തോല്പിക്കാനായിരുന്നു എന്നെ പേരാവൂരില്‍ മത്സരിപ്പിച്ചത്: കെ കെ ശൈലജ

കണ്ണൂർ: പേരാവൂരിൽ നിന്ന് തന്നെ മത്സരിപ്പിച്ചതിൽ കെ കെ ശൈലജ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. താൽപ്പര്യമില്ലാതിരുന്നിട്ടും മത്സരിക്കാൻ നിർബന്ധിതയായെന്നും താൻ വിജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു എന്നും അവര്‍ സെക്രട്ടേറിയറ്റിൽ തന്റെ പ്രതിഷേധം അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച കെ കെ ശൈലജയ്ക്ക് ഇത്തവണ പേരാവൂരിലെ സിപിഐ എം ശക്തികേന്ദ്രങ്ങളിൽ നിന്ന് പോലും വോട്ടുകൾ ലഭിച്ചില്ല. പായത്തിൽ ശൈലജയ്ക്ക് 1500 വോട്ടിന്റെ ഭൂരിപക്ഷം പോലും ലഭിച്ചില്ല. ഇവിടെ നിന്ന് 3000 ൽ അധികം വോട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

അതേസമയം, പിണറായി വിരുദ്ധ വികാരമാണ് തോൽവിക്ക് കാരണമെന്ന് സിപിഐ വിലയിരുത്തി. സംസ്ഥാനത്തെ പിണറായി വിരുദ്ധ വികാരം യുഡിഎഫിന് അനുകൂലമായെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടി. വെള്ളാപ്പള്ളി നടേശനെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുകയും വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തു എന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

ഒരു ഘട്ടത്തിലും മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനെ വിമർശിച്ചില്ല. കൂടാതെ, അദ്ദേഹം ‘വീട്ടിൽ പോയി ചോദിക്കൂ’, ‘ഡാഷ് മോന്‍’, ‘ചെറ്റത്തരം’ എന്നീ സംസ്ക്കാരശൂന്യമായ ഭാഷ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. ചോദ്യങ്ങള്‍ക്ക് ധാര്‍ഷ്ട്യ മനോഭാവത്തോടെ പ്രതികരിച്ചതും, ഗൗരവമായ കാര്യങ്ങളെ നിസ്സംഗതയോടെ നോക്കിക്കണ്ടതും പിണറായി വിജയന്റെ പതിവ് ശൈലിയായി. ദുരുദ്ദേശ്യപരമായ പരാമർശങ്ങളും പാർട്ടിയിലെ എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയ രീതിയും തിരിച്ചടിയായി എന്ന വിലയിരുത്തലുമുണ്ടായി.

Leave a Comment

More News