മന്ത്രിസഭാ രൂപീകരണം: സുപ്രധാന വകുപ്പുകള്‍ക്കായി ചരടു വലി സജീവം; കുഞ്ഞാലിക്കുട്ടിയും ബഷീറും ഷാജിയും മന്ത്രിസഭയില്‍ ഇടം പിടിക്കുമോ?

മലപ്പുറം: മുസ്ലിം ലീഗിൽ മന്ത്രി സ്ഥാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ ‘നിയുക്ത മന്ത്രിമാർ’ എന്ന് വിശേഷിപ്പിച്ച് പ്രവർത്തകർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. കെ.എം. ഷാജിയെയും പി.കെ. ബഷീറിനെയും അഭിനന്ദിക്കുന്ന ഫ്ലക്സ് അരീക്കോട് പ്രത്യക്ഷപ്പെട്ടു. “നിയുക്ത മന്ത്രിക്ക് അഭിവാദ്യങ്ങള്‍’ എന്ന കുറിപ്പോടെയാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പി കെ ബഷീറിനെ പിന്തുണച്ച് ഫ്ലെക്സ് സ്ഥാപിച്ചതിന് ശേഷം, അരീക്കോട് കെ എം ഷാജിക്കായി സമാനമായ ബോർഡുകൾ ഉയർന്നു. അതേസമയം, മന്ത്രിമാരാകുമെന്ന് ഉറപ്പായ ലീഗ് നേതാക്കളും പ്രധാനപ്പെട്ട വകുപ്പുകൾ ഉറപ്പാക്കുന്നതിൽ സജീവമായി രംഗത്തുണ്ട്. വ്യവസായം, ഐടി, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകൾ പി കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചരിത്ര ഭൂരിപക്ഷത്തോടെ വിജയിച്ച കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

അതേസമയം, വർഷങ്ങളായി മുസ്ലീം ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് കൈമാറാൻ കഴിയില്ലെന്ന് ലീഗ് നേതൃത്വം നിലപാടെടുത്തിട്ടുണ്ട്. വകുപ്പ് ലീഗ് തന്നെ തുടരണമെന്നുള്ള വാദവും ശക്തമായി. എൻ ഷംസുദ്ദീനും ആബിദ് ഹുസൈനും വിദ്യാഭ്യാസ മന്ത്രിമാരായി പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. പാറക്കൽ അബ്ദുള്ളയ്‌ക്കോ എ കെ എം അഷ്‌റഫിനോ തദ്ദേശ സ്വയംഭരണ വകുപ്പ് ലഭിച്ചേക്കാമെന്നും അഭിപ്രായപ്പെടുന്നുണ്ട്.

Leave a Comment

More News