ഫ്ലൂ (അദ്ധ്യായം – അഞ്ച്): ജോണ്‍ ഇളമത

കാലചക്രമൊന്ന്‌ കറങ്ങി. ഏഴെട്ടു വര്‍ഷങ്ങള്‍ പുനിലാവുപോലെ കടന്നു പോയി. ഇതിനിടെ പലകാര്യങ്ങളും സംഭവിച്ചു.

സെലീന ഓര്‍ത്തു…

ഡേവ്‌ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി. അതേസമയം തന്നെ തന്റെ സഹോദരിമാരെയെല്ലാം കെട്ടിച്ചയക്കാനുള്ള എല്ലാ ഒത്താശകളും ചെയ്തു. അവരെയെല്ലാം ഒരുവിധം നല്ലനിലയില്‍ തന്നെ കല്ല്യാണം കഴിപ്പിച്ചു. വേണ്ടത്ര സ്ത്രീധനത്തിന്റേയും, പൊന്നിന്റെയും അകമ്പടിയില്‍. എല്ലാവര്‍ക്കും വീടിന്‌ അധികം അകലെയല്ലാതെ കുടിയേറ്റക്കാരുടെ മക്കള്‍ തന്നെ വരന്മാരായി വന്നു. അതായിരുന്നു അപ്പന്റെ ആശ.

എല്ലാം നേരെയായിരിക്കുന്നു. ഇനിയും ഡേവുമായുള്ള വിവാഹം. കാലതാമസമൊന്നും വേണ്ട. മുപ്പത്‌ താണ്ടിയിരിക്കുന്നു. വിവാഹപ്രായം കടന്നോ എന്ന്‌ ഇറ്റലിയില്‍ ആര്‍ക്കും ആക്ഷേപമുണ്ടായിരിക്കില്ലെങ്കിലും, ഇടക്ക്‌ ഇടക്ക്‌ നാട്ടിലേക്ക്‌ ഫോണ്‍ ചെയ്യുമ്പോള്‍ അമ്മക്കതു മാത്രമേ പറയാനുണ്ടായിരുന്നുള്ളു.

