തിരുച്ചിറപ്പള്ളി: തമിഴ്‌നാട് നാഷണൽ ലോ യൂണിവേഴ്‌സിറ്റി (ടിഎൻഎൻഎൽയു) വൈസ് ചാൻസലർ വി. നാഗരാജിന്റെ വിവാദ പ്രസ്താവന കാമ്പസിൽ വലിയ പ്രതിഷേധത്തിന് കാരണമായി. “ഷോർട്ട്‌സ് ധരിക്കുന്ന പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ക്ഷണിക്കുകയും മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുന്നു” എന്ന വൈസ് ചാൻസലറുടെ പ്രസ്താവനയാണ് വന്‍ വിവാദത്തിന് തിരികൊളുത്തിയത്. പ്രസ്താവനയിൽ രോഷാകുലരായ വിദ്യാർത്ഥികൾ വ്യാഴാഴ്ച രാത്രി മുഴുവൻ കാമ്പസിൽ പ്രതിഷേധിക്കുകയും വൈസ് ചാന്‍സലര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
“വസ്ത്രങ്ങളെയല്ല, ചിന്തയെയാണ് കുറ്റപ്പെടുത്തേണ്ടത്” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർത്ഥികൾ വൈസ് ചാൻസലറുടെ മനോഭാവത്തെ ചോദ്യം ചെയ്തു. വിവാദം രൂക്ഷമാകുന്നത് കണ്ട ഒരു മുതിർന്ന സർവകലാശാല ഉദ്യോഗസ്ഥൻ അതിനെ “പിതൃതുല്യമായ ഉപദേശം” എന്ന് വിളിച്ചുകൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചു. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും സർവകലാശാലയുടെ പ്രശസ്തി മാത്രമാണ് താൻ മനസ്സിൽ വെച്ചതെന്നും വൈസ് ചാൻസലർ നാഗരാജ് പിന്നീട് വ്യക്തമാക്കി.
