പത്തനംതിട്ട: ആരോഗ്യകരമായ ജീവിതത്തിനായി ധാരാളം ചെറുധാന്യങ്ങൾ ലഭിക്കുന്നതാണ് ഇരവിപേരൂർ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നത്. ചെറുധാന്യങ്ങളുടെ വൈവിധ്യമാർന്ന രുചികൾ ന്യൂട്രിഹബ് മില്ലറ്റ് കഫേയിൽ നിറഞ്ഞുനിൽക്കുന്നു. കാർഷിക വികസന, കർഷകക്ഷേമ വകുപ്പ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നെല്ലാട് പൊയ്കയിൽപടിയിൽ സ്ഥിതി ചെയ്യുന്ന ഈ കഫേ പ്രവർത്തിക്കുന്നത്.
ചെറുധാന്യ ഉൽപ്പന്നങ്ങൾ ഊണുമേശകളിൽ പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ന്യൂട്രിഹബ് മില്ലറ്റ് കഫേ കൃഷിക്കൂട്ട് ആണ് ഈ സംരംഭം ഏറ്റെടുത്തിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കൃഷി വകുപ്പിന്റെ പദ്ധതിയിലൂടെ സാധ്യമാക്കിയ സംസ്ഥാനത്തെ രണ്ടാമത്തെ മില്ലറ്റ് കഫേയാണിത്. 3 ലക്ഷം രൂപ ചെലവിൽ കൃഷി വകുപ്പ് നടപ്പിലാക്കിയ പദ്ധതിയുടെ മുഴുവൻ പേര് – വിളവെടുപ്പിനു ശേഷമുള്ള മാനേജ്മെന്റ് ആൻഡ് വാല്യൂ അഡിഷൻ എസ്റ്റാബ്ലിഷ്മെന്റ് ഓഫ് മില്ലറ്റ് കഫേ എന്നാണ്. 2024-25 ൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് സ്ഥാപനത്തിനായി 2,12,000 രൂപ ചെലവഴിച്ചു.
ചെറുധാന്യങ്ങളിൽ അടിസ്ഥാനമാക്കിയുള്ള വിഭവങ്ങൾ ദിവസത്തിൽ ഒരിക്കലെങ്കിലും സ്ഥിരം ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമമാണ് വിജയമാകുന്നത്. കാഴ്ച്ചയിൽ ചെറുതെങ്കിലും മില്ലറ്റുകൾ പോഷക മൂല്യത്തിൽ മുന്നിലാണ്. അരി, ഗോതമ്പ് എന്നിവയെ അപേക്ഷിച്ച് വളരെ ഉയർന്നതോതിൽ പ്രോട്ടീൻ, മിനറൽസ്, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു മില്ലറ്റുകളിൽ.
പോയകാലരുചികൾക്കൊപ്പം നവകാലആസ്വാദ്യതകൾക്കും ഒരേപോലെ ഇടമുണ്ട് കഫെയിലെ മെനുവിൽ. തുച്ഛമായ വിലയിൽ മില്ലറ്റിന്റെ രുചിഭേദങ്ങൾ വ്യത്യസ്ത വിഭവങ്ങളിലൂടെ തയ്യാറാക്കുന്നത് കഫെയിലെ തൊഴിലാളികളാണ്.
മില്ലറ്റ്പാനീയം, കൊഴുക്കട്ട, ഇലയട ഉൾപ്പെടെയുള്ള സ്‌നാക്ക്‌സ്, ഇടിയപ്പം, പാസ്ത, ന്യൂഡിൽസ് എന്നിവയ്ക്ക് പുറമെ ഉച്ചഭക്ഷണത്തിന് മില്ലറ്റ് മീൽസും തയ്യാർ. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ രാത്രി 6 വരെ കഫേ പ്രവർത്തിക്കും.
കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും നിയന്ത്രണത്തിലുള്ള നെല്ലാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഗ്രി സേഫ് പ്രീമിയം ഔട്‌ലെറ്റിൽ ചെറുധാന്യങ്ങളുടെ ഉൾപ്പെടെയുള്ള പ്രീമിയം ബ്രാൻഡഡ് കാർഷിക ഉൽപന്നങ്ങളും ലഭ്യമാണ്. നല്ല ഭക്ഷണം പ്രാദേശികമായി ലഭ്യമാക്കുന്നതിനോടൊപ്പം മില്ലറ്റ് കൃഷിക്കും പഞ്ചായത്ത് പ്രാധാന്യം നൽകുന്നു.
അഞ്ച് ഹെക്ടർ സ്ഥലത്ത് പ്ലോട്ടുകളായി മില്ലറ്റ് കൃഷിയും ഒരുക്കിയിട്ടുണ്ട്. കൃഷിഭവനിൽ നിന്ന് റാഗി, മണിച്ചോളം, കമ്പ് എന്നിവയുടെ വിത്തും സൗജന്യമായി നൽകിവരുന്നു. ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരിത്തിയിരിക്കുന്നത്. കൃഷി വകുപ്പ് ഒരു ഹെക്ടറിനു ഇരുപതിനായിരം രൂപയുടെ സബ്‌സിഡി സഹായവും മില്ലറ്റ് കൃഷിക്ക് നൽകുന്നു.
ഏത് മണ്ണിലും വളരാനും പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനും കഴിയുന്ന ചെറുധാന്യങ്ങൾക്ക് പരിചരണം വളരെ കുറവാണ്. അധികം വെള്ളം ആവശ്യമില്ലാത്തതിനാൽ കർഷകർക്ക് ആശ്വാസവും ലഭിക്കുന്നു. പഞ്ചായത്തിലെ ഏകദേശം 20-30 കർഷകർ അഞ്ച് സെന്റും അതിൽ കൂടുതലുമുള്ള പ്ലോട്ടുകളിൽ ചെറുധാന്യങ്ങളുടെ ഉപയോഗവും കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിന് ലഭ്യമായ എല്ലാ സേവനങ്ങളും കൃഷിഭവന്റെ സഹായത്തോടെ നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ള പറഞ്ഞു.
പി ആര്‍ ഡി, കേരള സര്‍ക്കാര്‍