ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണഘടനകള്‍: കാരൂര്‍ സോമന്‍, ചാരുംമൂട്

ലോക പ്രശസ്ത ഭരണഘടന ബ്രിട്ടനിലെ ‘മാഗ്നകാര്‍ട്ട’ യെങ്കില്‍ ലോകത്തെ ഏറ്റവും നീളംകൂടിയ ഭരണഘടനയാണ് നമ്മുടേത്. ഈ അവസരം ഓര്‍മ്മ വന്നത് ലണ്ടനിലെ ബ്രിട്ടീഷ്ലൈബ്രറിയില്‍ കണ്ട സൂര്യകാന്തകല്ലുകളില്‍തിളങ്ങുന്നതുപോലെ ഗ്ലാസ്സിനുള്ളില്‍ പ്രകാശിക്കുന്ന 1215 ജൂണ്‍ 10-15 തീയതികളില്‍തേംസിലെ റണ്‍നിമീഡില്‍വെച്ച്ജോണ്‍ രാജാവ് (1199-1216) ഒപ്പുവെച്ച ലോകപ്രശസ്ത ‘മാഗ്നകാര്‍ട്ട (മഹത്തായചാര്‍ട്ടര്‍)’. ബ്രിട്ടീഷുകാര്‍മുത്തുമണികള്‍പോലെകാണുന്ന ഭരണഘടന ഇംഗ്ലീഷ് സ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാന പ്രമാണ-പ്രസ്താവനയായിഒരു പോറലുമേല്‍ക്കാതെ 2023 ലും സംരക്ഷിക്കുന്നു. നമ്മുടെ ഭരണഘടനയുടെ ശില്പി അംബേദ്കര്‍ ആണെങ്കിലും അത് കൈ കൊണ്ടെഴുതിയത് പ്രേം ബിഹാരി നരേന്‍ ആണ്. ഒരു പൈസ പ്രതിഫലം വാങ്ങാതെയാണ് എഴുതിയത്. പ്രതിഫലമായി ആവശ്യപ്പെട്ടത് എല്ലാ പേജുകളിലും ‘പ്രേം’ എന്നെഴുതണം. മൊത്തം 250 പേജുകള്‍, 3.75 കിലോ ഭാരം, രണ്ടര വര്‍ഷക്കാലമെടുത്താണ് എഴുത്ത് പൂര്‍ത്തീകരിച്ചത്. എത്ര മഹത്വമുള്ള ഭരണഘടനയുണ്ടാക്കിയാലും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാത്ത ഭരണഘടനകള്‍ ആര്‍ക്കു വേണ്ടിയാണ്?

ലോക രാജ്യങ്ങള്‍ പ്രകൃതിയുടെ അരക്ഷിതത്വ ബോധത്തില്‍ നിന്ന് അവരുടെ പൗരന്മാര്‍ക്ക് നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ മനുഷ്യാവകാശ പ്രമാണങ്ങളിലേക്ക് കടന്നുവരുന്ന ഉടമ്പടികളാണ് ഭരണഘടനകള്‍ നല്‍കുന്നത്. ഭാരതത്തിന്‍റെ ഭരണഘടന നവംബര്‍ 26 ന് അംഗീകരിക്കപ്പെട്ടങ്കിലും അത് നിലവില്‍ വന്നത് 1950 ജനുവരി 26 നാണ്. ഭാരതം ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണ്. ഇന്ത്യയുടെ സ്വാതന്ത്യ സമര സേനാനിയും ഭാരതത്തിന്‍റ ഭരണഘടന ശില്പിയുമായ ഡോ. അംബേദ്കര്‍ 1947 ഓഗസ്റ്റ് 29 ന് ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ അംഗമായിരുന്നു. ഭരണഘടനാ നിര്‍മാണ സഭയില്‍ അദ്ദേഹം വെളിപ്പെടുത്തിയ ചില വാക്കുകള്‍ ഇന്ന് പ്രസക്തമാണ്. ‘നമ്മുടെ രാഷ്ട്രീയ ധാര്‍മ്മികത ഒരിക്കലും സ്വയംഭു ആകുന്നില്ല. അത് നാം സ്വയം ആര്‍ജ്ജിക്കേണ്ടതാണ്. ജനങ്ങള്‍ അത് സ്വന്തമാക്കിയിട്ടില്ല. അടിസ്ഥാനപരമായി, ജനാധിപത്യത്തിന് വളക്കൂറില്ലാത്ത ഇന്ത്യന്‍ മണ്ണില്‍ അത് മുകള്‍പരപ്പില്‍ ഒതുങ്ങി നില്‍ക്കുന്നു’. ഈ ചോദ്യം നമ്മുടെ ഭരണഘടനയുടെ മൗലികാവകാശങ്ങളോടുള്ള ചോദ്യമാണ്.

