ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; അഖിൽ സജീവ് അറസ്റ്റിൽ

തിരുവനന്തപുരം: തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അഖിൽ സജീവ് അറസ്റ്റിൽ. പത്തനംതിട്ട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾക്കായി പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു.

തേനിയിൽ നിന്നാണ് അഖിൽ സജീവിനെ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തേനിയിൽ ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെയോടെയാണ് അഖിലിനെ കസ്റ്റഡിയിൽ എടുത്തത്. ഉടനെ അഖിലിനെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യും. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കും. 2021, 2022 എന്നീ വർഷങ്ങളിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

നിയമനത്തട്ടിപ്പ് നടത്തിയെന്ന കേസിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം അഖിലിനെ കന്റോൺമെന്റ് പോലീസിന് കൈമാറും. അഖിലിന് പുറമെ ലെനിൻ, റഹീസ് എന്നിവരും കേസിൽ പ്രതികളാണ്. ഇതിൽ റഹീസ് നേരത്തെ അറസ്റ്റിലായിരുന്നു. ലെനിനായുള്ള തിരച്ചിൽ തുടരുകയാണ്. അതിനിടെ, കഴിഞ്ഞ ദിവസം ലെനിൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News