില്‍

അൽഐൻ: താന്‍ അറിയാതെ തന്റെ കാര്‍ കാർ ഓടിച്ച് ട്രാഫിക് നിയമം ലംഘിച്ചതിന് വന്‍ പിഴ നല്‍കേണ്ടിവന്നതിന് സുഹൃത്തിനെതിരെ പരാതിയുമായി യുവാവ് കോടതിയിൽ. യുഎഇയിലെ അൽ ഐനിലാണ് സംഭവം. വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് തന്റെ വാഹനത്തിന് 62,300 ദിർഹം (13 ലക്ഷത്തിലധികം രൂപ) പിഴ ചുമത്തിയതായി 28 കാരനായ പരാതിക്കാരൻ ആരോപിച്ചു.

അൽഐൻ കോടതിയിൽ ഇന്നലെയാണ് കേസ് പരിഗണനയ്ക്കായി വന്നത്. അനുവാദമില്ലാതെ സുഹൃത്ത് തന്റെ 2014 മോഡൽ റേഞ്ച് റോവർ എടുത്തുകൊണ്ടു പോയി. പിന്നീട് വാഹനവും മറ്റുള്ളവരുടെ വസ്തുവകകളും നശിപ്പിക്കപ്പെട്ടു. അശ്രദ്ധമായി വാഹനമോടിച്ചതിന് നിരവധി തവണ 55,000 ദിർഹം ട്രാഫിക് പിഴ ഈടാക്കി. ഇതിന് പുറമെ വാഹനത്തിനെതിരെ മറ്റ് നിയമലംഘനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആകെ 62,300 ദിര്‍ഹത്തിന്റെ ബാധ്യതയാണ് സുഹൃത്ത് കാരണം തനിക്ക് വന്നു ഭവിച്ചതെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഈ പണം സുഹൃത്ത് തന്നെ നല്‍കണമെന്നതാണ് പരാതിക്കാരന്റെ ആവശ്യം. കേസ് കഴിഞ്ഞ ദിവസം വിചാരണയ്‍ക്കെടുത്തപ്പോള്‍ ആരോപണ വിധേയന്‍ കോടതിയില്‍ ഹാജരായില്ല. കേസ് സംബന്ധിച്ച് ഇയാള്‍ക്ക് ടെക്സ്റ്റ് മെസേജുകളിലൂടെയും മറ്റും സന്ദേശം അയച്ചെങ്കിലും കോടതിയില്‍ ഹാജരാവാതെ വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കേസിന്റെ വിചാരണ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു

Print Friendly, PDF & Email

Leave a Comment

More News