തിരുവല്ലയിൽ മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയത് ആസൂത്രിതം; കുറ്റകൃത്യം ചെയ്ത അനില്‍ ആയുധം നേരത്തേ വാങ്ങിയിരുന്നുവെന്ന് പോലീസ്

പത്തനംതിട്ട: പരുമല നാക്കയില്‍ കുടുംബ വഴക്കിനെ തുടർന്ന് മകൻ മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. കുറ്റകൃത്യം ചെയ്ത അനിൽ അഞ്ച് മാസം മുമ്പ് ആയുധം വാങ്ങിയിരുന്നു എന്നും മാതാപിതാക്കളെ മനഃപൂർവം കൊലപ്പെടുത്തിയതാണെന്നും തിരുവല്ല ഡിവൈഎസ്പി അർഷാദ് മാധ്യമങ്ങളോട് പറഞ്ഞു.

പുളിക്കീഴ് പരുമല നാകട ആശാരിപറമ്പിൽ അനിൽകുമാർ (51) ആണ് മാതാപിതാക്കളായ കൃഷ്ണൻ കുട്ടി (76), ശാരദ (73) എന്നിവരെ ഇന്ന് പുലർച്ചെ കൊലപ്പെടുത്തിയത്. അച്ഛനും അമ്മയും ചേർന്നാണ് തന്റെ കുടുംബജീവിതം തകർത്തതെന്നാണ്
ഇയാളുടെ വാദം. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്പി പറഞ്ഞു.

14 വർഷം മുമ്പാണ് അനിൽ വിവാഹിതനായത്. ഒരു മാസം മാത്രമാണ് അവർ ഒരുമിച്ച് താമസിച്ചത്. പിന്നീട് വിവാഹം വേർപിരിഞ്ഞു. ഉടൻ തന്നെ മറ്റൊരു വിവാഹം നടത്താമെന്ന് അച്ഛൻ അനിൽകുമാറിനോട് പറഞ്ഞതായി നാട്ടുകാർ പറയുന്നു. കൂലിപ്പണി ചെയ്തിരുന്ന അനിലും ഇതിനിടെ ആത്മഹത്യക്ക് ശ്രമിച്ചു. അച്ഛനുമായി അത്ര നല്ല ബന്ധത്തിലല്ലാത്തതിനാൽ മാതാപിതാക്കൾ താമസിക്കുന്ന വീടിന് സമീപത്തെ ബന്ധുവീട്ടിൽ അനിൽ വർഷങ്ങളായി തനിച്ചായിരുന്നു താമസം.

മൂന്ന് മാസം മുൻപ് അനിൽ മാതാപിതാക്കളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. അന്ന് നാട്ടുകാർ ഇടപെട്ടതിനാൽ അപകടം ഒഴിവായി. എന്നാൽ മാതാപിതാക്കളെ കൊല്ലുമെന്ന് അനിൽ ഭീഷണിപ്പെടുത്തി. ഇതിനെ തുടന്ന് മാതാപിതാക്കൾ ഈ വീട്ടിൽ നിന്നും മാറി മറ്റൊരു വാടക വീട്ടിൽ ആയിരുന്നു താമസം. മാസങ്ങൾക്ക് മുൻപ് പരുമലയിൽ നിന്നും ഇയാൾ കത്തി വാങ്ങി കരുതി വച്ചിരുന്നതായാണ് പൊലീസ് അറിയിച്ചത്. എന്നാൽ, ദിവസങ്ങൾക്കു മുൻപ് അനിൽ വാടകവീട്ടിലെത്തി മാതാപിതാക്കളെ അവർ താസിച്ചിരുന്ന വീട്ടിലേക്ക് വിളിച്ചുകൊണ്ട് വന്നിരുന്നു. വീട്ടിലെത്തി നാല് ദിവസം ആകുമ്പോഴാണ് അനിൽ ഇരുവരെയും വെട്ടി കൊലപ്പെടുത്തിയത്. അച്ഛനെയാണ് അനിൽ ആദ്യം വെട്ടിയത്. പിന്നാലെ തടസം പിടിച്ച അമ്മയ്‌ക്കും വെട്ടേൽക്കുകയായിരുന്നു.

ബഹളം കേട്ടത്തിയെ നാട്ടുകാരെയും അനിൽ ഭീഷണിപ്പെടുത്തി. മുറ്റത്തുകയറിയാൽ കൊല്ലുമെന്നായിരുന്നു ഭീഷണി. ഞാൻ തന്‍റെ കർമം ചെയ്‌തെന്നും ഇനി നിങ്ങൾ പിടിച്ചോളൂ എന്നുമാണ് പൊലീസ് പിടികൂടിയപ്പോൾ ഇയാൾ വിളിച്ചു പറഞ്ഞത്. സംഭവത്തിൽ പൊലീസ് അനിൽ കുമാറിനെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. അനിലിന് ഒരു സഹോദരിയും സഹോദരനുമുണ്ട്. പോസ്‌റ്റ്‌മോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളജിലാണ് പൂർത്തിയാക്കിയത്. ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ, ജില്ല സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ഡോ. ആർ ജോസ് എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു.

ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച ശേഷം അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു. പുളിക്കീശ് പോലീസ് ഇൻസ്പെക്ടർ ഇ അജീബ്, എസ്ഐമാരായ ജെ ഷജീം, ഷിജു പി സാം, സതീഷ് കുമാർ, എഎസ്ഐമാരായ സദാശിവൻ, പ്രബോധചന്ദ്രൻ, എസ്സിപിഒ അനിൽ, സിപിഒ സുധീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Print Friendly, PDF & Email

Leave a Comment