പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തിൽ വരവേല്‍പ്

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായെ അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിലെ ന്യൂയോർക്ക്, വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയും, മലങ്കര ജാക്കോബൈറ്റ് സെന്ററും സംയുക്തമായി പ്രൗഢഗംഭീരവും ഭക്തിനിർഭരവുമായ സ്വീകരണം നൽകി.

വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് നടത്തപ്പെട്ട, പരിശുദ്ധ ബാവായുടെ അപ്പോസ്‌തോലിക സന്ദര്‍ശനം, എന്നെന്നും മനസ്സില്‍ മായാതെ കാത്തു സൂക്ഷിക്കാവുന്ന ആത്മീയ നിറവിന്റെ അനുഭവമായതിലും, ശ്ലൈഹിക വാഴ്‌വുകള്‍ സ്വീകരിച്ച് അനുഗ്രഹീതരായി തീർന്നതിലുമുള്ള സന്തോഷത്തിലാണ് ഇടവകാംഗങ്ങൾ ഏവരും.

നോർത്ത് അമേരിക്കയിലെ മലങ്കര അതിരൂപത ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ, ക്നാനായ അതിരൂപതയുടെ യുഎസ്എ, കാനഡ, യൂറോപ്പ് മേഖലകളിലെ മെത്രാപ്പോലീത്ത മോർ സിൽവാനോസ് അയ്യൂബ്, കിഴക്കൻ യുഎസ്എ അതിരൂപതയുടെ പാത്രിയാർക്കൽ വികാരി മോർ ഡയോനിഷ്യസ് ജോൺ കവാക്ക്, പാത്രിയർക്കൽ സെക്രട്ടറി മോർ ഔഗീൻ അൽ ഖൂറി നെമാറ്റ് എന്നീ പിതാക്കന്മാരോടൊപ്പം 2023 ഒക്ടോബർ ആറാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6: 30 ന് എത്തിച്ചേര്‍ന്ന പരിശുദ്ധ പിതാവിനെ ഇടവക വികാരി ഫാ. ബെൽസൺ പൗലോസ് കുര്യാക്കോസ് സ്വീകരിച്ചതിന്‌ ശേഷം അഭിവന്ദ്യ തിരുമേനിമാര്‍ വന്ദ്യവൈദീക ശ്രേഷ്ഠര്‍, ശെമ്മാശ്ശന്മാര്‍, പാത്രിയര്‍ക്കാ പതാകയുമേന്തി കമ്മറ്റി അംഗങ്ങള്‍, പിന്നിലായി, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടും, അതില്‍ ഭാഗ്യമോടെ വാണരുളുന്ന പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടും, കൂറും ഭക്തിയും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ട്, വര്‍ണ്ണക്കുടയുടെയും പാത്രിയർക്കാ കൊടികളുടെയും അകമ്പടിയോടെ, കത്തിച്ച മെഴുകുതിരികളുമായി ഇടവകാംഗങ്ങൾ പ. പിതാവിനെ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചു

തുടർന്ന് സന്ധ്യാ പ്രാർത്ഥനക്കു ശേഷം നടന്ന പൊതുയോഗത്തിൽ ഇടവക മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. ബെൽസൺ പൗലോസ് കുര്യാക്കോസിന്റെ ആമുഖ പ്രസംഗത്തിനുശേഷം വൈസ് പ്രസിഡന്റ് ഷെവലിയാർ ജോർജ് ഇട്ടൻ പാടിയേടത്ത്‌ സ്വാഗതം ആശംസിച്ചു. മോർ തീത്തോസിന്റെ അദ്ധ്യക്ഷ പ്രസംഗത്തിനുശേഷം പരിശുദ്ധ ബാവ, തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ, വൈറ്റ് പ്ലെയിൻസിലെ സെന്റ് മേരീസ് ദേവാലയം സന്ദർശിക്കാൻ ലഭിച്ച ഈ അവസരത്തിന് ദൈവത്തെ മഹത്വപ്പെടുത്തുകയും ശേഷം ഇടവകാംഗങ്ങളെയും സമീപ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന പട്ടക്കാരെയും വിശ്വാസികളെയും ആശീർവദിച്ചു അനുഗ്രഹിക്കുകയും ചെയ്തു. പരിശുദ്ധ ബാവക്കുവേണ്ടി സൺ‌ഡേ സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച ഗാനം ഏറെ ഹൃദ്യം ആയിരുന്നു. തുടർന്ന് ഇടവകയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കു പരിശുദ്ധ ബാവ തുടക്കം കുറിച്ചു. സെക്രട്ടറി വിൽ‌സൺ മത്തായി നന്ദി രേഖപ്പെടുത്തി.

പ: ബാവാ തിരുമനസ്സിന്റെ ദേവാലയത്തിലെ പ്രഥമ അപ്പോസ്‌തോലിക സന്ദര്‍ശനം ഇടവകയുടെ ചരിത്രത്തന്റെ ഏടുകളില്‍ സ്വര്‍ണ്ണലിപികളില്‍ ചേര്‍ക്കപ്പെടുന്ന ഒരു മഹാസംഭവമാക്കി മാറ്റിയതിൽ അതിഭദ്രാസന മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനി വികാരിയെയും കമ്മറ്റി മെംബേഴ്സിനെയും ഇടവക അംഗങ്ങളെയും പ്രത്യേകം അഭിനന്ദിച്ചു. വികാരി റവ. ഫാ. ബെൽസൺ പൗലോസ്‌ കുര്യാക്കോസിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് ഷെവ. ജോർജ് ഇട്ടൻ പാടിയേടത്ത്‌, സെക്രട്ടറി വിൽസൺ മത്തായി, ട്രെഷറർ ജോയ് ഇട്ടൻ, കമ്മറ്റി അംഗങ്ങളായ അമിൽ പോൾ, ബോസ് ജോർജ്, ജോജി കാവനാൽ, ലത കോശി, റോബിൻ വിൽ‌സൺ, ഷാജി തരകൻ, ഷൈന ജോൺ, ടോണി കൊള്ളാർമാലിൽ എന്നിവരുടെ നേതൃത്വത്തിൽ പരിശുദ്ധ ബാവായുടെ അപ്പോസ്‌തോലിക സന്ദര്‍ശനത്തിന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു.

പാത്രിയര്‍ക്കീസ് ബാവായുടെ ദേവാലയത്തിലെ പ്രഥമ അപ്പോസ്‌തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി സ്ഥാപിച്ച ശിലാഫലകം ബാവ തിരുമസുകൊണ്ട് അനാച്ഛാദനം ചെയ്തു.

മൂന്നര മണിക്കൂർ ഇടവകങ്ങളോടൊപ്പം സമയം പങ്കിട്ട പിതാവ് സ്നേഹവിരുന്നിനു ശേഷം പത്തു മണിയോടുകൂടി അപ്പോസ്‌തോലിക സന്ദര്‍ശനം പൂർത്തിയാക്കി ന്യൂജേഴ്സിയിലെ പരാമസിലുള്ള പാത്രിയാക്കാ അരമനയിലേക്കു മടങ്ങുകയും ചെയ്തു.

(റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര, പിആര്‍‌ഒ, മലങ്കര ജാക്കോബൈറ്റ് സെന്റര്‍, വൈറ്റ്പ്ലെയ്ന്‍സ്, ന്യൂയോര്‍ക്ക്)

 

Print Friendly, PDF & Email

Leave a Comment

More News