ആധുനിക കാലത്തെ മുന്നില്‍ കണ്ടാണ് അംബേദ്ക്കര്‍ ഭാരതീയന്‍റെ രാഷ്ട്രീയ ധാര്‍മ്മികതയെപ്പറ്റി പറഞ്ഞത്. ഇന്ന് രാഷ്ട്രീയ രംഗത്ത് നടക്കുന്ന അധാര്‍മ്മികത മനുഷ്യരുടെ മനസ്സും ജീവിതവും വളരെയധികം സങ്കീര്‍ണ്ണമാക്കിക്കൊണ്ടിരിക്കുന്നു. മനുഷ്യര്‍ രാഷ്ട്രീയക്കാരുടെ ഇരകളായിമാറുന്നു. എന്‍റെ നാട്ടിലും എനിക്ക് അങ്ങനെയുള്ള അനുഭവമുണ്ട്. ഈ കൂട്ടരേ കണ്ടുകൊണ്ടാണോ നാടകകൃത്ത് ബര്‍ണാഡ്ഷാ പറഞ്ഞത് ‘അയാള്‍ക്കൊന്നുമറിയില്ല. എല്ലാം അറിയാമെന്നാണ് ഭാവം. പക്ഷേ ഒന്നുമറിയില്ല’ ഈ കൂട്ടരാണ് അധികാരം നിലനിര്‍ത്താന്‍ വളരെ സമൃദ്ധമായി ജാതിമതങ്ങളെ കൂട്ടു പിടിക്കുന്നത്. വെള്ളത്തിലെ കുമിളകള്‍ പോലെ ജഡിക സുഖഭോഗങ്ങളില്‍ മിന്നിത്തിളങ്ങുന്ന ഈ കൂട്ടരേ പലരും തിരിച്ചറിയുന്നില്ല. ഭരണഘടനയനുശാസിക്കുന്ന സാമൂഹ്യ നീതി പാവങ്ങള്‍ക്ക് ലഭിക്കുന്നില്ല. മണ്‍മറഞ്ഞ ജന്മി -കുടിയാന്‍ സമ്പ്രദായം ഇന്ന് പല രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. അധികാര സ്ഥാനങ്ങളിലെങ്ങും ഇന്ന് ഭുപ്രഭുത്വം നിലനില്‍ക്കുന്നു.