“മോളെ, നിനക്കൊരു കല്യണം വേണ്ടേ. മുപ്പതു കഴിഞ്ഞില്ലേ. ഇനിയിപ്പം വച്ചു താമസിപ്പിക്കേണ്ട. നാട്ടിലും ആലോചന ബുദ്ധിമുട്ടാ മുപ്പതുകഴിഞ്ഞാല്‍. എങ്കിലും നിന്റെ അപ്പനും ഞാനും ഒരു രണ്ടാം കെട്ടുകാരനെ കണ്ടുമുട്ടിയിട്ടുണ്ട്‌. രണ്ടാം കെട്ടന്ന്‌ പറഞ്ഞാ ചെറുക്കന്‍ അധികം പ്രായമൊന്നുമില്ല. മക്കളുമില്ല, മറ്റ്‌ ബാധ്യസ്തതകള്‍ ഒന്നും തന്നേമില്ല. പെട്ടെന്ന്‌ ഒരു പൊങ്ങം പനി വന്നാ അയാക്കടെ ഭാര്യ മരിച്ചേ. അതും കെട്ട്യേതിന്റെ രണ്ടാം മാസം. മരിച്ചിട്ടിപ്പം ഒന്നരയാണ്ടായി. ഒരാക്കടെ ഒറ്റ മോനാ. ഒരു ചെറുപ്പക്കാരന്‍. അവനന് മുപ്പതിലേറെ പ്രായം കാണാനില്ല. ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരന്‍. നല്ല അദ്ധ്വാനിയാ. നമ്മളേ പോലെ പാലായീന്ന്‌ കുടിയേറിയതാ അവരടെ അപ്പന്റെ അപ്പന്‍. ആദ്യകാല കുടിയേറ്റക്കാരനായിരുന്നു. അക്കാലത്ത്‌ മലബാറി പലതരം വസന്തകളൊണ്ടാരുന്നില്ലേ. കാടു വെട്ടിതെളിച്ച്‌ കൃഷിഭൂമി രൂപപ്പെടുത്തുന്നേന്റെ മലമ്പനീന്നു പറഞ്ഞൊരു വസന്ത വന്നാ അയാളു മരിച്ചെ. അതു കഴിഞ്ഞയാക്കടെ മോനും ആ ദീനം തന്നെ വന്നുന്നാ കേക്കുന്നേ. പക്ഷേ പൊങ്ങംപനിയാന്നും പറഞ്ഞ്‌ കൂര്‍ക്കേല ഇട്ട വെള്ളം കുടിച്ചോണ്ടിരുന്നു. എന്തിന്‌, പനീം തുള്ളലും മൂത്ത്‌ ഒരു ദിവസി അയാളും മരിച്ചു അവന്റെ ചെറപ്പത്തി ഏതാണ്ട്‌ പത്തു വയസ്സൊള്ളപ്പം. പിന്നെ അവനെ വളര്‍ത്തിയത്‌ അവന്റെ അമ്മ ത്രേസ്യാമ്മയാ, തങ്കം പോലൊരു സ്ത്രീ. ഞങ്ങളൊന്നിച്ചാ നടന്നു പള്ളീ പോണത്‌. അപ്പോ ഞങ്ങള്‍ പല കാര്യേം പറേം. അങ്ങനെ പറഞ്ഞു വന്നപ്പഴാ അങ്ങനൊരു കഥ പൊറത്തുവന്നെ. ങാ അറിയാമോ ആദ്യകാലത്ത്‌ ഇവിടെ കുടിയേറിയ കുറേ പേര്‍ ചത്തു. മലമ്പനീന്നും പറഞ്ഞ്‌ ഒരുകൂട്ടം തുള്ളപനി ബാധിച്ച്‌. സായിപ്പുമാര്‌ പണ്ട്‌ ഇവിടം ഭരിച്ചോണ്ടിരുന്ന കലത്ത്‌ ഈ വസന്തക്ക്‌ കണ്ടുപിടിച്ച ‘കൊയ്നാ ഗുളിക’ കഴിച്ചിരുന്നെ ധാരാളം പേര്‍ രക്ഷപെട്ടേനെ. അതെങ്ങനാ! ആമ്പ്രന്നോമ്മാര്‍ വിവരമില്ലാത്തോര. അന്ന്‌ ചൊരേടെ തെളപ്പി കെട്ടിയോമ്മാര് മര്‍ക്കട മുഷ്ടികളാ..ആരും പറഞ്ഞാലും കേള്‍ക്കുല്ല.”

കഥകളൊക്കെ സെലീനാക്ക്‌ പിടുത്തം കിട്ടി. ഏതാണ്ട്‌ എന്റെ പ്രായോള്ള രണ്ടാം കെട്ടുകാരനായ ചെറുപ്പക്കാരന്‍. എന്തിന്‌! അമ്മേ പറഞ്ഞിട്ട്‌ കാര്യോല്ല. ഇവിടെ ഞാനൊരുത്തനെ സ്നേഹിക്കാം തൊടങ്ങീട്ട്‌ വര്‍ഷമെത്രയായി. പാവം! അമ്മക്കോ, അപ്പനോ ആ കഥയൊന്നുമറിയീല്ല. അതും ഒരു മലയാളി ഡോക്ര്‍! ഞാന്‍ പഠിപ്പിച്ച്‌ മിടുക്കനാക്കിയ ഒരാള്‍.

ഏതായാലും ഈ കാര്യമൊക്കെ അപ്പനോടും, അമ്മയോടും പറയാം വരട്ടെ. നാട്ടിലെ പതിവു പോലെ മൂന്നു വിളിച്ചു ചൊല്ലി കല്യാണമൊറപ്പിക്കേം ഒന്നും ഇവിടെ വേണ്ട. ഇവിടെ പ്രധാനം മോതിരമിടീലാ. അതു കഴിഞ്ഞേ ഉറപ്പുള്ളു. എന്നുപറഞ്ഞാല്‍ വധുവിന്‌ മോതിരം നല്‍കി വരന്റെ പരസ്യ പ്രഖ്യാപനം. നിന്നെ ജീവിതസഖിയായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന്‌. അതുടനെ ഉണ്ടായിട്ട്‌ വിവരമറീച്ചാല്‍ മതീല്ലോ. അതുവരെ എത്രയായാലും ഒഴുക്കത്തു പോകുന്ന
വള്ളം പോലെയല്ലേ!

