മലയാളഭാഷയുടെ മാദക ഭംഗി നിറഞ്ഞൊഴുകുന്ന ഗാനസൗരഭ്യം; ശ്രീകുമാരൻ തമ്പി നൈറ്റ് ഹ്യൂസ്റ്റൻ കെ എച് എൻ എ കൺവെൻഷനിൽ

ഹ്യൂസ്റ്റൺ: മലയാളഭാഷയുടെ മാദക ഭംഗി ലോകത്തിന് പരിചയപ്പെടുത്തിയ ബഹുമുഖപ്രതിഭ ശ്രീകുമാരൻ തമ്പി ആദ്യമായി അമേരിക്കയിൽ എത്തുകയാണ്. നവംബർ 23, 24, 25 തീയതികളിൽ ഹ്യൂസ്റ്റനിൽ ഹിൽട്ടൺ അമേരിക്കാസിൽ നടക്കുന്ന കെ എച് എൻ എ കൺവെൻഷൻ ഭാരവാഹികളുടെ ക്ഷണം അനുസരിച്ചാണ് ആണ് അദ്ദേഹം ആദ്യമായി എത്തുന്നത്.

കവി, സിനിമാഗാനരചയിതാവ്,സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭ നമ്മൾ മലയാളികളുടെ സ്വകാര്യ അഭിമാനവും അഹങ്കാരവുമാണ്. പതിനെട്ടു വയസിൽ തുടങ്ങിയ തന്റെ കലാസപര്യ അനസ്യൂതം അദ്ദേഹം തുടർന്നുകൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ ഹൃദയരാഗങ്ങളുടെ വിസ്മയത്തിൽ അലിയാത്ത ആസ്വാദകർ ഒരു വരിയെങ്കിലും മൂളാത്തവർ ആരും തന്നെയുണ്ടാവില്ല .ഏത് പാടാത്ത വീണയും ആ അക്ഷരഗന്ധവർവന്റെ വരികൾ സംഗീതത്തെ പുണർന്നെത്തുമ്പോൾ താനേ പാടിപ്പോകും.
ആ നിമിഷത്തിന്റെ നിർവൃതിയിൽ ആരും ആവണിത്തെന്നലായി മാറിപ്പോവും. സ്വപ്നത്തിലോ സ്വർഗത്തിലോ എന്ന് നിനച്ച് പോകും.

ഹൃദയസരസിലെ പ്രണയ പുഷ്പത്തെ അറിയാത്ത …പായിപ്പാട്ടാറ്റിലെ വള്ളംകളിയിൽ ഒപ്പം ചേരാത്ത പാലരുവിക്കരയിൽ പഞ്ചമിവിടരും പടവിൽ ഇണക്കുരുവിയെ പറന്നു വരാൻ ക്ഷണിക്കാത്ത രാധയോട് യദുകുലരതിദേവനെ അന്വേഷിക്കാത്ത വൈക്കത്തഷ്ടമി നാളിൽ വഞ്ചിക്കാരിയെ കണ്ടത് പാടാത്ത ഏത് പ്രായക്കാരുണ്ടാവും. തമ്പി സാറിന്റെ രചനകളെല്ലാം ഹൃദയം കൊണ്ടെഴുതിയതും കാലാതീതമായി നിലനില്ക്കുന്ന പൂർണതയുമാണ്. ഓരോ നിമിഷവും ഓർമയിൽ വിടരുന്ന സുഗന്ധ മലരുകളാണ്. മൗനം പോലും മധുരമാക്കുന്ന സൗന്ദര്യമാണ്.

അകലെ അകലെ നീലാകാശവും.. ചെട്ടിക്കുളങ്ങര ഭരണി നാളും.. ആയിരം അജന്താ ശില്പങ്ങളും മായുവതെങ്ങനെ.. മരച്ചീനി വിളയുന്ന നാടിന്റെ ഹൃദയത്തുടിപ്പുകളും.. അയല പൊരിച്ചതിന്റേയും കരിമീൻ വറുത്തതിന്റെയും മറ്റ് വിഭവ വിശേഷങ്ങളിലൂടെയും നാട്ടുരുചി അത്രയ്ക്കും ഗംഭീരമായി അക്ഷര സദ്യയായി വിളമ്പാൻ മറ്റാർക്കാണ് കഴിയുക. പൂവിളി പൂവിളി പൊന്നോണമായി എന്ന പാട്ട് കേൾക്കുമ്പോൾ ഏത് നിമിഷവും നമുക്ക് ഓണനിറവാണ്. ഒന്നാം രാഗം പാടിയതും ഉണരുമീ ഗാനം നമ്മൾ സ്വീകരിച്ചതും ആരാധനയോടെയാണ്. ഭാഷയിലെ ഏത്ഗാന ശാഖയും തനിക്കിണങ്ങും എന്നു തെളിയിച്ച അദ്വിതീയൻ.

