മലപ്പുറത്തുകാരായ ഞങ്ങളും നൽകുന്നത് നികുതി തന്നെയാണ്; തവിട് അല്ല

തെക്കൻ കേരളത്തിൽ നിന്ന് മലബാറിലേക്ക് എത്തുമ്പോൾ അടിസ്ഥാന വികസന വിഷയങ്ങളിൽ വലിയതോതിലുള്ള വിവേചനം നമുക്ക് കാണാനാകും.

അതിൽ കാലങ്ങളായി സുപ്രധാനമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മലബാറിലെ പ്ലസ്ടു സീറ്റ് വിവേചനം. വിദ്യാഭ്യാസ രംഗത്ത് എല്ലാ മേഖലയിലും മലബാറിൽ വിശിഷ്യാ മലപ്പുറത്ത് ഈ വിവേചനം നമ്മൾ കാണാമെങ്കിലും ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന വിഷയം എന്ന അർത്ഥത്തിൽ പ്ലസ് ടു വിഷയം വലിയ ചർച്ചയായി വരികയും ചെയ്യാറുണ്ട്.

കാലങ്ങളായി ഈ വേദന അനുഭവിക്കുകയും വലിയ സമര കോലാഹങ്ങൾക്ക് ശേഷം ചെറിയ ഓട്ടയടക്കൽ നടപടിയാ മാത്രമാണ് സർക്കാറുകൾ ചെയ്തു വരാറുള്ളത്.

ഹയർ സെക്കൻഡറി ഇല്ലാത്ത ഹൈസ്കൂളുകളിൽ ഹയർ സെക്കൻഡറി സ്കൂളുകൾ ആക്കി ഉയർത്തിയും ആവശ്യമുള്ള ബാച്ചുകൾ അനുവദിച്ചുമാണ് ഈ പ്രശ്നത്തെ പരിഹരിക്കേണ്ടത് എന്നിരിക്കെ നിലവിലുള്ള ക്ലാസ് റൂമുകളിലേക്ക് കുട്ടികളെ തള്ളി തിരുകി കയറ്റുക എന്നതാണ് കാലങ്ങളായി സർക്കാർ സ്വീകരിച്ചു വരുന്ന രീതി. ഇത്തവണ സമര കോലാഹങ്ങളെ ഒതുക്കാൻ വേണ്ടി ആ നീതി നിഷേധം നേരത്തെ നടപ്പിലാക്കി എന്ന് മാത്രമാണ് സംഭവിച്ചിട്ടുള്ളത്.

തെക്കൻ കേരളത്തിലെ സ്കൂളുകളിൽ ഒരു ക്ലാസ് റൂമിൽ 40 താഴെ ചില സ്കൂളുകളിൽ അതിനും താഴെ കുട്ടികൾ ഇരുന്നുകൊണ്ടിരിക്കുമ്പോൾ മലപ്പുറത്ത് പ്ലസ് ടു പഠിക്കാൻ ഒരു ക്ലാസ് റൂമിൽ 65 കുട്ടികൾ ഇരിക്കണം എന്നാണോ സർക്കാർ പറയുന്നത്.

ഇത്രയധികം കുട്ടികൾ ഒരു ക്ലാസ് റൂമിൽ ഇരിക്കുന്നത് കുട്ടികളുടെ അക്കാദമിക്ക് ലെവലിനെ ബാധിക്കുമെന്ന് ഉള്ളത് സർക്കാറിന്റെ തന്നെ പഠന റിപ്പോർട്ട് ആണ്. എന്തേ മലപ്പുറത്തിന് റിപ്പോർട്ട് ബാധകമല്ലേ, മലപ്പുറത്ത് കുട്ടികൾക്ക് അത്ര നിലവാരം മതി എന്നാണോ സർക്കാർ നിലപാട് എന്ന് വ്യക്തമാക്കണം.

തെക്കൻ കേരളത്തിലെ കുട്ടികൾക്ക് യഥേഷ്ടം അവരിഷ്ടപ്പെടുന്ന കോഴ്സുകൾ തെരഞ്ഞെടുക്കാനുള്ള ചോയ്സുകൾ ഉണ്ടാകുമ്പോൾ മലപ്പുറത്ത് കുട്ടിക്ക് സീറ്റിന്റെ അപര്യാപ്തത കൊണ്ട് അവർക്ക് താല്പര്യം ഉള്ള പഠന വിഷയം തിരഞ്ഞെടുക്കാൻ കഴിയാതെ പോവുകയും അവരുടെ ഭാവി തന്നെ പ്രയാസപ്പെടുകയും ചെയ്യുന്നുണ്ട്.

സർക്കാർ തന്നെ നിശ്ചയിച്ച പ്രൊഫസർ കാർത്തികേയൻ നായർ റിപ്പോർട്ട് എന്താണ് പുറത്തുവിടാത്തത്.

തെക്കൻ കേരളത്തിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ മലബാറിലേക്ക് മാറ്റുന്നതിന് എന്താണ് തടസ്സം എന്ന് സർക്കാർ പറയണം. പൊതുവിദ്യാഭ്യാസത്തെക്കുറിച്ചുള്ള വായിട്ടലക്കലുകളല്ല ഞങ്ങൾക്ക് വേണ്ടത്, പാർഹാരമാണ്.

കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള വിവേചനത്തിന്റെ വർത്തമാനം പറയുന്നവർ മലപ്പുറത്തോട് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന വിവേചനവും മറന്നു പോകരുത് എന്നാണ് പറയാനുള്ളത്.

മലപ്പുറത്തിന്റെ കുത്തക അവകാശപ്പെടുന്നവർക്കും ഈ നീതി നിഷേധത്തിനെതിരെ ശബ്ദിക്കാൻ കൂടുതൽ ബാധ്യതയുണ്ട്.

ഞങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിക്കുന്നവർക്ക് വോട്ടുള്ളൂ എന്ന് മലപ്പുറത്ത് ജനങ്ങൾ തുറന്നു പറയാൻ തയ്യാറാവണം.

സ്വാതന്ത്രസമരങ്ങൾക്ക്, അനീതിക്കെതിരെയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകിയ മണ്ണാണ് മലപ്പുറം. മലപ്പുറത്ത് ചെയ്തുകൊണ്ടിരിക്കുന്ന ഈ അനീതികൾക്കെതിരെ മുഴുവൻ മനുഷ്യരും എഴുന്നേറ്റു നിന്നുകൊണ്ട് ഒരു നിവർത്തന പ്രക്ഷോഭത്തിന് തയ്യാറാവേണ്ടതുണ്ട്.

Print Friendly, PDF & Email

Leave a Comment

More News