ബ്രഹ്മപുരം മാലിന്യ നിര്‍മ്മാര്‍ജ്ജനം: ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് കളക്ടര്‍ എൻ.എസ്.കെ. ഉമേഷ്

കൊച്ചി: ബ്രഹ്മപുരത്തെ പുക അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് എറണാകുളം ജില്ലയുടെ പുതിയ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. മാലിന്യ നിർമാർജനത്തിന് ദീർഘകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷം ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റ് സന്ദർശിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാർ, എംഎൽഎ പി വി ശ്രീനിജിൻ തുടങ്ങിയവരും കലക്ടർക്കൊപ്പമുണ്ടായിരുന്നു. അഗ്നിശമനസേന, കോർപറേഷൻ, പൊലീസ്, ആരോഗ്യം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി.

ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കി ദീർഘകാലാടിസ്ഥാനത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് കലക്ടർ വ്യക്തമാക്കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും പൊതുജനങ്ങളും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂവെന്നും കലക്ടർ പറഞ്ഞു. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് പ്രവർത്തനം ഊർജിതമാക്കാനും ബ്രഹ്മപുരത്ത് എത്തിച്ച എല്ലാ എക്‌സ്‌കവേറ്ററുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാനും കളക്ടർ നിർദേശിച്ചു.

രാത്രിയും പകലും എസ്‌കവേറ്ററുകള്‍ ഉപയോഗിച്ച് മാലിന്യം വലിച്ചുനീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും. എസ്‌കവേറ്ററുകളുടെ ഡ്രൈവര്‍മാരെ അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനവുമായി ഏകോപിപ്പിക്കുന്നതിന് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. ബ്രഹ്മപുരത്തിന്റെ സമീപ പ്രദേശങ്ങളിലെ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും ചുമതലപ്പെടുത്തി.

അതേസമയം ബ്രഹ്മപുരത്ത് പുക ശമിപ്പിക്കാന്‍ നേവിയുടെയും വ്യോമസേനയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കോര്‍പ്പറേഷന്‍, ഫയര്‍, റവന്യൂ, ആരോഗ്യം, പോലീസ് തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നിന്നുയരുന്ന പുകയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പുകയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരും ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ചൊവ്വാഴ്ച മുതൽ പൂർണതോതിലുള്ള പ്രവർത്തനമാണ് നടക്കുന്നതെന്ന് മേയർ എം അനിൽകുമാർ പറഞ്ഞു. 70 ശതമാനം സ്ഥലങ്ങളിലും പുക അണഞ്ഞു. പകലിന്റെ അതേ തീവ്രതയോടെ രാത്രിയും പ്രവർത്തിക്കും. രാത്രിയിൽ കാറ്റ് അനുകൂലമാണ്. ആവശ്യത്തിന് മാസ്കുകളും ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. ആരോഗ്യകാര്യങ്ങളിൽ ആരോഗ്യവകുപ്പ് ശക്തമായ ഇടപെടൽ നടത്തും. ഓക്‌സിജൻ പാർലറിനും കൺട്രോൾ റൂമിനും പുറമെ സ്വകാര്യ ആംബുലൻസും സജ്ജീകരിക്കുമെന്ന് മേയർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News