ഹിന്ദുത്വ വംശീയതക്കെതിരെ വിശാല സൗഹൃദ കൂട്ടായ്മ രൂപപ്പെടണം: റസാഖ് പാലേരി

കൊച്ചി: രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ജനങ്ങളെ വംശീയമായി ഉന്മൂലം ചെയ്യാൻ ശ്രമിക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിനെതിരെ വിശാല സൗഹൃദ കൂട്ടായ്മ രൂപപ്പെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സാഹോദര്യ കേരള പദയാത്രക്ക് മട്ടാഞ്ചേരി കരിപ്പാലം മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന റദ്ദാക്കി രാജ്യത്ത് സംഘ് രാഷ്ട്ര നിർമിക്ക് ശ്രമിക്കുന്നവരാണ് ഇപ്പോൾ കേന്ദ്ര ഭരണം നടത്തുന്നത്. ഇന്ത്യയിൽ 2014-ന് ശേഷം ദളിത് – ക്രൈസ്തവ – മുസ്‌ലിം ജീവിതങ്ങൾ വംശീയ ഉന്മൂലന മുനമ്പിലാണ്. നിയമനടപടികളിലൂടെയും ബുൾഡോസർ രാജിലൂടെയും ഇന്ത്യയെ തകർക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ഭരണഘടന നിലനിർത്തി കൊണ്ട് ഭീകര നിയമങ്ങൾ അടിച്ചേൽപിക്കുന്ന ആസൂത്രിത നീക്കമാണ് നടക്കുന്നത്. സി.എ.എയും വഖ്ഫ് ഭേദഗതി നിയമവും അതിൻ്റെ ഉദാഹരണങ്ങളാണ്.

ഇതിനെതിരെ മതേതര ഇന്ത്യക്കായി ജനാധിപത്യ പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി പോരാടണം. അഭിപ്രായ വ്യത്യാസങ്ങൾ ഉൾക്കൊള്ളാനും വിശാല ഐക്യവേദിയിൽ ഒറ്റക്കെട്ടായി ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയ മുന്നേറ്റം നടത്താനും സാധിക്കണം. സംഘ്പരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തെ തടഞ്ഞു നിർത്താൻ സംസ്ഥാന സർക്കാറിന് ഉത്തരവാദിത്തമുണ്ട്. സംഘ് പരിവാറിന് അവസരം നൽകുന്ന സമീപനം സ്വീകരിക്കുന്നതിൽ നിന്നും പിണറായി സർക്കാർ പിൻമാറണം. വൈക്കം സത്യാഗ്രഹവും പന്തിഭോജനവും ഉൾപ്പെടെയുള്ള നവോഥാന പോരാട്ടങ്ങളെ കേരള സമൂഹം നിരന്തരം പങ്കുവെച്ച് കൂടുതൽ സാഹോദര്യത്തോടെ മുന്നോട്ടു പോകാൻ കഴിയണം. പദയാത്ര മുന്നോട്ടു വെക്കുന്ന സന്ദേശം അതാണ്.

സാമൂഹിക നീതിയുടെ സുപ്രധാന ആശയം തന്നെ നാടിൻ്റെ സന്തുലിതമായ വികസനമാണ്. കൊച്ചി നഗരത്തിൻ്റെ വികസനത്തിന് സമഗ്രവും ദീർഘവീക്ഷണമുള്ളതുമായ പദ്ധതികളാണ് ആവശ്യം. പശ്ചിമ കൊച്ചിയിലെ ഭവനരഹിതരുടെയും ഭൂരഹിതരുടേയും പ്രശ്നങ്ങൾ അടിയന്തമായി പരിഹരിക്കാൻ ഉള്ള പദ്ധതി സർക്കാർ കാണണം. കെ.എസ്.ആർ.ടി.സി പോലുള്ള പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം, ജില്ലാ പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി, ജില്ലാ ജനറൽ സെക്രട്ടറി എം കെ ജമാലുദ്ദീൻ, കൊച്ചി മണ്ഡലം പ്രസിഡൻറ് നസീർ അലിയാർ, സെക്രട്ടറി ആഷിക്, വൈസ് പ്രസിഡണ്ട് സി.കെ. നവാസ് തുടങ്ങിയവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News