മന്ത്രയുടെ ഭരണ സമിതി കൈമാറ്റം ന്യൂ ജേഴ്‌സിയിൽ നടന്നു

മന്ത്രയുടെ ഭരണ സമിതി കൈമാറ്റം നവംബർ 18 നു ന്യൂജേഴ്‌സിയിലെ ടീനെക്കിൽ ഉള്ള ഹിൽറ്റൺ കൺവെൻഷൻ സെന്ററിൽ വച്ചു നടന്നു. മുൻ പ്രസിഡന്റ്‌ ശ്രീ ഹരി ശിവരാമൻ, പ്രസിഡന്റ്‌ ശ്രീ ശ്യാം ശങ്കറിനു ഔദ്യോഗികമായി രേഖകൾ കൈമാറിക്കൊണ്ട് സമ്മേളനം ഉദ് ഘാടനം ചെയ്തു. സംഘടനയെ നയിക്കാൻ സാധിച്ചത് ജീവിതത്തിൽ ലഭിച്ച സൗഭാഗ്യങ്ങളിൽ ഒന്നായി കരുതുന്നുവെന്നും, തനിക്കു മന്ത്ര കുടുംബ അംഗങ്ങളിൽ നിന്ന് ലഭിച്ച പിന്തുണ അകമഴിഞ്ഞതായിരുന്നു വെന്നും അദ്ദേഹം നന്ദിയോടെ സ്മരിച്ചു. പുതിയ ഭരണ സമിതിക്കു എല്ലാ വിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

മന്ത്രയുടെ രണ്ടാമത് ഗ്ലോബൽ ഹിന്ദു കൺവെൻഷൻ നോർത്ത് കരോലീനയിലെ ഷാർലറ്റിൽ 2025 ജൂലൈ 3 മുതൽ 6 വരെ നടക്കുമെന്ന് പ്രസിഡന്റ്‌ ശ്യാം ശങ്കർ അറിയിച്ചു. ഇതേ ചടങ്ങിൽ വെച്ചായിരുന്നു കൺവെൻഷൻ പ്രഖ്യാപനവും. നോർത്ത് അമേരിക്കയിലെ ഹിന്ദു സമൂഹത്തിൽ കുറഞ്ഞ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ മന്ത്രയുടെ അടുത്ത രണ്ടു വർഷത്തെ കര്മപരിപാടികളെ കുറിച്ച് അദ്ദേഹം വിവരിക്കുകയുണ്ടായി.

ഷാർലറ്റിലെ പ്രമുഖ മലയാളി ഹൈന്ദവ സംഘടനയായ കൈരളി സത്‌സംഗ് ഓഫ് കരോലിന (കെ എസ് സി) യുമായി ചേർന്നാണ് മന്ത്രയുടെ 2025 ലെ കൺവെൻഷൻ നടത്തുകയെന്നും , ഷാർലറ്റിലെയും പരിസര പ്രദേശങ്ങളിലെയും ഹിന്ദു സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടിയും, ഹൈന്ദവ ധർമം പ്രചരിപ്പിക്കുവാനും വേണ്ടി കെ എസ് സി നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ അങ്ങേയറ്റം പ്രശംസനീയമാണെന്നും പ്രസിഡന്റ് ശ്യാം ശങ്കർ മന്ത്രയുടെ ഡയറക്ടർ ബോർഡിന്റെയും ട്രസ്റ്റി ബോർഡിന്റെയും സംയുക്ത യോഗത്തിൽ അറിയിച്ചു. പ്രസ്തുത യോഗത്തിൽ മന്ത്രയുടെ ട്രഷറർ ആയി ശ്രീമതി അർച്ചന ഉഷാകുമാരിയെ (ഷാർലെറ്റ്) നാമ നിർദ്ദേശം ചെയ്യുകയും ഡയറക്ടർ ബോർഡ്, ട്രസ്റ്റീ ബോർഡ് അംഗങ്ങൾ ഇതിനെ ഐകകണ്‌ഠ്യേന അംഗീകരിക്കുകയും ചെയ്തു. ഷാർലെറ്റിലെ മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായ അർച്ചന ഒരു സോഫ്റ്റ്‌വെയർ പ്രൊഫെഷനലും മലയാളം അദ്ധ്യാപികയും കൂടിയാണ്.

മന്ത്രയുടെ അടുത്ത 90 ദിന കാര്യപരിപാടികളിൽ പ്രധാനപെട്ടവയായ, ‍പരശുരാമൻ കേരളത്തിൽ സ്‌ഥാപിച്ച 108 ശിവ ക്ഷേത്രങ്ങളെ നോർത്ത് അമേരിക്കൻ ഹിന്ദു കുടുംബങ്ങളുമായി കോർത്തിണക്കുവാൻ വേണ്ടി ആരംഭിക്കുന്ന 108 ശിവാലയം പരിപാടി, ഡോ. ശ്രീനാഥ് കാര്യാട്ട് ന്റെ സഹകരണത്തോടെ നടത്തുന്ന മന്ത്രായനം, മന്ത്രയുടെ ഓൺലൈൻ എഡ്യൂക്കേഷൻ പ്ലാറ്റ്‌ഫോം ആയ വിശ്വാഗോകുലത്തിന്റെ വാരാന്ത്യ ക്ലാസ്സുകളുടെ വിപുലീകരണം എന്നിവയെക്കുറിച്ചും വിശദീകരിക്കുകയുണ്ടായി.

ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ ഷിബു ദിവാകരൻ, പ്രസിഡന്റ്‌ ഇലക്ട് ശ്രീ കൃഷ്ണ രാജ് മോഹനൻ, വൈസ് പ്രസിഡന്റ്‌ ശ്രീമതി ഡീറ്റ നായർ,ട്രസ്റ്റീ ബോർഡ്‌ വൈസ് ചെയർ ശ്രീ മധു പിള്ള എന്നിവരും വിവിധ ട്രസ്റ്റീ ഡയറക്ടർ ബോർഡ്‌ അംഗങ്ങളും സന്നിഹിതർ ആയിരുന്നു. ട്രസ്റ്റീ ചെയർ ശ്രീ ശശിധരൻ നായർ ഉൾപ്പടെ മറ്റു ഭരണ സമിതി അംഗങ്ങൾ ഓൺലൈൻ ആയും പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News