എന്നാല്‍ ആ വള്ളം ഒഴുക്കത്തു പോയി, തോടും, ആറും കായലും കടന്ന്‌ ഒരു മഹാസമുദ്രത്തിലേക്ക്‌. സെലീന അന്നാദ്യമായി വാവിട്ടു കരഞ്ഞു. ജീവിതത്തിലെ ഏറ്റം വലിയ ദുരന്തം. വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ ആശിക്കാനാകാത്തത്‌ ആഗ്രഹിച്ചതു കൊണ്ടാകാം. കാത്തിരിപ്പ്‌ ഒന്നിന്റെയും ഉത്തരമല്ല. ഒഴുക്കത്തു വന്ന പല കാര്യങ്ങളും അങ്ങനെയല്ലേ! പിന്നീട് എന്നു വെച്ച് കാത്തിരിക്കുന്നവരുടെ അനുഭവങ്ങള്‍ അതായിരിക്കുമെന്ന്‌ ജീവിതം ഇപ്പോള്‍ പഠിപ്പിക്കുന്നു. ഇന്ന്‌ സംഭവിക്കുന്നത്‌ നാളെ സംഭവിക്കുന്നില്ല. നാളെ നമ്മുടേതല്ല!. അതാണ്‌ സംഭവിച്ചത്‌. ഡേവിഡിന്റെ പഠനം പൂര്‍ത്തിയാകും വരെ ഞങ്ങളൊന്നിച്ചായിരുന്നു. സൗകര്യമുള്ള വാരാന്ത്യങ്ങളിലും, അവധിക്കാലങ്ങളിലും ഞങ്ങള്‍ കമിതക്കളായി എവിടെയെല്ലാം ചുറ്റിസഞ്ചരിച്ചു. യൂറോപ്പില്‍ തന്നെ പാരീസ്‌, ഫ്രാങ്ക്ഫര്‍ട്ട്, കൊളോണ്‍, ആംസ്റ്റര്‍ഡാം, വിയന്ന അങ്ങനെ ആനന്ദത്തിന്റെ ലഹരിയില്‍ കഴിഞ്ഞ ഓര്‍മ്മകളിലേക്ക്‌ ആ ഞെട്ടലുണ്ടാക്കുന്ന ആ സംഭവം, പൊട്ടിത്തെറിച്ച ഒരു ബോംബു പോലെയാണ്‌ വന്നുവീണത്‌.

ആയിടെ കുറേക്കാലത്തേക്ക്‌ ഡേവിന്റെ വിളിയുണ്ടായില്ല. മിക്കവാറും എല്ലാ ദിവസങ്ങളിലും തന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്ന ഡേവിന്‌ എന്താണ്‌ സംഭവിച്ചത്‌. സമയതിരക്കായിരിക്കാം എന്നു കരുതി ആദ്യം. പഠനം പൂര്‍ത്തിയാക്കുന്നവര്‍ അവിടെ മെഡിക്കല്‍ കോളജ്‌ ഹോസ്പിറ്റലില്‍ കുറേ നാള്‍ ഇന്‍റ്റേണ്‍ഷിപ്പ്‌ ചെയ്യുന്ന പതിവുണ്ടല്ലേോ. അതാകമെന്ന്‌ സമാധാനിച്ചു കാത്തിരുന്നു. പുതിയ ഡോക്ടറല്ലേ. പഠിച്ചതെല്ലാം ജീവനുള്ള രോഗികളില്‍ പ്രയോഗിക്കുന്ന രീതികള്‍ ചികത്സാവിദഗ്ദരുടെ കൂടെ നിന്ന്‌ അഭ്യസിക്കുന്ന കാലം. അവരുടെ അഭിപ്രായങ്ങള്‍, ഉപദേശങ്ങള്‍, അവര്‍ ചെയ്യുന്നത്‌ കണ്ടുപഠിക്കല്‍. ഇങ്ങനെ ധാരാളം വിദ്യകള്‍ കൂടി വശമാക്കിയാലേ ഒരു ഡോക്ടര്‍ ജനിക്കൂ.

