പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേൽക്കാൻ വെളിച്ചം നോർത്ത് അമേരിക്ക ഒരുങ്ങി. മലയാളി മുസ്ലിം സമൂഹത്തിൻ്റെ ആത്മീയ വളർച്ചയെ സഹായിക്കുന്ന തരത്തിൽ വിവിധ പരിപാടികളാണ് വെളിച്ചം ആസൂത്രണം ചെയ്തിട്ടുള്ളത്.
റമദാനിലെ എല്ലാ ശനിയാഴ്ചകളിലും ഈസ്റ്റേൺ സമയം ഉച്ചയ്ക്ക് 12 മണിക്ക് സെഷനുകളിൽ പണ്ഡിതൻമാരായ നാസർ അബ്ദുള്ള, അമീൻ മാഹി, ഇമാം യാസിർ ദ്വയാർ, അബ്ദുൽ ഹകീം നദ്‌വി, പി. മുജീബുർറഹ്മാൻ എന്നിവരാണ് വിഷയങ്ങൾ അവതരിപ്പിക്കുന്നത്. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി റമദാൻ പ്രോഗ്രാം കൺവീനർ സിറാജ് അബ്ദുറഹ്മാൻ പറഞ്ഞു.
വിശുദ്ധ ഖുർആനിലെ 45-ാമത്തെ അധ്യായമായ അൽ ജാസിയയെ അധികരിച്ചുള്ള ക്വിസ് പരിപാടി, അമേരിക്കയിലെ മലയാളി മുസ്ലിം സമൂഹത്തിനിടയിൽ ഖുർആൻ പഠനം പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
ഇസ്ലാമിക മൂല്യങ്ങളുടെ അടിസ്ഥാനങ്ങളിലൊന്നായ ചാരിറ്റിപ്രവർത്തനങ്ങളും വെളിച്ചം ചെയ്യുന്നുണ്ട്. “നർച്ചർ ലൈഫ്” എന്ന ടൈറ്റിലിൽ ഓർഫൻ കെയർ, ഡിസബിലിറ്റി കെയർ തുടങ്ങിയ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങാകുന്ന വിവിധ പദ്ധതികൾക്കാണ് ഇപ്രാവശ്യം ഊന്നൽ നൽകുന്നത്.
ഇതുകൂടാതെ യുഎസിലെയും കാനഡയിലെയും വിവിധ പ്രദേശങ്ങളിൽ സമൂഹ ഇഫ്താറുകളും വെളിച്ചം മദ്രസയിലെ കുട്ടികൾക്ക് പ്രത്യേകമായ മത്സര പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
നോർത്ത് അമേരിക്കൻ സമൂഹത്തിൽ ജീവിക്കുന്ന മലയാളി മുസ്ലിങ്ങൾക്ക് ആത്മീയവും ഭൗതികവുമായ മാർഗ്ഗനിർദ്ദേശവും പകരാൻ വെളിച്ചത്തിൻ്റെ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് വെളിച്ചം നോർത്ത് അമേരിക്ക പ്രസിഡൻ്റ് സലിം ഇല്ലിക്കൽ പ്രസ്താവിച്ചു.
കൂടുതൽ വിവരങ്ങൾക്ക് info@velichamna.org എന്ന ഇമെയിൽ വിലാസത്തിലോ 864-391-2858 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.