വയലാർ ,പി.ഭാസ്ക്കരൻ മാഷ് എന്നിവർക്ക് ശേഷം എന്ന പ്രമാണമല്ല…അവർക്കൊപ്പം ചേർത്ത് പറയേണ്ട ജീനിയസാണ് തമ്പി സാർ. അദ്ദേഹത്തിന്റെ രചനകളിൽ പലതും വയലാറായും ഭാസ്കരൻ മാഷായും ഒ.എൻ.വി. യായും തെറ്റുദ്ധരിക്കാൻ മന:പൂർവം വഴിയൊരുക്കിയ വിഗ്രഹപ്രതിഷ്ഠക്കാർക്ക് തമ്പി സാറിനോട് വൈരാഗ്യമായിരുന്നില്ല മറിച്ച് അസൂയയായിരുന്നു.

നല്ലൊരു കലാകാരന് നല്ലൊരു മനുഷ്യനാകാനാവുമെന്നുംഅദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. മലയാള ചലച്ചിത്ര ലോകത്ത് വാഴ്ത്തപ്പെടുന്നവരുടെ പട്ടികയിൽ ഇടംപിടിച്ച പല താരങ്ങളും തമ്പി സാറിന്റെ തിരക്കഥകളുടേയും സംവിധാനത്തിന്റേയും തണലിൽ വളർന്നവരാണ്.

അദ്ദേഹത്തിന്റെ സർഗ യാത്രകളുടെ ആഴവും പരപ്പും വർണനകൾക്കതീതമാണ്.ഒരു പക്ഷേ, അതാവണം പുരസ്കാരങ്ങളും അദ്ദേഹത്തിന് മുന്നിൽ നാണം തോന്നി മാറിനില്ക്കുന്നത്. പുരസ്കാരങ്ങൾക്ക് അളക്കാൻ കഴിയാത്ത ആ മഹാപ്രതിഭയാണ് കെ.എച്ച്.എൻ.യുടെ ഇരുപത്തിരണ്ടാമത് വാർഷികആഘോഷ സംഗമഭൂമിയിൽ വിശിഷ്ടാതിഥിയായെത്തുന്നത്.നമ്മുടെ ഓരോരുത്തരുടേയും പുണ്യവും ഭാഗ്യവുമാണത്.

അദ്ദേഹത്തിന്റെ ദീപ്ത പ്രഭയിൽ നാമോരുത്തരും അനുഗ്രഹിക്കപ്പെട്ടവരാകും. .. ജീവിതത്തിലെ മനോഹരമായ ഏടായി ആ ധന്യനിമിഷത്തെ നമുക്ക് നെഞ്ചോട് ചേർത്ത് വയ്ക്കാം… അതോടൊപ്പം അദ്ദേഹത്തിന്റെ ഗാനശേഖരത്തിൽ നിന്ന് തിരഞ്ഞെടുത്ത പത്ത് ഗാനങ്ങൾ കോർത്തിണക്കി ഒരു ഗാനസന്ധ്യയും കെ.എച്ച്.എൻ.എ ഒരുക്കുന്നുണ്ട്.

ഗതകാല സ്മരണകളിൽ നീല നിശീഥിനിയിൽ നിദ്രാവിഹീനരായ് കാത്തിരിക്കുന്ന മലയാളികൾക്ക് അമേരിക്കൻ മണ്ണിൽ ആദ്യമായ് ശ്രീകുമാരൻ തമ്പി നേരിട്ടെത്തി തന്റെ സംഗീത സപര്യയുടെ ഉജ്ജ്വലവിരുന്നൊരുക്കുന്നു. മറ്റു പലരും ക്ഷണിച്ചെങ്കിലും ഇപ്പോഴാണ് അമേരിക്കയിൽ വരാൻ സാധിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.

നിത്യ ഹരിതങ്ങളായ അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ഓർമ്മകൾ ഒരുക്കുന്ന താമരമഞ്ചലിൽ ഉറങ്ങാൻ ശ്രീകുമാരൻ തമ്പി ഗാനസന്ധ്യ ഒരുക്കുന്നത് അമേരിക്കയിലെ വിവിധ സിറ്റികളിൽ നിന്നുള്ള ഗായികാഗായകന്മാരാണ്. ഓരോ ഗാനത്തിനും അനുഭവവേദ്യമായ സംഭവങ്ങൾ അദ്ദേഹം തന്നെ വിശദീകരിക്കും. അതിനു ശേഷമായിരിക്കും ഗായകർ ഗാനങ്ങൾ ആലപിക്കുക. മറ്റു പല പരിപാടിയും പോലെ ഹ്യൂസ്റ്റൺ കെ എച് എൻ എ അവിസ്മരണീയമാക്കാൻ പങ്കെടുക്കുന്നവർക്ക് ഒരു ദൃശ്യശ്രാവ്യ വസന്തം കൂടി ഒരുക്കുകയാണ് സംഘാടകർ.

 

Print Friendly, PDF & Email

Leave a Comment

More News