എന്നാല്‍ വിളികള്‍ ഇല്ലാതെ ആഴ്ചകള്‍ കടന്നുപോയപ്പോള്‍ എന്തോ ഒരു കല്ലുകടി തോന്നി. എത്ര തിരക്കായാലെന്താ, ഒന്നുവിളിച്ച്‌ തിരക്കാണന്നു പറയാന്‍ ക്ഷമ കാട്ടാത്തതില്‍ സെലീനാക്ക്‌ ദേഷ്യം സഹിക്കാതെ വന്നു.

ഫോണ്‍ എടുത്തു കറിക്കി. പത്തു തെറി പറയാനുള്ള വാശിയോടെ. പക്ഷേ നിരാശാജനകമായ മറുപടിയാണ്‌ വന്നത്‌.’ഈ
ഫോണ്‍ നമ്പര്‍ നിലവിലില്ല’. അന്തിച്ചുപോയി!

കരഞ്ഞുപോയി. ഇനി എന്തു ചെയ്യും, ആരോട്‌ ചോദിക്കും, അന്വേഷിക്കും? ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങള്‍. തളര്‍ന്നു നിലത്തു കുത്തിയിരുന്നു.

വാവിട്ട്‌ കരയാന്‍ തോന്നി. ശബ്ദം തൊണ്ടയില്‍ കുടുങ്ങിനിന്നു നിശ്ശബ്ദ ദരോദനമായി അത്‌ ഒഴുകി. മെഡിക്കല്‍ കോളജില്‍ പോയി അന്വഷിച്ചാലോ…എന്തിന്‌! ഹൃദയമില്ലാത്തവന്‍. എങ്കിലും ഒന്നറിയണമല്ലോ!

പെട്ടന്നൊരു ഭൂതോദയം വന്നു. ഏറെക്കുറെ ഡേവിനെപ്പറ്റി അറിയാവുന്ന ആളാണ്‌ ഡോക്ടര്‍ മാതൃവും, ഭാര്യ പ്രഫസര്‍ ക്രതീനാ ചേച്ചിയും. മിക്കപ്പോഴും ഡോക്‌ടര്‍ മാത്യുവിനെ കാണാന്‍ ഡേവ്‌ എത്തും. ഡോക്ടര്‍ ഔദാര്യ നിധിയാണ്‌. ഇടക്കിടെ ധനപരമായി സഹായിക്കും. കൂടാതെ പഠനത്തോടനുബന്ധിച്ചു ഉണ്ടാകുന്ന സംശയ നിവാരണത്തിനും വേണ്ടി. ഡോക്ടര്‍
മാത്യുവും പ്രഫസര്‍ കത്രീനാ ചേച്ചിയും നല്ല മനുഷ്യരാണ്‌. എല്ലാം തികഞ്ഞവര്‍ ഭൂമുഖത്തില്ലായെന്ന്‌ പറഞ്ഞ മട്ടില്‍ അവര്‍ക്കൊരു കുറവുണ്ട്‌. മക്കളില്ല! അല്ലങ്കില്‍ എല്ലാം തികഞ്ഞവര്‍ അങ്ങനെ ഒന്നില്ല എന്നല്ലേ പ്രമാണം. ദൈവത്തെ മറക്കാതിരിക്കാനാണ്‌ മനുഷ്യന്‌ ഏറ്റകുറച്ചില്‍ എന്നല്ലേ പഴമക്കാരുടെ വാദം.

ഡോക്ടര്‍ മാത്യുവിനെ ചിലപ്പോഴൊക്കെ കാണാറുണ്ടെങ്കിലും അദ്ദേഹം എപ്പോഴും തിരക്കായിരിക്കും. താന്‍
ജോലി ചെയ്യുന്ന ഡിപ്പാര്‍ട്ടുമന്‍റിന്റെ ചീഫ് അദ്ദേഹമാണ്‌. മെഡിസിന്‍ വകുപ്പ്‌ മേധാവി. മിക്കവാറും ആഴ്ച്ചയിലാരിക്കല്‍ അദ്ദേഹം വരും മറ്റ്‌ സഹഡോക്ടര്‍മാര്‍ക്കൊപ്പം റൗണ്ടിന്. അത്ര അടുപ്പമില്ലങ്കിലും നല്ല അടുപ്പമുള്ളതുപോലെയാണ്‌ മാന്യനായ അദ്ദേഹത്തിന്റെ പെരുമാറ്റം.

