ശസ്ത്രക്രിയ അനാസ്ഥ: ഒരു ഡോക്ടറേയും രണ്ട് നഴ്സുമാരെയും പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു

കോഴിക്കോട്: സിസേറിയന്‍ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിന എന്ന യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച കേസില്‍ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച അന്വേഷണ സംഘം കുറ്റാരോപിതരായ മൂന്ന് പേരെ, ഒരു ഡോക്ടറും രണ്ട് നഴ്‌സുമാരും ഉൾപ്പെടെയുള്ളവരെ, ചോദ്യം ചെയ്ത് വിട്ടയച്ചു. അറസ്റ്റിന് നോട്ടീസ് നൽകിയെങ്കിലും മൊഴി രേഖപ്പെടുത്തി ഇവരെ വിട്ടയക്കുകയായിരുന്നു.

നിലവിൽ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ  (Manjeri Government Medical College) ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ഡോ. സി.കെ. രമേശൻ (Dr. CK Ramesan), എം. രഹന (നഴ്‌സിംഗ് ഓഫീസർ, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്), കെ.ജി. മഞ്ജു (നഴ്‌സിംഗ് ഓഫീസർ, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്) എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സുദർശനൻ മുമ്പാകെ ഹാജരായത്.

മൂവരെയും ചോദ്യം ചെയ്യുകയും മൊഴികൾ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സുദർശനൻ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾ അവർക്ക് അറസ്റ്റ് നോട്ടീസ് നൽകുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. സാധാരണയായി അറസ്റ്റ് നോട്ടീസ് പുറപ്പെടുവിക്കാറുണ്ടെന്നും കുറ്റാരോപിതര്‍ പോലീസിന് മുന്നിൽ ഹാജരാകേണ്ട സമയവും സ്ഥലവും അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ഡോക്ടറും നഴ്സുമാരുമായിരുന്നു 2017ൽ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ ഹർഷിനയുടെ (Harshina) സി-സെക്ഷൻ ശസ്ത്രക്രിയ നന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്.

അടുത്തിടെയാണ് അന്വേഷണ സംഘം പുതുക്കിയ പ്രതിപ്പട്ടികയില്‍ ഇവരുടെ പേരുകള്‍ ചേര്‍ത്ത് കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് സമർപ്പിച്ചത്. 2017 നവംബർ 30-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ മൂന്നാമത്തെ പ്രസവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറിനുള്ളിൽ കത്രിക അബദ്ധത്തിൽ ഉപേക്ഷിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

മെഡിക്കൽ കോളേജിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്ന ഹർഷിന, കേസിലെ പുതിയ സംഭവ വികാസങ്ങളെത്തുടർന്ന് അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറാൻ അടുത്തിടെ തീരുമാനിച്ചിരുന്നു. എന്നാൽ, തനിക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് അവർ വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment

More News