ഏത് ഭരണകൂടങ്ങളും നിലനില്‍ക്കുന്നത് അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ്. പൗരന്മാര്‍ സുഖമായും സന്തോഷമായും സമാധാനമായും സമൂഹത്തില്‍ ജീവിക്കണം. സത്യത്തില്‍ ഭാരതീയരുടെ ഭരണഘടനക്ക് മുന്നില്‍ ആരൊക്കെയാണ് അന്ധാളിച്ച് നില്‍ക്കുന്നത്? പ്രാചീന കാലങ്ങളില്‍ ചൂഷക വര്‍ഗ്ഗവും ചൂഷിത വര്‍ഗ്ഗവും അരങ്ങ് വാണിരുന്നു. അന്നത്തെ സാമൂഹ്യ വൈകൃതം ഇന്നും ഭാരതത്തിലെങ്ങും തലപൊക്കിയിരിക്കുന്നു. ജാതിവ്യവസ്ഥിതികള്‍ എങ്ങും തഴച്ചു വളരുന്നു. അംബേദ്ക്കര്‍ പഠിക്കുന്ന കാലത്തും ഇതനുഭവിച്ച വ്യക്തിയാണ്. മുംബൈയിലെ മറാത്ത സ്കൂളില്‍ പഠിക്കുന്ന കാലം അദ്ധ്യാപകന്‍ ക്ലാസ് മുറിയിലെ ബ്ലാക്ക് ബോര്‍ഡില്‍ കണക്കെഴുതാന്‍ അംബേദ്ക്കറെ ക്ഷണിച്ചു. മേല്‍ജാതിയില്‍പ്പെട്ട കുട്ടികള്‍ അതിനെ എതിര്‍ത്തു. കാരണം മറ്റൊന്നുമല്ല, ബോര്‍ഡിനടുത്തിരിക്കുന്ന അവരുടെ ഭക്ഷണപ്പൊതികള്‍ അശുദ്ധമാകുമോ എന്ന ഭയം. ഒരു കുട്ടിയുടെ ഉള്ളിലെ വിങ്ങല്‍, ഗുരുനാഥന്‍റെ നിസ്സഹായവസ്ഥ വെളിപ്പെടുന്നു. ഇത് സങ്കല്‍പ്പത്തിലുള്ളതോ കെട്ടിച്ചമച്ച കഥയോയല്ല. നമ്മുടെ നാട്ടിലും ഇങ്ങനെയുള്ള അജ്ഞതകള്‍ നിലനിന്നിരുന്നു.

ആത്മീയ പാഠങ്ങള്‍ പഠിപ്പിക്കുന്ന മതസ്ഥാപനങ്ങളിലും ഈ വിഭാഗീയതയുണ്ട്. ഇവരാണ് ദേവാലയങ്ങളില്‍ ആത്മാവില്‍ ആരാധന നടത്തി ജഡത്തില്‍ സന്തോഷിക്കുന്നത്. മനുഷ്യമനസ്സ് ആത്മീയ ചിന്തകളില്‍ നിറയപ്പെടുന്നത് മറ്റുള്ളവരുടെ വേദനയില്‍ പങ്കുചേരുമ്പോഴാണ്. മനുഷ്യനെ സ്നേഹിക്കാത്തവന്‍ എങ്ങനെയാണ് ഈശ്വരനെ സ്നേഹിക്കുന്നത്? ഈ കൂട്ടര്‍ പൊള്ളയായ ആരാധനകള്‍ എന്തിനാണ് നടത്തുന്നത്? ജാതിമത വേലിക്കെട്ടുകളില്‍ പാര്‍ക്കുന്നവര്‍ക്ക് എന്തുകൊണ്ടാണ് ദുഷ്ട ചിന്തകളുണ്ടാകുന്നത്? ഇവരിലെ പ്രത്യാശ നഷ്ടപ്പെടുത്തുന്നത് ആരാണ്? പ്രത്യാശയെന്നാല്‍ നാം പ്രതീക്ഷിക്കുന്ന ഒരാഗ്രഹത്തെ താലോലിക്കലാണ്. ഈശ്വര വിശ്വാസികള്‍ മറ്റുള്ളവര്‍ക്ക് മുറിവുകള്‍ നല്‍കുന്നവരല്ല. ദുര്‍ബലരെ മാറോട് ചേര്‍ക്കുന്നവരാണ്. എന്നിട്ടുമെന്താണ് ഭാരതീയര്‍ ജാതി ചിന്തകളില്‍ പരസ്പരം അമ്പരപ്പോടെ നോക്കുന്നത്?