ചിലപ്പോഴൊക്കെ വിശേഷമന്വേഷിക്കുകയും ചെയ്യും. സുഖമാണോ, ജോലി ഒക്കെ തൃപ്തികരമാണോ എന്നൊക്കെ. വാസ്തവത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ പ്രൊഫസര്‍ കത്രീനയെ ഒന്നോ രണ്ടോ പ്രാവശ്യമേ കണ്ടിട്ടുള്ളു. അവരും കാണുമ്പോള്‍ കുശലങ്ങളൊക്കെ അന്വേഷിക്കും. അവര്‍ നാട്ടില്‍ ഹിസ്റ്ററി പ്രൊഫസറായിരുന്നു. ഇവിടെ ജോലി ചെയ്യുന്നില്ല, ഹൗസ്‌വൈഫാണ് എന്നൊക്കെയാണ്‌ ഡേവില്‍ നിന്ന്‌ കേട്ടിട്ടുള്ളത്‌. അല്ലങ്കില്‍ അവരെന്തിന്‌ ജോലി ചെയ്യണം! സാന്താമറിയാ ഹോസ്പിറ്റലിലെ ഒരു വകുപ്പ്‌ മേധവിക്ക്‌ മാസം കിട്ടുന്നത്‌ പതിനായിരം അക്കങ്ങളുള്ള ഒയിറോ അല്ലേ ശമ്പളം.

എന്തെങ്കിലും വിവരങ്ങള്‍ അറിയാന്‍ അതേ മാര്‍ഗ്ഗമുള്ളൂു. അതുകൊണ്ട്‌ അങ്ങനെ തന്നെ തീരുമാനിച്ചു. ഡോക്ടര്‍ മാത്യുവിന്റെ വീട്ടിലെ നമ്പര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമന്‍റില്‍ തന്നെയുണ്ട്‌. അതവിടെ നിന്ന്‌ കണ്ടുപിടിച്ചു. ഡോക്ടര്‍ ഹോസ്പിറ്റലിലുണ്ടായിരുന്ന ഒരു സമയം നോക്കി വിളിച്ചു. ലക്ഷ്യം പ്രൊഫസര്‍ കത്രീന ചേച്ചിയെ തന്നെയായിരുന്നു. അവരാകുമ്പോള്‍ അതുതന്നെ ഇത്തരം വിഷയങ്ങളെപ്പറ്റി സംസാരിക്കാന്‍ യോജിച്ചത്‌. ഒരു പുരുഷനേക്കാളേറെ മുറിവേറ്റ ഒരുസ്ത്രീയുടെ ഹൃദയത്തെ സാന്ത്വനപ്പെടുത്താന്‍ ഒരു സ്ത്രീ തന്നെ ഏറ്റവും അഭികാമ്യം. ഒരു സ്ത്രൈണ മനസ്സിന്റെ വിങ്ങല്‍ മറ്റാരേക്കാളും അവര്‍ക്കേ കൂടുതല്‍ മനസ്സിലാകൂ.

പ്രതീക്ഷിച്ചതു പോലെ കത്രീന ചേച്ചി ഫോണ്‍ എടുത്തു.

സെലീനാ പറഞ്ഞുതുടങ്ങി:

“ചേച്ചീ ഇതു ഞാനാണ്‌, സെലീനാ, ഒരുപക്ഷേ ഓര്‍ക്കുന്നുണ്ടാകുമോ?”

