കൂട്ടിലങ്ങാടി : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയ്ക്ക് മങ്കട മണ്ഡലത്തിൽ സ്വീകരണം നൽകുന്നതിനായി കുട്ടിലങ്ങാടിയിൽ സ്വാഗതസംഘം ഓഫീസ് തുറന്ന് പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം പാർട്ടി മണ്ഡലം പ്രസിഡണ്ടും സ്വാഗതസംഘം ചെയർമാനുമായ കെ പി ഫാറൂഖ് നിർവഹിച്ചു.
മെയ് 14 ന് മക്കരപ്പറമ്പ് നിന്നും കൂട്ടിലങ്ങാടിയിലേക്ക് ആയിരക്കണക്കിന് പ്രതിനിധികൾ അനുഗമിക്കുന്ന പദയാത്ര വർണ്ണാഭമായ കലാ ആവിഷ്കാരങ്ങൾ കൊണ്ട് ശ്രദ്ധേയമായിരിക്കുമെന്ന് മണ്ഡലം ഭാരവാഹികൾ അറിയിച്ചു. മണ്ഡലത്തിൽ പദയാത്ര കൂട്ടിലങ്ങാടിയിലെ പൊതുസമ്മേളനത്തോടു കൂടി സമാപിക്കും.
ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറിയും സ്വാഗതസംഘം ജനറൽ കൺവീനറുമായ മുഖീമുദ്ദീൻ സി എച്ച് അധ്യക്ഷത വഹിച്ചു.
ഹൈദരലി പി., ഉബൈബ ടീച്ചർ, സലാം മാസ്റ്റർ സി എച്ച് എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു. കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് നാസർ മാസ്റ്റർ സ്വാഗതവും സെക്രട്ടറി ജാഫർ സി എച്ച് നന്ദിയും പറഞ്ഞു.