സ്‌കൂളുകളിൽ അദ്ധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് രാജസ്ഥാൻ സർക്കാർ നിരോധിച്ചു

ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ അദ്ധ്യാപകർക്ക് സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാനാകില്ല. മൊബൈൽ ഫോൺ ഒരു രോഗം പോലെയായെന്നും സ്‌കൂളുകളിലെ പഠനത്തെ ബാധിക്കുമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ പറഞ്ഞു.

“സർക്കാർ സ്‌കൂളുകളിൽ മൊബൈൽ ഫോണുകൾ പൂർണമായും നിരോധിക്കും. സ്‌കൂളിലെ അദ്ധ്യാപകർ ദിവസം മുഴുവൻ മൊബൈലിൽ ഷെയർ മാർക്കറ്റും അല്ലാത്തതുമായ കാര്യങ്ങള്‍ കാണുകയും അതിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു. ഇത് ഒരു രോഗം പോലെ മാറുകയാണ്. സ്കൂളുകളിലെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രവണത അവസാനിപ്പിക്കണം. അതിനാൽ, പ്രിൻസിപ്പൽമാർക്ക് മാത്രമേ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കൂ,”‘ ദിലാവർ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി സ്കൂളുകളിലെ സംവിധാനം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ ഏതെങ്കിലും പൂജയുടെയോ നമസ്കാരത്തിൻ്റെയോ പേരിൽ അദ്ധ്യാപകരെ സ്‌കൂൾ വിട്ടുപോകാൻ അനുവദിക്കില്ല. ഭൈരുജിയെയും ബാലാജിയെയും ആരാധിക്കുന്നതിൻ്റെയും നമസ്‌കാരത്തിൻ്റെയും പേരിൽ അദ്ധ്യാപകരെ സ്‌കൂൾ വിടാൻ അനുവദിക്കില്ല. പോകണമെങ്കിൽ അവധിയെടുക്കണം, അല്ലാത്തപക്ഷം അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

മൊബൈൽ ഫോണിൻ്റെ ഉപയോഗം കണക്കിലെടുത്ത് ദിലാവറിൻ്റെ പ്രസ്താവന അപ്രായോഗികമായി കണക്കാക്കുകയും അദ്ധ്യാപക സംഘടനകൾ എതിർക്കുകയും ചെയ്തു. മൊബൈൽ ഫോണുകൾ ഇപ്പോൾ അത്യാവശ്യമായിരിക്കുകയാണെന്നും ഇത്തരമൊരു തീരുമാനം നടപ്പാക്കാൻ കഴിയില്ലെന്നും രാജസ്ഥാൻ പഞ്ചായത്തിരാജ് ശിക്ഷക് കർമ്മചാരി സംഘ് നാരായൺ സിംഗ് പറഞ്ഞു. അങ്ങനെ ചെയ്യുന്ന പക്ഷം അതിനെ എതിർക്കുമെന്നും സിംഗ് പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News