“അറിയാം സെലീനാ, ഡോക്ടര്‍ മാത്യു ചിലപ്പോള്‍ പറയാറുണ്ട്‌ സെലീനാ ഒരു നല്ല കൂട്ടിയാണന്ന്‌, അദ്ധ്വാനിയാണന്ന്‌. ജോലിയില്‍ ആത്മാര്‍തയുള്ള നേഴ്‌സാണ്‌ എന്നൊക്കെ. അല്ലങ്കിലും വിദേശത്തു നമ്മുടെ പെണ്‍കുട്ടികളെപ്പറ്റി നല്ല മതിപ്പാണ്‌. ആത്മാര്‍ത്ഥത അവരുടെ കൂടപ്പിറപ്പാണ്‌. ആകട്ടെ,എന്താണ്‌ വിശേഷിച്ച്‌?”

“മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന ഡേവി എന്നൊരു ചെറുപ്പക്കരന്‍ ഡോകടറെ കാണാന്‍ ഇടക്കൊക്കെ അവിടെ വരാറുണ്ടല്ലോ!”

“ഉണ്ട്… എന്താണ്‌?”

“അയാളെപറ്റി ഒരു വിവരവുമില്ലല്ലോ! അയാളെ ഫോണില്‍ വിളിച്ചിട്ട്‌ അങ്ങനെ ഒരു നമ്പര്‍ നിലവിലില്ല എന്നാണ്‌ മറുപടി.”

“അതു ശരിയാകാം”

“നേരോ?”

സെലീനായുടെ ശബ്ദമിടറി.

അതു ഗ്രഹിച്ച ക്രതീന ചേച്ചി ചോദിച്ചു…

“എന്തേ, ആ ചെറുപ്പക്കാരനെപ്പറ്റി കൂടുതല്‍ താല്പര്യം!”

സെലീനാ ഒന്നു മടിച്ചു, പിന്നെ മൗനം പാലിച്ചു.

“പറയൂ കുട്ടി! എന്ത്‌, എന്താണ്‌ സംഭവിച്ചത്‌?”

വീണ്ടും സെലീന മൗനം പാലിക്കുന്നത്‌ കണ്ട്‌ ക്രതീന ചോദിച്ചു:

“കുട്ടിക്കെന്തുപറ്റി..അയാള്‍ ഒരു നല്ല ചെറുപ്പക്കാരനല്ലേ?”

സെലീനാ സങ്കടം അടക്കി തെല്ലു കോപത്തോടെ ചോദിച്ചു…

“അയാളിപ്പോള്‍ എവിടെയാണ്‌?”

ക്രതീന പറഞ്ഞു..

“ജര്‍മ്മിനിയില്‍ കൊളോണിക്കിലേക്കാണ്‌ പോകുന്നത്‌ എന്ന്‌ ഇവിടെ വന്നിട്ടു പോകുമ്പോള്‍ പറഞ്ഞിരുന്നത്‌. അവിടെ ചെന്നിട്ട്‌ വിളിക്കാമെന്നും പറഞ്ഞു. അതു കഴിഞ്ഞിട്ടും ഞങ്ങള്‍ക്ക്‌ ഒരറിവുമില്ല. ഒരു വിളിയുമുണ്ടായില്ല.”

ക്രതീന തെല്ലു നിര്‍ത്തി തുടര്‍ന്നു:

“ഡേവി നല്ല പെരുമാറ്റ ചട്ടമുള്ള ഒരു ചെറുപ്പുക്കാരനേപാലെയാണെന്നാണ് ഞങ്ങള്‍ക്ക്‌ തോന്നിയിട്ടുള്ളത്‌. ഇവിടെ വരുമ്പോള്‍ അയാള്‍ക്കൊപ്പം ഒരു ഇറ്റലിക്കാരി പെണ്‍കുട്ടി കൂടെയുണ്ടായിരുന്നു. ഓ, ഓര്‍ക്കുന്നു, അവളുടെ പേര് ഫ്രാന്‍സിസ്ക്കാ എന്നായിരുന്നു..അയാള്‍ക്കൊപ്പം മെഡിസിന്‍ പസ്സായ ഒരു പെണ്‍കുട്ടി. അവള്‍ ഗേള്‍ഫ്രണ്ടാണെന്നാണ് പറഞ്ഞിരുന്നത്‌. കോളോണിലേക്ക്‌ പോകാന്‍ കാരണം അവിടെ ടൗണില്‍ ഏതോ ഒരു ഹോസ്പ്പിറ്റലില്‍ രണ്ടു പേര്‍ക്കും ജോലികിട്ടി എന്നു പറഞ്ഞു. ജര്‍മ്മിനിയില്‍ ഇവിടുത്തേക്കാളേറെ ശമ്പളവും ആനുകൂല്യങ്ങളും കൂടുതലുള്ള കാരണമാണ്‌ അങ്ങോട്ടേക്ക്‌ പോകുന്നതെന്നും പറഞ്ഞു. പോയിട്ടിപ്പോള്‍ രണ്ടാഴ്ച്ചയിലേറെയായി. അതില്‍ പിന്നീട്‌ വിവരങ്ങള്‍ ഒന്നും തന്നെയില്ല.”

