പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ സഹോദരങ്ങളുടെ വീടുകളില്‍ എന്‍ ഐ എ റെയ്ഡ്

കാസർകോട്: രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് കാസർകോട് ജില്ലാ പ്രസിഡന്റായിരുന്ന സി.ടി.സുലൈമാന്റെ സഹോദരങ്ങളുടെ വീടുകളില്‍ എന്‍ ഐ എ റെയ്ഡ് നടത്തി. രാവിലെ ആറു മണിക്ക് തുടങ്ങിയ പരിശോധന നാലു മണിക്കൂറോളം നീണ്ടു.

മെട്ടമ്മൽ ബീച്ച് റോഡിലെ സഹോദരിയുടെ വീട്ടിലും ഉടുമ്പുന്തലയിലുള്ള സഹോദരന്റെ വീട്ടിലും പരിശോധന നടത്തി. രാവിലെ സഹോദരിയുടെ വീട്ടിലാണ് എൻഐഎ ആദ്യം എത്തിയത്. രണ്ട് വാഹനങ്ങളിലായാണ് സംഘം എത്തിയത്. വീടു മുഴുവന്‍ പരിശോധിച്ചു. അതിന് ശേഷം സഹോദരിയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു. ശേഷമാണ് സഹോദരന്റെ വീട്ടിലേക്ക് മടങ്ങിയത്.

ഒരു മണിക്കൂറിലധികം സമയം സഹോദരന്റെ വീട്ടിലും പരിശോധന നടത്തി. കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുത്തു. അതേസമയം, പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. ഇവരുടെ വീടുകളിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. പോലീസിനെപ്പോലും വിവരം അറിയിക്കാതെയായിരുന്നു എന്‍ ഐ എ സ്ഥലത്തെത്തിയത്.

രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ വർഷം സെപ്തംബറിലാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് സുലൈമാനെ എന്‍ ഐ എ അറസ്റ്റു ചെയ്തത്. അന്ന് ഇയാളുടെ വീട്ടിൽ എൻഐഎ പരിശോധന നടത്തിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News