കടൽ കടന്ന് കൂടിയാട്ടം അമേരിക്കയിലേക്ക്; അമേരിക്കയിലെ സ്വസ്തി ഫെസ്റ്റിൽ കൂത്തും കൂടിയാട്ടവും

മാനവരാശിയുടെ അനശ്വരപൈതൃകമെന്ന് UNESCO അംഗീകരിച്ച കലാരൂപവും നാട്യകലകളുടെയെല്ലാം മാതാവുമാണ് കൂടിയാട്ടം.സംസ്കൃതനാടകാഭിനയമായ കൂടിയാട്ടവും ചാക്യാർകൂത്തും നങ്ങ്യാർകൂത്തും അടുത്ത ഒരു മാസം അമേരിക്കയിലെ നിറഞ്ഞ സദസ്സുകൾക്കു മുൻപിൽ അവതരിപ്പിക്കും. വാഷിങ്ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സാംസ്കാരികസംഘടനയായ സ്വസ്തി ഫൗണ്ടേഷനാണ് ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്. ക്ഷേത്ര – പാരമ്പര്യ കലാരൂപങ്ങളെയും വൈജ്ഞാനികമേഖല കളെയും സംരക്ഷിക്കുന്നതിനുവേണ്ടി അമേരിക്കയിൽ രൂപംകൊണ്ട സംഘടനയാണ് സ്വസ്തി ഫൗണ്ടേഷൻ.മെയ് 27, 28 തീയതികളിൽ വാഷിങ്ടണിലെ ചിന്മയ സോമ്നാഥ് ആഡിറ്റോറിയത്തിൽവെച്ചാണ് ‘സ്വസ്തി ഫെസ്റ്റ് 2023’ നടത്തപ്പെടുന്നത്.

കലാമണ്ഡലം ജിഷ്ണു, കലാമണ്ഡലം സംഗീത, നേപത്ഥ്യ സനീഷ്, കലാമണ്ഡലം രതീഷ്ഭാസ്, കലാമണ്ഡലം വിജയ്, കലാനിലയം രാജൻ, കലാനിലയം ശ്രീജിത് എന്നിവരാണ് സംഘത്തിലുള്ളത്.

വാഷിങ്ടണിലെ പരിപാടിക്കുശേഷം ന്യൂയോർക്ക്, ഷാർലറ്റ്, ഫിലാഡെൽഫിയ, വിർജിനിയ, ഡിട്രോയിറ്റ് തുടങ്ങി നിരവധി നഗരങ്ങളിൽ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കും. ഒരു മാസത്തിലധികം അമേരിക്കയിൽ ചെലവഴിക്കുന്ന ഈ സംഘം കൂടിയാട്ടം ശിൽപ്പശാലകളും അഭിനയപഠനക്കളരികളും സംഘടിപ്പിക്കുന്നുണ്ട്.മലയാളികളുടെ നേതൃത്വത്തിൽ ഇത്രയും വിപുലമായ കൂടിയാട്ടരംഗാവതരണം US ൽ ആദ്യമായാണ്. ക്ഷേത്രമതിൽക്കെട്ടിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ കലാരൂപങ്ങളെ ഗുരു പൈങ്കുളം രാമച്ചാക്യാരാണ് 1949 ൽ ആദ്യമായി പുറത്തവതരിപ്പിച്ചത്.1980 ൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽത്തന്നെയാണ് കൂടിയാട്ടം ആദ്യമായി കടൽകടന്നുപോയതും.പിന്നീട് കൂടിയാട്ടത്തിനുലഭിച്ച രാജ്യാന്തരശ്രദ്ധയും അംഗീകാരങ്ങളും വളരെ വലുതാണ്. ശുദ്ധമായ മലയാളഭാഷയെയും നർമ്മബോധത്തെയും സംരക്ഷിക്കുന്ന ചാക്യാർകൂത്തും സൂക്ഷ്മാഭിനയകലയായ കൂടിയാട്ടവും ആഴത്തിൽ മനസ്സിലാക്കാനും ആസ്വദിക്കുവാനുമുള്ള അവസരമാണ് അമേരിക്കയിലെ സഹൃദയർക്കുവേണ്ടി സ്വസ്തി ഒരുക്കുന്നത്. ഒപ്പം ഭാരതത്തിൻ്റെ പാരമ്പര്യഗരിമയെ വിദേശമണ്ണിൽ അഭിമാനപൂർവ്വം പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

അമേരിക്കയിൽ സജീവമായി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയാണ് സ്വസ്തി. പ്രൊഫഷണൽ രംഗത്തു ജോലി ചെയ്യുന്ന രതീഷ് നായർ, ആശാപോറ്റി, ശ്രീജിത് നായർ, അരുൺ രഘു എന്നീ കലാസ്നേഹികളാരംഭിച്ച സ്വസ്തിക്ക് ഇന്ന് നിരവധി പ്രമുഖരുടെ പിന്തുണയാണ് ലഭിക്കുന്നത്. കൊറോണ ആരംഭിച്ചതുമുതൽ വല്ലാതെ വിഷമത്തിലായ കേരളത്തിലെ കലാകാരന്മാരെ സഹായിക്കാൻ ഓൺലൈൻ പ്രതിമാസപരിപാടികൾ ഈ സംഘടന നടത്തിവരുന്നു. ഇതുവരെ ഇരുപത്തിയഞ്ചോളം പ്രതിമാസപരിപാടികളാണ് സ്വസ്തി സംഘടിപ്പിച്ചത്.കലാസാംസ്കാരിക മേഖലയിൽ ബൃഹത്തായ സംഭാവനകൾ നൽകാനുള്ള ഉദ്ദേശ്യലക്ഷ്യങ്ങളാണ് സ്വസ്തിഫൗണ്ടേഷനുള്ളത്.

Print Friendly, PDF & Email

Leave a Comment

More News