സെലീനാ വീണ്ടും മറുപടി ഒന്നും പറയാതിരുന്നപ്പോള്‍ ക്രതീന നിര്‍ബന്ധിച്ചു:

“പറയു കുട്ടീ, കട്ടിക്കയാളുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ!”

സെലീന കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു

അവള്‍ പറഞ്ഞു…

“ചേച്ചീ, അയാളെന്നെ പറ്റിച്ചു! വര്‍ഷങ്ങളോളം ഞങ്ങള്‍ക്ക്‌ ബന്ധമുണ്ടായിരുന്നു. ഞങ്ങള്‍ വിവാഹം ചെയ്യാന്‍ പരസ്പരം നശ്ചയിച്ചിരുന്ന കമിതാക്കള്‍ ആയിരുന്നു. അങ്ങനെ തന്നെ ഞാന്‍ അയാളെ മെഡിസിന്‍ പഠനത്തിലേറെ സാമ്പത്തികമായി സഹായിച്ചിട്ടുമുണ്ട്‌. ഞങ്ങള്‍ ആറ്‌ പെണ്‍മക്കളാണ്. എനിക്ക്‌ സഹോദരനില്ലാത്തതിന്റെ കുറവ്‌ ഞാന്‍ അയാളിലൂടെയാണ്‌ നികത്തിയിരുന്നത്‌. ആ കണക്കുകൂട്ടല്‍ ആകെ തെറ്റി. എനിക്കിപ്പോള്‍ മനസ്സിലായി ഭാവിയിലേക്ക്‌ കണക്കുകൂട്ടി ജീവിക്കുന്നവര്‍ മണ്ടന്മാരാണന്ന്‌!”

“കുട്ടിക്ക്‌ എന്തെങ്കിലും പറ്റിയോ?”

“അങ്ങനെയൊന്നുമില്ല. അത്തരമൊരു കരാറിലാണ്‌ ഞാന്‍ അയാളുമായി അടുത്തത്‌.”

പ്രൊഫസര്‍ ക്രതീന ആശ്വസിപ്പിച്ചു:

“സാരമില്ല കുട്ടീ, ഒരുപക്ഷേ അയാള്‍ കുട്ടിയുമായി ബന്ധപ്പെട്ടേക്കാം. ചിലപ്പോള്‍ ഗേള്‍ഫ്രണ്ട്‌ എന്നു പറഞ്ഞ പെണ്‍കുട്ടി, ഒരുപക്ഷേ അയാളുടെ വെറുമൊരു കൂട്ടുകാരിയാകാം.”

സെലീന പൊട്ടിക്കരഞ്ഞു മൊഴിഞ്ഞു:

“അങ്ങനെ ആശ്വസിക്കാനായിരുന്നെങ്കില്‍, നിങ്ങളെ കാണാന്‍ വന്ന വഴി എന്നെകൂടി തീര്‍ച്ചായായും അയാള്‍ കാണാന്‍ വന്നേനെ. മുമ്പൊക്കെ അങ്ങനെ ആയിരുന്നില്ലോ!”

അപ്പോള്‍!…..പ്രഫസര്‍ ക്രതീനായുടെ ശബ്ദത്തില്‍ ഒരു നിസ്സഹായത നിഴലിച്ചു.

(തുടരും…..)

 

Print Friendly, PDF & Email

Leave a Comment

More News