നമ്മുടെയുള്ളിലെ നരകതുല്യമായ മതഭ്രാന്ത് മാറ്റിയാല്‍ നമ്മുടെ ഭരണഘടനയ്ക്ക് ജീവനും ശക്തിയുമുണ്ടാകും. ലോകം മുഴുവന്‍ അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യം ഇന്ന് ഭരിക്കുന്നത് ഒരു ഹിന്ദു ഇന്ത്യന്‍ വംശജനാണ്. ക്രിസ്തീയ രാജ്യമായ ബ്രിട്ടന്‍ അതിനെ വൈകാരികമായി കാണുന്നില്ല. അത് സ്നേഹത്തിന്‍റെ കരസ്പര്‍ശമാണ്, കരുണയുടെ ആഴങ്ങളാണ്. ജനാധിപത്യത്തിന്‍റെ മഹത്വമാണ്. പള്ളികളും പട്ടണങ്ങളും ജാതിമത ഭൂതങ്ങളൊന്നും അവരുടെ ഹൃദയത്തില്‍ കുടികൊള്ളുന്നില്ല. ഭാരതത്തില്‍ ഭാരതീയ പൗരനായ ഒരു വിദേശ ക്രിസ്തിയാനിയെ പ്രധാന മന്ത്രിയാക്കുമോ? ഇതിലൂടെ വെളിപ്പെടുന്നത് സര്‍‌വ്വ ദേശീയത മാത്രമല്ല മനുഷ്യര്‍ ജനാധിപത്യ ത്തിലും സ്വാതന്ത്ര്യത്തിലും ജീവിക്കണമെന്നുള്ളതാണ്. ഏത് ഭരണഘടനയുടെയും ലക്ഷ്യം പൗരന്‍റെ ആത്മസംതൃപ്തിയാണ്. മനുഷ്യര്‍ തമ്മില്‍ ജാതി തിരിച്ചുള്ള ഭിന്നതകള്‍ ഇവിടെയില്ല. പാശ്ചാത്യര്‍ പഠിച്ചത് മതങ്ങള്‍, ദൈവങ്ങള്‍ മനുഷ്യരുടെ കളിമണ്‍ പാത്രങ്ങളായിട്ടാണ്. അതിന്‍റെയര്‍ത്ഥം അവര്‍ നിരീശ്വര വാദികള്‍ എന്നല്ല. നല്ലൊരു വിഭാഗം ക്രിസ്തുവിന്‍റെ നന്മകള്‍ ചെയ്തു ജീവിക്കുന്നു. ജാതിമതങ്ങള്‍ ഇവരെ വേട്ടയാടുന്നില്ല. ഇവരുടെ ആഴത്തിലുള്ള വായനയും ഉന്നതമായ ആത്മബോധവും പുരോഗമന ശാസ്ത്രബോധത്തിലേക്ക് വഴി നടത്തുന്നു.

ആധുനിക ഭാരതത്തിന് നമ്മുടെ ഭരണഘടനാ ശില്‍പികള്‍ തുഴയെറിഞ്ഞത് സ്വാതന്ത്യ, സമത്വ, സഹോദര്യത്തിനെങ്കില്‍ ഉപരി വര്‍ഗ്ഗത്തിന്‍റെ മാടമ്പിത്തരങ്ങള്‍ക്ക് പാവങ്ങള്‍ എന്തുകൊണ്ടാണ് ഇരകളാകുന്നത്? മനുഷ്യര്‍ സ്വതന്ത്രരായി ജനിക്കുന്നുണ്ടെങ്കിലും ജാതിമതങ്ങളാല്‍ എന്തുകൊണ്ടാണ് ബന്ധിക്കുന്നത്? സത്യവും നീതിയും പൗരന്മാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ഒരുപോലെ ബാധകമാകാത്തത് എന്തുകൊണ്ടാണ്? സര്‍ക്കാര്‍ ഉദ്യോഗസ്ഥരായാലും ഭരണകര്‍ത്താക്കളായാലും എങ്ങനെയാണവര്‍ സമ്പന്നരാകുന്നത്? ഇത് വിലപ്പെട്ട വോട്ടു കൊടുക്കുന്നവര്‍ ചിന്തിക്കേണ്ടതല്ലേ?ഒരു സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്നവരെ നല്ല ഭരണാധിപന്മാര്‍ എന്നു വിളിക്കപ്പെടും. ഭാരതത്തിന്‍റ ഭരണഘടന ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരായി മാറുന്നുണ്ടോ?

Print Friendly, PDF & Email

Leave a Comment

More News